യോഗ്യതയുണ്ടായിട്ടും ജാതിയുടെ പേരിൽ ഈഴവ വിഭാഗക്കാർക്ക് സർക്കാർ ഉദ്യോഗത്തിൽ അവസരം ലഭിക്കാത്തതിനെ തുടർന്ന് 1896 സെപ്തംബർ മൂന്നിന് ഡോ.പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ സമർപ്പിച്ചു. ഇതിനെത്തുടർന്ന് പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ അവസരങ്ങൾ തുറന്നില്ലെങ്കിലും അവരെ അവഗണിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന ചിന്ത ഭരണാധികാരികൾക്കുണ്ടായി. എന്നാൽ അപ്പോഴും ഉദ്യോഗസ്ഥ നിയമനങ്ങളിൽ പരിഗണനയില്ലായ്മ തുടർന്നു. സമാനാവസ്ഥ നേരിടുന്ന ഈഴവരും മുസ്ലീങ്ങളും ക്രിസ്ത്യാനികളും ചേർന്ന് 1932ൽ നിവർത്തന പ്രക്ഷോഭം നടത്തി. ഈ പ്രക്ഷോഭമാണ് പില്‌ക്കാലത്ത് പി.എസ്.സി. രൂപീകരണത്തിലേക്ക് നയിച്ചത്. 1949 ൽ തിരു- കൊച്ചി സംയോജനവും 1956ൽ മലബാറും കൂടി ചേർന്ന് ഐക്യകേരളവും നിലവിൽ വന്നു. മലയാളം സംസാരിക്കുന്നവരുടെ മാതൃഭൂമിക്കായി പി.എസ്.സി. രൂപീകരിച്ച് 63 വർഷം കഴിഞ്ഞും പിന്നാക്കക്കാരുടെ സ്ഥിതി പഴയപടി തുടരുകയാണ്. ഇത് പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഈഴവ മെമ്മോറിയലിന്റെ ശതോത്തര വാർഷികത്തിൽ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന ചെയർമാൻ അഡ്വ.സുമേഷ് അച്യുതന്റെ നേതൃത്വത്തിൽ കേരള ഗവർണക്ക് ഒ.ബി.സി.മെമ്മോറിയൽ സമർപ്പിക്കുകയാണ്. ആവശ്യങ്ങൾ നിറവേറുന്നതു വരെ തുടർ പ്രവർത്തനങ്ങളും സമരങ്ങളും നടത്താനാണ് കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.
ഗവർണർക്ക് സമർപ്പിക്കുന്ന
ഒ.ബി.സി മെമ്മോറിയൽ
ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകരണ യോഗത്തിൽ പങ്കെടുത്ത ഏക മലയാളി ബാരിസ്റ്റർ ജി.കെ. പിള്ളയുടെ നേതൃത്വത്തിൽ 1891 ജനുവരി ഒന്നിന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന് 10028 പേർ ഒപ്പിട്ട 'മലയാളി മെമ്മോറിയൽ' സമർപ്പിക്കപ്പെട്ടു. രാജ്യത്തെ സർക്കാർ ഉദ്യോഗം മുഴുവൻ തമിഴ് ബ്രാഹ്മണർക്ക് മാറ്റിവയ്‌ക്കുന്നത് പാടില്ലെന്നും ജാതി മത പരിഗണനകളില്ലാതെ മലയാളികൾക്കും സർക്കാർ ഉദ്യോഗങ്ങളിൽ പങ്കാളിത്തം ഉറപ്പാക്കണമെന്നായിരുന്നു ആവശ്യം. മലയാളി മെമ്മോറിയലിലെ ആവശ്യം പ്രകാരം മലയാളികൾക്ക് സർക്കാർ ഉദ്യോഗങ്ങളിൽ അവസരം ലഭിച്ചെങ്കിലും, അത് ചില വിഭാഗങ്ങളിൽപ്പെട്ടവർക്കു മാത്രമായി ചുരുങ്ങിയെന്നത് ചരിത്രം.
ഈഴവ പിന്നാക്ക വിഭാഗങ്ങളിലുള്ളർക്ക് സർക്കാർ ഉദ്യോഗങ്ങളിൽ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് 1896 സെപ്തംബർ മൂന്നിന് തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്, സാമൂഹ്യ പരിഷ്‌കർത്താവ് ഡോ .പൽപ്പുവിന്റെ നേതൃത്വത്തിൽ 13176 പേര് ഒപ്പിട്ട 'ഈഴവ മെമ്മോറിയൽ' സമർപ്പിക്കപ്പെട്ടു. ഈഴവമെമ്മോറിയൽ സമർപ്പിച്ച് 125 വർഷം കഴിഞ്ഞിട്ടും, രാജഭരണം മാറി ജനായത്ത ഭരണം വന്നിട്ടും, സർക്കാർ സംവിധാനത്തിന്റെ പല തട്ടുകളിലും പിന്നാക്കക്കാർക്ക് അവസര നിഷേധം തുടരുകയാണ് .
സർക്കാർ ഉദ്യോഗത്തിലുള്ളവരുടെ ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധപ്പെടുത്തിയാൽ സാക്ഷര കേരളം നേടിയ സാമൂഹ്യ പുരോഗതിയുടെ മൂടുപടം അഴിഞ്ഞു വീഴും. അതുകൊണ്ട് തന്നെ ഈഴവ മെമ്മോറിയലിന്റെ 125-ാം വാർഷിക ദിനത്തിൽ കെ.പി.സി.സി ഒ.ബി.സി. ഡിപ്പാർട്ട്‌മെന്റ് സംസ്ഥാന കമ്മിറ്റി ജനങ്ങളിൽ നിന്ന് ഓൺലൈനായി ഒപ്പ് ശേഖരിച്ച് ജനകീയ 'ഒ.ബി.സി.മെമ്മോറിയൽ' ഗവർണർ സമക്ഷം സമർപ്പിക്കുകയാണ് .
ഒന്നാമത്തെ ആവശ്യം, സർക്കാർ അധീനതയിലുള്ള കമ്പനി ബോർഡ് കോർപ്പറേഷനുകളിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്കു വിടണമെന്നതാണ്.
കൂടാതെ സഹകരണ സ്ഥാപനങ്ങൾ, സർക്കാർ എയ്ഡഡ് സ്ഥാപനങ്ങൾ എന്നിവയിലെ പിൻവാതിൽ നിയമനങ്ങളിൽ കുറ്റകരമായ സംവരണ അട്ടിമറി നടന്നിരിക്കുന്നതിനാൽ, സഹകരണ സ്ഥാപനങ്ങളിലും സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിലും നടക്കുന്ന നിയമനങ്ങളിൽ പി.എസ്.സിക്കു സമാനമായ സംവരണതത്വങ്ങൾ പാലിക്കണം . ഇതോടൊപ്പം കേരളത്തിലെ സർക്കാർ ഉദ്യോഗസ്ഥരുടെ ജാതിതിരിച്ചുള്ള പട്ടിക എത്രയും പെട്ടെന്ന് പ്രസിദ്ധപ്പെടുത്തണമെന്നും ആവശ്യപ്പെടുന്നു. പി.എസ്.സി.ക്കു വിട്ട സർക്കാർ സ്ഥാപനങ്ങളിലെ നിയമനങ്ങൾക്കു വേണ്ടി സ്‌പെഷ്യൽ റൂൾസ് ഉണ്ടാക്കാത്തതിനാൽ സംവരണ വിഭാഗങ്ങളെ പുറന്തള്ളുന്ന പിൻവാതിൽ നിയമനത്തിന് ഭരണകൂടം ഒത്താശ ചെയ്തു കൊണ്ടിരിക്കുന്നുണ്ട് . ഇത്തരത്തിലുള്ള സ്ഥാപനങ്ങളിലെ നിയമനം സുതാര്യമാക്കി സാമൂഹ്യനീതി ഉറപ്പു വരുത്തണം.
പിന്നാക്ക സമുദായങ്ങളുടെ ഉദ്യോഗസ്ഥ പ്രാതിനിധ്യം സംബന്ധിച്ച തെളിവെടുപ്പ് നടത്തിയ ജസ്റ്റിസ് കെ.കെ നരേന്ദ്രൻ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം പിന്നാക്ക സമുദായങ്ങൾക്ക് അനുവദിച്ചിട്ടുള്ള സംവരണ ശതമാനത്തോളം പോലും പങ്കാളിത്തം ലഭ്യമായിട്ടില്ല എന്നാണ് കണ്ടെത്തിയിട്ടുള്ളത്. യഥാർത്ഥത്തിൽ സംവരണ സമുദായങ്ങൾ മതിയായ പ്രാതിനിധ്യം നേടണം എന്നുണ്ടെങ്കിൽ സംവരണ ശതമാനത്തിന് ഇരട്ടി പങ്കാളിത്തം ഉറപ്പാകേണ്ടിയിരുന്നു. ഓപ്പൺ ക്വാട്ടയിൽ ഈ വിഭാഗം എത്തിപ്പെടുന്നില്ല എന്നതാണ് ഇതിൽ നിന്നും ബോധ്യമാകുന്നത്. ഇത് കണക്കിലെടുത്തും സംവരണ പരിധി 50 ശതമാനമെന്ന നിയന്ത്രണം മറികടന്ന സാഹചര്യത്തിലും പിന്നാക്കവിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായ സംവരണം ഉറപ്പാക്കുന്നതിന് നിയമനിർമ്മാണം നടത്തണമെന്നും അഭ്യർത്ഥിക്കുന്നു.
സർക്കാർ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുമ്പോൾ പി.എസ്.സി. സംവരണതത്വം പാലിക്കുന്നുണ്ടെങ്കിലും, ഇതിൽ ഒ.ബി.സി. വിഭാഗത്തിന് സംവരണമുണ്ടെങ്കിലും, ഇപ്പോഴും പി.എസ്.സിക്ക് എൻ.സി.എ.നിയമനം നടത്തേണ്ടി വരുന്നത് നിയമം അനുശാസിക്കുന്ന അത്രയെണ്ണം പിന്നാക്ക വിഭാഗക്കാർ സർക്കാർ ഉദ്യോഗങ്ങളിലില്ല എന്നതു തന്നെയാണ് ചൂണ്ടിക്കാട്ടുന്നത് . പി. എസ്. സി. നിയമന റൊട്ടേഷനിൽ നടത്തുന്ന കള്ളക്കളികളാണ് ഈ എണ്ണക്കുറവിന് കാരണം. ഐക്യകേരള പിറവിക്കു ശേഷം ഇന്നേ വരെ ഈ കള്ളക്കളി തുടർന്നു കൊണ്ടിരിക്കുന്നു .
ഭരണഘടന സംവരണം ഉറപ്പു നൽകിയിരിക്കുന്നത് സാമൂഹ്യപരമായും വിദ്യാഭ്യാസ പരമായും പൗരന്മാർ തുല്യനിലയിൽ എത്തുന്നതിനു വേണ്ടിയാണ് . എന്നാൽ ഇതെല്ലാം ഉറപ്പു വരുത്തേണ്ട ജുഡീഷ്യറിയിലാണ് ഏറ്റവും വലിയ അവഗണനയെന്നത് കുറുന്തോട്ടിക്ക് വാതമെന്ന പോലെ ഏറെ ദൗർഭാഗ്യകരമാണ്. പൗരന്മാരുടെ തുല്യ നില ഒരിക്കലും നടക്കാത്ത നിലയിലുള്ള നടപടികൾ തിരുത്തുക തന്നെ വേണം. ഇതെല്ലാം പരിഗണിച്ച് കേരളത്തിലെ സർക്കാർ വകുപ്പ് സർക്കാർ സ്ഥാപന ഉദ്യോഗങ്ങളിലും ജുഡിഷ്യറിയിലും എയ്ഡഡ്, സഹകരണമേഖലകളിലും പിന്നാക്കകാർക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പുവരുത്താനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
( ലേഖകൻ കെ.പി.സി.സി ഒബിസി ഡിപ്പാർട്ട്മെന്റ് ചെയർമാനാണ് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |