
ന്യൂഡൽഹി: കര, നാവിക, വ്യോമസേനകൾക്ക് കരുത്തേകാൻ 79,000 കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അംഗീകാരം നൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അദ്ധ്യക്ഷതയിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് ഇടപാടുകൾക്കുള്ള എ.ഒ.എൻ (അസെപ്‌റ്റൻസ് ഓഫ് നെസിസിറ്റി) അനുമതി നൽകിയത്.
കരസേനയിൽ ആർട്ടിലറി റെജിമെന്റുകൾക്കുള്ള ലോയിറ്റർ മുനിഷൻ സിസ്റ്റം (ശത്രു ലക്ഷ്യങ്ങളെ നശിപ്പിക്കാനുള്ള ഡ്രോൺ), ലോ ലെവൽ ലൈറ്റ് വെയ്റ്റ് റഡാറുകൾ (താഴ്ന്ന് പറക്കുന്ന ചെറിയ ഡ്രോണുകളും മറ്റും കണ്ടെത്താൻ), പിനാക്ക മിസൈൽ സംവിധാനത്തിനുള്ള ദീർഘദൂര റോക്കറ്റ് ഘടകങ്ങൾ, ശത്രു ഡ്രോണുകളെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള ഇന്റഗ്രേറ്റഡ് ഡ്രോൺ ഡിറ്റക്ഷൻ ആൻഡ് ഇന്റർഡിക്ഷൻ സിസ്റ്റം (എം.കെ-II) എന്നിവയാണ് ഇടപാടിലുള്ളത്.
നാവികസേനക്കായി കപ്പലുകളുടെയും അന്തർവാഹിനികളുടെയും ബർത്തിംഗിന് ബൊള്ളാർഡ് പുൾ ടഗ്ഗുകൾ (കൊളുത്തുകൾ), ആശയവിനിമയത്തിനുള്ള ഹൈ ഫ്രീക്വൻസി സോഫ്റ്റ്‌വെയർ ഡിഫൈൻഡ് റേഡിയോകൾ (എച്ച്.എഫ്.എസ്.ഡി.ആർ) മാൻപാക്ക് എന്നിവ വാങ്ങും. ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ നിരീക്ഷണത്തിനുള്ള ഹൈ ആൾട്ടിറ്റ്യൂഡ് ലോംഗ് റേഞ്ച് (എച്ച്.എ.എൽ.ഇ) റിമോട്ട്‌ലി പൈലറ്റഡ് ഡ്രോണുകൾ (ആർ.പി.എ.എസ്) പാട്ടത്തിനെടുക്കാനും അനുമതി നൽകി.
തേജസ് പൈലറ്റുമാർക്ക് ഫുൾ മിഷൻ സിമുലേറ്റർ
ഏതു കാലാവസ്ഥയിലും വ്യോമസേന യുദ്ധവിമാനങ്ങളുടെ പ്രവർത്തനം കൃത്യമാക്കാൻ ഓട്ടോമാറ്റിക് ടേക്ക്-ഓഫ് ലാൻഡിംഗ് റെക്കാഡിംഗ് സിസ്റ്റം, ശത്രുവിമാനങ്ങളെ തകർക്കാനുള്ള അസ്ത്ര എം.കെ-II മിസൈലുകൾ, തേജസ് പൈലറ്റുമാരുടെ പരിശീലനത്തിന് ഫുൾ മിഷൻ സിമുലേറ്റർ, വ്യോമസേനയുടെ അക്രമവീര്യം കൂട്ടാൻ ഇസ്രയേൽ നിർമ്മിത സ്പൈസ്-1000 ബോംബ് കിറ്റുകൾ എന്നിവയുയെ ഇടപാടുകൾക്കും അനുമതി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |