തൃശൂർ : അരമണി കെട്ടി താളത്തിൽ ചുവടു വച്ച് കൂട്ടം കൂട്ടമായെത്തി തേക്കിൻകാട്ടിലും സ്വരാജ് റൗണ്ടിലും മേയാൻ നാളെ പുലികളെത്തില്ല. പകരം ഓൺലൈനിൽ കേറി വൈറലാകാൻ ഒരുങ്ങുകയാണ് പുലിക്കളി കൂട്ടം. കർശന നിയന്ത്രണമുള്ളതിനാൽ മടകളിൽ നിന്ന് പുറത്ത് ചാടാനാകാത്ത അവസ്ഥയിലാണ് പുലികൾ. ഓണക്കാലത്ത് തൃശൂരിന്റെ സ്വന്തം പുലികൾ കൊവിഡ് കാലത്ത് മാറിച്ചിന്തിക്കുകയാണ്. ഓരോരോ പുലി പിന്നീട് സാങ്കേതിക വിദ്യയാൽ സംഘമാക്കുന്ന സൂത്രം. അയ്യന്തോൾ ദേശമാണ് ഇക്കുറി ഒന്നിച്ചല്ലാതെ ഒന്നാകുന്ന പുലിക്കളിയുമായെത്തുന്നത്.
കൊവിഡ് ഭീതിയിൽ പുറത്തിറങ്ങാൻ സാധിക്കാത്ത ദേശത്തും വിദേശത്തുമുള്ള പുലിക്കളി ആസ്വാദകർക്ക് ആസ്വദിക്കാൻ ഇതവസരം ഒരുക്കും. അയ്യന്തോൾ ദേശം പുലിക്കളി സംഘാടക സമിതിയുടെ ഫേസ്ബുക്ക് പേജിൽ നാലോണ നാളിൽ തത്സമയ സംപ്രേഷണം കാണാനാകും. നാലോണ നാളിൽ വൈകീട്ട് 3.30 മുതൽ 4.30 വരെയായിരിക്കും കളി. കൊവിഡിന്റെ പശ്ചാത്തലത്തിൽ പുലികൾ സ്വന്തം മടകളിൽ (വീടുകളിൽ) ചുവടു വയ്ക്കുന്നത് സാങ്കേതിക വിദ്യയുടെ സഹായത്താൽ ഒന്നാക്കി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തത്സമയം സപ്രേഷണം ചെയ്യും. പുലികളും വാദ്യക്കാരുമടക്കം 20 പേരാണ് പങ്കെടുക്കുക.
നാലോണ ദിനമായ നാളെ ഉച്ചമുതൽ പതിനായിരങ്ങളെ ആകർഷിക്കുന്ന പുലിക്കളിക്ക് പതിനായിരങ്ങളാണെത്താറ്. തൃശൂർ പൂരം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പേരെത്തുന്നത് പുലിക്കളിക്കാണ്. ഓരോ പുലിക്കളി സംഘത്തിലും 40 മുതൽ 60 വരെ പുലികളാണ് ഉള്ളത്. അടുത്തകാലത്തായി പുരുഷന്മാർക്ക് ഒപ്പം പെൺപുലികളും കുട്ടിപ്പുലികളും ഇറങ്ങിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |