കോഴിക്കോട്: കൊവിഡ് പശ്ചാത്തലത്തിൽ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമല്ലാത്ത തൊഴിലാളികൾക്കും ധനസഹായം നൽകാൻ തീരുമാനം. ബസ്,ലോറി,ടാക്സി ,ഡ്രൈവിംഗ് സ്കൂൾ, ഓട്ടോ മൊബൈൽ വർക്ക് ഷോപ്പ്, ബസ് പാസഞ്ചർ ഗ്രേഡ് എന്നീ തൊഴിലാളികൾക്കാണ് 1000 രൂപ സൗജന്യ ധനസഹായം ലഭിക്കുക. ബോർഡിന്റെ വെബ് സെറ്റിലുള്ള അപേക്ഷയോടൊപ്പം ക്ഷേമനിധി വിഹിതമായ (60+60) 120 രൂപയും രജിസ്ട്രേഷൻ ഫീസായ 25 രൂപയും അടച്ച് ട്രേഡ് യൂണിയനുകൾ മുഖാന്തിരം അപേക്ഷ നൽകണം. ഓൺലൈൻ പോർട്ടലുകൾ വഴി അപേക്ഷ സമർപ്പിക്കാനുളള ക്രമീകരണങ്ങൾ പുരോഗമിച്ചുവരികയാണ്. അപേക്ഷ നൽകുന്ന മുഴുവൻ പേർക്കും ഓണത്തിന് മുമ്പേ പണം അക്കൗണ്ടുകളിൽ എത്തിക്കാനാണ് ആലോചന. കേരളത്തിൽ 20 ലക്ഷത്തിലധികം തൊഴിലാളികളാണ് ഈ മേഖലയിൽ ജോലിചെയ്യുന്നത്. ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത 10 ലക്ഷം തൊഴിലാളികൾക്ക് പദ്ധതിയിലൂടെ പ്രയോജനം ലഭിക്കും. 200 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നേരത്തെ 258 കോടിയോളം രൂപയുടെ കൊവിഡ് ധനസഹായം പ്രഖ്യാപിച്ചിരുന്നു.
"എത്രയും വേഗത്തിൽ ധനസഹായം നൽകാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വരികയാണ് " -
കെ.കെ.മമ്മു, ജില്ലാ സെക്രട്ടറി ,മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് കോൺഫെഡറേഷൻ.
" കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളാകാത്തവർക്ക് ഇതൊരു അവസരമാണ് . അപേക്ഷിച്ചവർക്ക് ഓണത്തിന് മുമ്പ് ധനസഹായം ലഭ്യമാക്കും. സാങ്കേതിക തടസമുണ്ടായാൽ ഓണം കഴിഞ്ഞ് ലഭിക്കും " -എം.എസ് സ്കറിയ, ചെയർമാൻ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |