ലണ്ടൻ: ഇന്ത്യയുടെ സ്വന്തം ക്രിക്കറ്റ് ദൈവം സച്ചിൻ തെൻഡുൽക്കർ തന്റെ കരിയറിലെ ആദ്യ ടെസ്‌റ്റ് ശതകം നേടിയിട്ട് ഇന്ന് മൂന്ന് പതിറ്റാണ്ട് തികയുകയാണ്. ഇംഗ്ളണ്ടിനെതിരെ ഓൾഡ് ട്രാഫോർഡിൽ നടന്ന ടെസ്‌റ്റിലാണ് തന്റെ 17ആം വയസിൽ സച്ചിൻ സെഞ്ച്വറി നേടിയത്. അതോടെ ടെസ്‌റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ കളിക്കാരനായി മാറി അതോടെ സച്ചിൻ. ആഗസ്‌റ്റ് 9 മുതൽ 14 വരെ നടന്ന മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ പതിനേഴ് ബൗണ്ടറികളോടെ 189 പന്തിൽ പുറത്താകാതെ 119 റൺസാണ് അന്ന് സച്ചിൻ നേടിയത്.
ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച പ്രതിഭകളിലൊരാളായ സർ ഡോൺ ബ്രാഡ്‌മാൻ തന്നോട് ഉപമിച്ച ബാറ്റ്സ്‌മാൻ കൂടിയാണ് സച്ചിൻ. വിസ്ഡന്റെ ക്രിക്കറ്റർ പുരസ്‌കാരം 1997ൽ നേടിയ സച്ചിൻ പിന്നീട് ഏകദിനത്തിലും ടെസ്‌റ്റിലും ഏറ്റവുമധികം സെഞ്ച്വറികൾ നേടിയ താരമായി. ഏകദിന ക്രിക്കറ്റിൽ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ കളിക്കാരനുമായി. ഗ്വാളിയോറിൽ ദക്ഷിണാഫ്രിക്കക്കെതിരെയാണ് 2010ൽ സച്ചിൻ ഈ നേട്ടം കൈവരിച്ചത്(200 നോട്ടൗട്ട്). ഒരു വർഷം ആയിരം റൺസ് നേടുന്ന ബാറ്റ്സ്‌മാൻ എന്ന കളിമികവ് ഏഴ് വട്ടം സച്ചിൻ നേടിയിട്ടുണ്ട്. രാജ്യത്തെ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരാൾക്ക് ഇന്ത്യയുടെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഭാരതരത്ന' വിരമിക്കുന്ന ദിനത്തിൽ സച്ചിന് ലഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |