റുസേസബാഗിന് ഭീകരബന്ധമെന്ന് അന്വേഷണ സംഘം
നെയ്റോബി: റുവാൻഡയിൽ 1994ൽ ഉണ്ടായ വംശഹത്യയിൽ ആയിരത്തിലധികം പേരെ രക്ഷപ്പെടുത്തി ലോകശ്രദ്ധ നേടിയ 'റുവാൻഡ നായകൻ', പോൾ റുസോസബാഗ് അറസ്റ്റിൽ. ഭീകരബന്ധം ആരോപിച്ച് റുവാൻഡ ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോയാണ് റുസോസബാഗിനെ പിടികൂടിയത്. ഈ സംഭവമാണ് ലോകശ്രദ്ധ നേടിയ 'ഹോട്ടൽ റുവാൻഡ' എന്ന പേരിൽ ഹോളിവുഡ് ചിത്രത്തിനാധാരം.
അന്താരാഷ്‌ട്ര സഹകരണത്തോടെയാണ് റുസോസബാഗിനെ അറസ്‌റ്റ് ചെയ്തതെന്ന് ആർ.ഐ.ബി ട്വീറ്റ് ചെയ്തു. എന്നാൽ ഏത് രാജ്യമാണ് റുസോസബാഗിനെ അറസ്‌റ്റ് ചെയ്യാൻ സഹായം നൽകിയതെന്ന് വ്യക്തമാക്കാൻ അധികൃതർ തയ്യാറായില്ല. ബെൽജിയത്തിൽ നിന്നാണ് ഇദ്ദേഹം അറസ്റ്റിലായതെന്ന വാർത്തകൾ പ്രചരിച്ചെങ്കിലും ബെൽജിയം വാർത്ത നിഷേധിച്ചു. അന്താരാഷ്‌ട്ര വാറണ്ട് പുറപ്പെടുവിച്ചാണ് 66കാരനായ പോൾ റുസോസബാഗിനെ അറസ്‌റ്റ് ചെയ്‌തതെന്ന് തിങ്കളാഴ്‌ച ആർ.ഐ.ബി വ്യക്തമാക്കി.
ഭീകരബന്ധം ഉൾപ്പെടെയുള്ള ഗുരുതരമായ കേസുകൾ അദ്ദേഹത്തിനെതിരെ നിലവിലുണ്ട്. തട്ടിക്കൊണ്ട് പോകലും കൊലപാതകം ഉൾപ്പെടെയുള്ള അക്രമങ്ങൾക്ക് നേതൃത്വം നൽകിയെന്നും നിരവധി നിരോധിത സംഘടനകളുമായി ബന്ധമുണ്ടെന്നും ആർ.ഐ.ബി ആരോപിച്ചു. നിലവിൽ റുവാണ്ടയുടെ തലസ്ഥാനമായ കിഗാലിയിൽ പൊലീസ് കസ്റ്റഡിയിലാണ് റുസോസബാഗ്. സർക്കാരിന്റെ കടുത്ത വിമർശകനായ റുസേസബാഗ് ഏറെക്കാലമായി നോട്ടപ്പുള്ളിയാണ്. 1996ൽ വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടശേഷം അദ്ദേഹം വിവിധ രാജ്യങ്ങളിലായി മാറിമറി താമസിക്കുകയാണ്. റുവാണ്ട മൂവ്‌മെന്റ് ഫോർ ഡെമോക്രാറ്റിക് ചേഞ്ച് ഉൾപ്പെടെയുള്ള സംഘടനകളുമായി റുസോസബാഗിന് ബന്ധമുണ്ടെന്നാണ് സർക്കാർ ആരോപിക്കുന്നത്. ലോകത്തെ ഞെട്ടിച്ച റുവാണ്ടയിലുണ്ടായ വംശീയകലാപത്തിൽ ആയിരത്തോളം പേരെയാണ് പോൾ റുസോസബാഗ് രക്ഷിച്ചത്. ഹുടു, ടുട്‌സി വിഭാഗങ്ങൾക്കിടയിൽ വംശീയകലാപം രൂക്ഷമായിരിക്കെ താൻ മാനേജരായി ജോലി ചെയ്‌തിരുന്ന ഹോട്ടലിൽ ആയിരത്തിലേറെ ടുട്‌സി വിഭാഗക്കാരെ അദ്ദേഹം ഒളിപ്പിച്ചിരുന്നു. കലാപത്തിൽ 8 ലക്ഷത്തോളം ടുട്സിക്കാർ വംശീയഹത്യയ്ക്കിരയായെന്നാണ് റിപ്പോർട്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |