ശ്രീനഗർ: ദശാബ്ദത്തിനൊടുവിൽ ലോകത്തിലെ ഏറ്റവും നീളമേറിയ, 3000 മീറ്റർ ഉയരത്തിലുള്ള ഹൈ ആൾട്ടിറ്റ്യൂഡ് ഹൈവേ തുരങ്കമായ 'അടൽ റോഹ്‌തംഗ് തുരങ്കം" സെപ്തംബർ 29ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം അറിയിച്ചതായി ജമ്മുവിൽ നിന്നുള്ള എം.പിയും കേന്ദ്രമന്ത്രിയുമായ രാം ലാൽ മാർകണ്ഡ അറിയിച്ചു.
മഞ്ഞുകാലത്ത് ഹിമാചലിലെയും കശ്‌മീരിലെ തന്ത്രപ്രധാന മേഖലയായ ലഡാക്കിലെയും ഉൾപ്രദേശങ്ങൾ ആറു മാസത്തോളം മഞ്ഞുമൂടി പുറംലോകവുമായി ബന്ധമില്ലാത്ത അവസ്ഥയിലെത്തും. അടൽ റോഹ്‌തംഗ് തുരങ്കം വരുന്നതോടെ ഈ ദുരിതത്തിന് അറുതി വരുമെന്നും ഇത് സാമ്പത്തികവും സാമൂഹികപരവുമായി വലിയ മാറ്റങ്ങൾ സൃഷ്ടിക്കുമെന്നും രാം ലാൽ മാർകണ്ഡ പറഞ്ഞു.
മണാലി-ലഡാക്ക് ഹൈവേയിലെ റോഹ്‌തംഗ് ചുരത്തിലെ മഞ്ഞു മലകൾക്കടിയിലൂടെയാണ് അടൽ ടണൽ നിർമിച്ചിരിക്കുന്നത്.
തുരങ്കം വരുന്നതോടെ വർഷം മുഴുവനും സൈനിക ആവശ്യങ്ങൾക്കുൾപ്പെടെ ഗതാഗതം സാദ്ധ്യമാകും. അതിർത്തിയിലേക്ക് അടിയന്തരഘട്ടത്തിൽ കൂടുതൽ യുദ്ധസാമഗ്രികൾ കാലതാമസം കൂടാതെ എത്തിക്കാനാകും. തുരങ്കത്തിനുള്ളിൽ വാഹനങ്ങൾക്ക് മണിക്കൂറിൽ പരമാവധി 80 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. പ്രതിദിനം 3,000 കാറുകളും 1,500 ട്രക്കുകളും തുരങ്കത്തിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കാനുള്ള തീപിടിത്തം ബാധിക്കാത്ത മറ്റൊരു സമാന്തര പാതയും തുരങ്കത്തിന്റെ ഭാഗമായുണ്ട്.
വാജ്പേയിയുടെ പേര്
റോത്തംഗ് പാസിൽ ഇന്ത്യ നിർമിക്കുന്ന തന്ത്രപ്രധാനമായ തുരങ്കത്തിന് മുൻ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്‌പേയിയുടെ പേരാണ് നൽകിയിരിക്കുന്നത്. 2002ൽ വാജ്പേയി സർക്കാരാണ് തുരങ്കം നിർമിക്കാൻ തീരുമാനിച്ചത്.
നിർമ്മാണ ചെലവ് -4000 കോടി
നീളം - 9.02 കി.മീ നീളം
വീതി - 10.5 മീറ്റർ
ഉയരം - 5.52 മീറ്റർ
2009 ൽ നിർമ്മാണം തുടങ്ങി
പ്രയോജനങ്ങൾ
ആസ്ട്രേലിയൻ സാങ്കേതിക വിദ്യയെ ആധാരമാക്കി ബോർഡർ റോഡ് ഓർഗനൈസേഷനാണ് തുരങ്കം നിർമ്മിച്ചത്.
മഞ്ഞുകാലത്ത് ആറുമാസത്തോളം അടഞ്ഞു കിടക്കുന്ന റോഹ്‌തംഗ് ചുരം ഒഴിവാക്കി അടൽ ടണൽ വഴി യാത്രചെയ്യാം.
ലഡാക്കിലേക്കുള്ള ദൂരം 46 കിലോമീറ്റർ കുറയും.
യാത്രാസമയത്തിൽ അഞ്ചുമണിക്കൂർ ലാഭിക്കാം.
ഹിമാചൽ പ്രദേശിലെ കുളു ജില്ലയിലുള്ള മണാലിയെയും ലഹൗൽ- സ്പിതി ജില്ലയെയും ബന്ധിപ്പിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |