കയ്പമംഗലം: വ്യത്യസ്ത മാർഗങ്ങൾ ഉപയോഗിച്ച് ചിത്രങ്ങൾ തീർക്കുന്ന ഡാവിഞ്ചി സുരേഷ് കൊവിഡ് കാലത്തെ ഓണത്തിന് മുന്നോടിയായി ചിത്രം വരയ്ക്കാൻ കണ്ടെത്തിയത് മാസ്‌കുകൾ.
25 അടി നീളത്തിലും 15 അടി വീതിയിലും ഓണക്കളം തീർക്കും പോലെ പൂക്കളിന് പകരം 2500 മാസ്‌കുകൾ ഉപയോഗിച്ചായിരുന്നു കൊവിഡിൽ നിന്നും രോഗമുക്തി നേടിയ ബോളിവുഡ് നടൻ അമിതാബ് ബച്ചന്റെ ചിത്രം ഒരുക്കിയത്.
മൂന്നു പീടിക യമുന ഓഡിറ്റോറിയത്തിൽ എട്ട് മണിക്കൂർ നീണ്ട പരിശ്രമം കൊണ്ടാണ് ചിത്രം പൂർത്തിയാക്കിയത്. തൃശൂർ ജില്ലാ പഞ്ചായത്ത് തൃപ്രയാർ ഡിവിഷൻ മെമ്പർ ശോഭാ സുബിന്റെ നേതൃത്വത്തിൽ സാധാരണക്കാരായ ജനങ്ങൾക്ക് ഓണസമ്മാനമായി നൽകുന്ന സൗജന്യ മാസ്‌ക് വിതരണവുമായി ബന്ധപ്പെട്ടാണ് സുരക്ഷാ ചിട്ടവട്ടങ്ങളോടെ മാസ്‌ക് ചിത്രം തീർത്തത്.
വിവിധ നിറങ്ങളിലുള്ള മാസ്‌കുകൾ തറയിൽ വെള്ളത്തുണി വിരിച്ച് മാസ്‌കും ഗ്ലൗസും ഒക്കെ ഇട്ടാണ് ഡാവിഞ്ചി സുരേഷ് ചിത്രം നിർമിച്ചത്. ഓഡിറ്റോറയത്തിനുള്ളിൽ നാലുപേരാണ് ശോഭാസുബിനെ കൂടാതെ സഹായികളായി ഉണ്ടായിരുന്നത്.
"
കൊവിഡിനെ ചെറുക്കാനും മാസ്‌ക് നിർബന്ധമായും ധരിക്കാനുമുള്ള സന്ദേശമാണ് ഈ മാസ്‌ക് ചിത്രത്തിലൂടെ ഉദ്ദേശിച്ചത്.
- ഡാവിഞ്ചി സുരേഷ്, ചിത്രകാരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |