ന്യൂഡൽഹി: ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് വികസിപ്പിച്ച ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്സിന്റെ മനുഷ്യരിലെ രണ്ടം ഘട്ട പരീക്ഷണം അടുത്തമാസം നടക്കുമെന്ന് റിപ്പോർട്ട്. നിലവിൽ 12 കേന്ദ്രങ്ങളിലായി ആദ്യ ഘട്ട പരീക്ഷണം പുരോഗമിക്കുകയാണ്.
ഡല്‍ഹി എയിംസ് ഒഴികെയുള്ള 11 കേന്ദ്രങ്ങളില്‍ വാക്സിന്റെ ഒന്നാംഘട്ട പരീക്ഷണം പൂര്‍ത്തിയായിട്ടുണ്ട്. ഒന്നാംഘട്ട പരീക്ഷണത്തിനായി എയിംസ് 16 പേരെ മാത്രമേ റിക്രൂട്ട് ചെയ്തിട്ടുള്ളൂ. എന്നിരുന്നാലും രണ്ടാംഘട്ട പരീക്ഷണങ്ങള്‍ സെപ്റ്റംബര്‍ ആദ്യവാരം തുടങ്ങാൻ കഴിയുമെന്നാണ് എയിംസിന്റെ പ്രതീക്ഷ.
തുടക്കത്തിൽ, എയിംസ് വാക്സിൻ പരീക്ഷണത്തിനായി 100 പേരെയായിരുന്നു തീരുമാനിച്ചിരുന്നത്. 12 കേന്ദ്രങ്ങളിലായി ഒന്നാം ഘട്ടത്തിൽ 375 പേരെ ഉൾപ്പെടുത്താനായിരുന്നു അധികൃതർ നിശ്ചയിച്ചിരുന്നത്. കൊവിഡ് വാക്സിന്റെ രണ്ടാം ഘട്ട മനുഷ്യ പരീക്ഷണം സെപ്തംബർ ആദ്യവാരം ആരംഭിക്കുമെന്ന് എയിംസ് വൃത്തങ്ങൾ അറിയിച്ചു. ഒന്നാം ഘട്ടത്തിലെ പരീക്ഷണ ഫലവും ഉടൻ സമർപ്പിക്കും. ഒന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളുടെ പ്രാഥമിക ഫലങ്ങൾ കോവാക്സിൻ സുരക്ഷിതമാണെന്ന നിഗമനത്തിലാണ് എത്തിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
അതേസമയം, മഹാരാഷ്ട്രയിലെ നാഗ്പൂരിലെ ഒന്നാം ഘട്ട പരീക്ഷണങ്ങൾ പൂർത്തിയായി. ആരോഗ്യമുള്ള 55 പേരിലാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകിയത്. 'ആദ്യത്തെ കുത്തിവയ്പിന് ശേഷം രണ്ട് പേർക്ക് പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. എന്നിരുന്നാലും, മരുന്നുകളൊന്നും നൽകാതെ തന്നെ ഏതാനും മണിക്കൂറുകൾക്ക് ശേഷം അവരുടെ ആരോഗ്യനില മെച്ചപ്പെട്ടു.' പരീക്ഷണ കേന്ദ്രത്തിലെ വൃത്തങ്ങൾ അറിയിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |