കോഴിക്കോട്: കൊവിഡ് പ്രതിസന്ധിയ്ക്ക് ആശ്വാസമാകും ഓണവിപണിയെന്ന പ്രതീക്ഷയും പൊലിഞ്ഞു. ലക്ഷങ്ങൾ വായ്പയെടുത്ത് വാങ്ങിക്കൂട്ടിയ സാധനങ്ങളെല്ലാം ഇപ്പോൾ വ്യാപാരികളെ നോക്കി കൊഞ്ഞനം കുത്തുകയാണ്.
വലിപ്പ ചെറുപ്പമില്ലാതെ എല്ലാ കടകളിലും പകുതിയിൽ താഴെ മാത്രമേ കച്ചവടം നടന്നുള്ളൂ. വിഷുവും പെരുന്നാളും കൊവിഡിൽ മുങ്ങിയതോടെ ഓണവിപണിയിലായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായതോടെ അതും തകർന്നു.
സപ്ലൈകോയും കൺസ്യൂമർഫെഡും കൃഷിവകുപ്പും കുടുംബശ്രീയുമെല്ലാം നാടെങ്ങും ഓണച്ചന്തകൾ തുടങ്ങിയതോടെ പൊതുവിപണിയിലെ വില കുറയാൻ ഇടയാക്കി. കൂടാതെ പച്ചക്കറികളും മറ്റും വീട്ടിൽ തന്നെ ഉത്പാദിപ്പിച്ചതിനാൽ മാർക്കറ്റുകളിലേക്ക് പതിവുപോലെയുള്ള തള്ളിക്കയറ്റം ഉണ്ടായില്ല.
വസ്ത്ര വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക്‌സ് കടകളിലും ഫർണിച്ചർ വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം ഏതാനും ദിവസങ്ങളായി ഓണക്കച്ചവടം തകൃതിയായിരുന്നു. നിരവധി ഓഫറുകളാണ് നൽകിയിരുന്നത്. എന്നാൽ തെരുവോര വിപണിക്ക് നിയന്ത്റണം ഏർപ്പെടുത്തിയത് ഈ മേഖലയിലെ ആയിരങ്ങളെ ബാധിച്ചു.
ഡിമാന്റില്ലാതെ വസ്ത്ര വിപണി
പല ഫാഷനുകളിലുള്ള വസ്ത്രങ്ങൾ എത്തിച്ചെങ്കിലും പ്രതീക്ഷിച്ച പോലെ വിറ്റഴിക്കാനായില്ല. വിഷു, ഈസ്റ്റർ കാലത്തെ ഫാഷന് അനുസരിച്ച് കൊണ്ടുവന്ന വസ്ത്രങ്ങളും കെട്ടിക്കിടക്കുന്നുണ്ട്. വിവാഹം നടക്കുന്നുണ്ടെങ്കിലും ആഢംബരം കുറവായതിനാൽ കച്ചവടം കുറവാണ്. സംസ്ഥാനങ്ങളിൽനിന്ന് സ്റ്റോക്ക് എത്തുന്നുണ്ട്. വ്യാപാരികൾ നേരിട്ടുപോയി എടുക്കുന്നത് ഒഴിവാക്കി ഏജന്റുമാർ വഴിയാണ് എത്തിക്കുന്നത്. കഴിഞ്ഞ രണ്ടു വർഷം പ്രളയം മൂലം ഓണവിപണി തകർന്നിരുന്നു.
വഴിയോര വിപണിക്കും തിരിച്ചടി
നഗരത്തിന്റെ മുക്കിലും മൂലയിലും കാണാവുന്ന വഴിയോരത്തെ വസ്ത്രവിപണി ഇക്കുറി ഉണ്ടായില്ല. പ്രധാന റോഡുകളുടെ ഓരം പറ്റി താത്കാലിക സ്റ്റാൻഡിൽ ഉറപ്പിച്ച വസ്ത്ര വിൽപന കേന്ദ്രങ്ങളിൽ വൻ തിരക്കാണ് സാധാരണ അനുഭവപ്പെടാറുള്ളത്. തുച്ഛവരുമാനക്കാർ ഓണക്കോടി വാങ്ങിയിരുന്നത് ഇവിടങ്ങളിൽ നിന്നായിരുന്നു.
വാടിക്കൊഴിഞ്ഞ് പൂവുകൾ
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പൂ വിൽപനയ്ക്കുള്ള വിലക്ക് നീങ്ങിയതോടെ ജമന്തിയും വാടാമല്ലിയും റോസാപ്പൂവും മുല്ലയും പിച്ചിയുമെല്ലാം കമ്പോളങ്ങളിൽ വരവറിയിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിപണി ഉണ്ടായില്ല. ഇറക്കിയ പൂക്കൾ വാടിപ്പോകുമെന്ന ഭയത്താൽ തുച്ഛമായ പണത്തിന് നൽകുകയായിരുന്നു പലരും.
'' പ്രതീക്ഷിച്ച കച്ചവടത്തിന്റെ നാലിലൊന്നു പോലും ലഭിച്ചിട്ടില്ല "
ടി. നസറുദ്ധീൻ
സംസ്ഥാന പ്രസിഡന്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി
സാധാരണ ഓണക്കാലത്തെ തിരക്ക് ഇത്തവണ ഉണ്ടായിട്ടില്ല. 50% മാത്രമാണ് വിറ്റു പോയത്. പുതിയ കലക്ഷൻസ് ഇറക്കുമതി ചെയ്തിരുന്നു. അവയിൽ കുറച്ചെണ്ണം വിൽക്കാനായി
സബീഷ്
സംഗീത് സിൽക്സ് ഉടമ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |