ന്യൂഡൽഹി: ബ്രസീലിൽ നിന്ന് ബ്രിക്സ് കൂട്ടായ്മയുടെ അദ്ധ്യക്ഷത പദവി ഇന്ത്യ ഏറ്റെടുത്തു. 2026ലെ 18-ാം ബ്രിക്സ് ഉച്ചകോടിക്ക് ഇന്ത്യ ആതിഥേത്വം വഹിക്കും. അദ്ധ്യക്ഷ പദവിയിൽ ഇന്ത്യയ്ക്ക് ബ്രിക്സ് രാജ്യങ്ങൾ പിന്തുണ പ്രഖ്യാപിച്ചു. സഹകരണത്തിനും സുസ്ഥിരതയ്ക്കും വേണ്ടി ബ്രിക്സിന്റെ പുതിയ രൂപത്തിൽ ബ്രിക്സിനെ നിർവചിക്കാൻ ഇന്ത്യ പ്രവർത്തിക്കുമെന്ന് ബ്രസീലിലെ റിയോ ഡി ജനെറോയിൽ നടന്ന ഉച്ചകോടിയുടെ സമാപന സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ബ്രിക്സ് നയത്തിൽ പരിസ്ഥിതി പ്രധാനമാണെന്ന് മോദി ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സുരക്ഷയും മുൻഗണനാ വിഷയങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം ജീവിതവും പ്രകൃതിയും തമ്മിലുള്ള സന്തുലിതാവസ്ഥയുടെ കാര്യമാണ്. ഇന്ത്യയ്ക്ക് കാലാവസ്ഥാ നീതി ധാർമ്മിക കടമയാണ്.
സാങ്കേതികവിദ്യാ കൈമാറ്റവും ധനസഹായവും ഇല്ലെങ്കിൽ,കാലാവസ്ഥാ നടപടികൾ ചർച്ചകളിൽ മാത്രമൊതുങ്ങുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഇക്കാര്യത്തിൽ വികസിത രാജ്യങ്ങൾ ഉത്തരവാദിത്വം നിർവഹിക്കണം. ഭക്ഷണം,ഇന്ധനം,വളം,സാമ്പത്തിക പ്രതിസന്ധി എന്നിവ നേരിടുന്ന എല്ലാ രാജ്യങ്ങളെയും നാം കൂടെ കൊണ്ടുപോകണം.വികസിത രാജ്യങ്ങൾക്കുള്ള ആത്മവിശ്വാസം വികസ്വര രാജ്യങ്ങൾക്കും ഉണ്ടാകണം. വൈറസുകൾ വിസ എടുക്കാറില്ലെന്നും പരിഹാരങ്ങൾ തിരഞ്ഞെടുക്കുന്നത് പാസ്പോർട്ടുകൾ നോക്കിയല്ലെന്നും കൊവിഡ് മഹാമാരി നമ്മെ പഠിപ്പിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ നിലപാടുകൾക്ക് പിന്തുണ
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചും ഐക്യരാഷ്ട്രസഭ അടക്കം അന്താരാഷ്ട്ര സംഘടനകളിൽ ഗ്ളോബൽ സൗത്ത് രാജ്യങ്ങളുടെ പ്രാതിനിധ്യം ഉൾപ്പെടുത്തണമെന്ന ഇന്ത്യൻ ആവശ്യം അംഗീകരിച്ചും 17-ാം ബ്രിക്സ് ഉച്ചകോടി ബ്രസീലിലെ റിയോ ഡി ജനീറോയിൽ സമാപിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ,ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് എന്നിവരുടെ അസാന്നിദ്ധ്യത്തിലാണ് ഉച്ചകോടി നടന്നത്.
ഏതൊരു ഭീകരപ്രവർത്തനവും കുറ്റകരവും ന്യായമില്ലാത്തതുമാണെന്ന് പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് ഉച്ചകോടി പാസാക്കിയ പ്രമേയം ചൂണ്ടിക്കാട്ടി. ഭീകരവാദം ഏതു രൂപത്തിലായാലും എതിർക്കപ്പെടണം. അതിർത്തി കടന്നുള്ള ഭീകരത,ധനസഹായം,സുരക്ഷിത താവളമൊരുക്കൽ എന്നിവ അംഗീകരിക്കാനാകില്ല. ഭീകരതയെ ഏതെങ്കിലും മതവുമായോ,ദേശീയതയുമായോ,നാഗരികതയുമായോ,വംശീയമായോ ബന്ധപ്പെടുത്താതെ ദേശീയ,അന്തർദേശീയ നിയമങ്ങൾക്കു കീഴിൽ നീതി നടപ്പാക്കണം. ഇക്കാര്യത്തിൽ സഹിഷ്ണുതയും ഇരട്ടത്താപ്പും പാടില്ല.
ഭീകരത വിരുദ്ധ സഹകരണം കൂടുതൽ ആഴത്തിലാക്കാൻ ബ്രിക്സ് ആഗ്രഹിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ചട്ടക്കൂടിനുള്ളിൽ അന്താരാഷ്ട്ര ഭീകരതയെക്കുറിച്ചുള്ള സമഗ്ര കൺവെൻഷൻ അന്തിമമാക്കാനും ഭീകര സംഘടനകൾക്കെതിരായ നടപടികൾ വേഗത്തിലാക്കാനും ബ്രിക്സ് ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയിലും മറ്റ് അന്താരാഷ്ട്ര സംഘടനകളിലും ഭൂമിശാസ്ത്രപരമായ തുല്ല്യതയും സ്ത്രീകളുടെ പങ്കാളിത്തവും ഉറപ്പാക്കണമെന്നും ബ്രിക്സ് ആവശ്യപ്പെട്ടു. യു.എൻ സംവിധാനത്തിലെ മുതിർന്ന തസ്തികകളിൽ ഏതെങ്കിലും രാജ്യവുമായി ബന്ധപ്പെട്ട സംഘടനയ്ക്കോ,പൗരൻമാർക്കോ കുത്തകയുണ്ടാകരുത്. വികസ്വര രാജ്യങ്ങൾക്ക് ആഗോള വെല്ലുവിളികളോട് പ്രതികരിക്കാൻ ഉതകും വിധം സുരക്ഷാ കൗൺസിൽ ഉൾപ്പെടെ ഐക്യരാഷ്ട്രസഭയിൽ സമഗ്രമായ പരിഷ്കരണം വേണമെന്നും പ്രഖ്യാപനത്തിൽ പറയുന്നു.
വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായത്തെ ബാധിക്കും വിധം ആഗോള സൈനിക ചെലവിലുണ്ടായ വർദ്ധനവ് തെറ്റായ പ്രവണത
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |