പട്ന: ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു കൊണ്ടിരിക്കെ മഹാസഖ്യത്തിലെ ഹിന്ദുസ്ഥാനി അവാം മോർച്ച സെക്യുലർ (എച്ച്.എ.എം-എസ്) മുന്നണി വിട്ടു. മുൻ മുഖ്യമന്ത്രി ജിതൻ റാം മാഞ്ജി നേതൃത്വം നൽകുന്ന പാർട്ടിയാണിത്. കോൺഗ്രസും ആർ.ജെ.ഡിയും ഉൾപ്പെടുന്ന മഹാസഖ്യത്തിൽ തങ്ങൾക്ക് മതിയായ പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേരത്തെ മാഞ്ജി ആരോപിച്ചിരുന്നു.
മഹാസഖ്യത്തിലെ സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള അഭിപ്രായ ഭിന്നതയാണ് മാഞ്ജിയെ സഖ്യം വിടാൻ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോർട്ട്. സീറ്റ് വിഭജനം ചർച്ച ചെയ്യാൻ പ്രത്യേക സമിതി രൂപീകരിക്കണമെന്ന് മാഞ്ജി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, കോൺഗ്രസോ ആർ.ജെ.ഡിയോ അതിന് തയ്യാറായിട്ടില്ല.മാഞ്ജി ബി.ജെ.പിയുടെ എൻ.ഡി.എ സഖ്യത്തിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസങ്ങൾക്കകം ഇതുസംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും. അതേസമയം, എച്ച്.എ.എം നിതീഷ് കുമാർ നേതൃത്വം നൽകുന്ന ജെ.ഡി.യുവിൽ ലയിച്ചേക്കുമെന്നും വിവരമുണ്ട്. നിതീഷ് കുമാറിനെ ഒരുകാലത്ത് നിശ്ശിതമായി വിമർശിച്ചിരുന്ന വ്യക്തിയാണ് മാഞ്ജി. എന്നാൽ അടുത്ത കാലത്തായി നിതീഷ് സർക്കാരിന്റെ പല തീരുമാനങ്ങളെയും അദ്ദേഹം പുകഴ്ത്തുകയുണ്ടായി.
ആദ്യം കോൺഗ്രസിലും പിന്നീട്, ജനത ദൾ, രാഷ്ട്രീയ ജനത ദൾ എന്നീ പാർട്ടികളിലും പ്രവർത്തിച്ച മാഞ്ജി 2005ൽ ജനത ദൾ യുണൈറ്റഡിൽ ചേർന്നു. 2015 ലാണ് മാഞ്ജി ജെ.ഡി.യു വിട്ടിറങ്ങി പുതിയ പാർട്ടി പ്രഖ്യാപിച്ചത്.
എതിർപ്പില്ലെന്ന് ബി.ജെ.പി
എൻ.ഡി.എയിലേക്ക് കൂടുതൽ കക്ഷികൾ വരുന്നതിൽ എതിർപ്പില്ലെന്ന് ബി.ജെ.പി വക്താവ് നിഖിൽ ആനന്ദ് പറഞ്ഞു. അതേസമയം, എൻ.ഡി.എയിലെ കക്ഷിയായ എൽ.ജെ.പി സീറ്റ് വിഭജനത്തെ ചൊല്ലി തർക്കത്തിലാണ്. എൽ.ജെ.പിയെ ഒതുക്കാൻ എച്ച്.എ.എം-എസിനെ എൻ.ഡി.എയിൽ എടുക്കുമെന്നും റിപ്പോർട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |