സുൽത്താൻ ബത്തേരി: കുറിച്ച്യാട് റെയിഞ്ചിലെ ചെതലയം വനാതിർത്തിയിൽ പുള്ളിമാനുകളെ കെണി
വെച്ച് പിടിച്ച സംഘത്തിലെ അഞ്ച് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ചെതലയം വളാഞ്ചേരികുന്ന് സ്വദേശികളായ ഷാബു (41), സാജു (53), ജോയി (49), ജോളി (53), ബിജു (49) എന്നിവരാണ് പിടിയിലായത്.
കുറിച്ച്യാട് റെയിഞ്ചിലെ ചെതലയം വളാഞ്ചേരികുന്ന് ഭാഗത്ത് വനാതിർത്തിയോട് ചേർന്ന കൃഷിയിടത്തിൽ കെണിവെച്ചാണ് സംഘം പുള്ളിമാനുകളെ വേട്ടയാടിയിരുന്നത്. വനം വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഷാബുവിനെയും സാജുവിനെയും ഞായറാഴ്ച രാത്രിയും മറ്റുള്ള മൂന്ന് പേരെ ഇന്നലെയുമാണ് പിടികൂടിയത്. പിടിയിലായ ഷാബുവിന്റെ കൃഷിയിടത്തിലും സമീപത്തുമായി സ്ഥാപിച്ച കെണിയിലാണ് രണ്ട് പുള്ളിമാനുകൾ കുടുങ്ങിയത്.
അഞ്ചുപേരും ചേർന്ന് കെണിയിൽ വീഴുന്ന മാനുകളെ ഷാബുവിന്റെ വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ വീടിന് പുറകിൽ വെച്ച് ഇറച്ചിയാക്കി പാകം ചെയ്യുകയായിരുന്നു. പാകം ചെയ്ത നാല് കിലോ മാനിറച്ചി ഇവിടെ നിന്ന് കണ്ടെടുത്തു.
കെണിവെച്ച് പിടിച്ച പുള്ളിമാനുകളുടെ ശരീരാവശിഷ്ടങ്ങൾ ആളൊഴിഞ്ഞ വീടിന്റെ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെടുത്തു. കുറിച്ച്യാട് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രതീശൻ, ഡെപ്യുട്ടി റെയിഞ്ചർ ബൈജുനാഥ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |