ന്യൂഡൽഹി: ലഡാക്കിലെ ചുഷൂൽ ഗ്രാമത്തിൽ കടന്നുകയറാനുള്ള ചൈനീസ് പട്ടാളത്തിന്റെ ശ്രമം സേന പരാജയപ്പെടുത്തിയതിനു പിന്നാലെ, ജനപ്രിയ മൊബൈൽ ഗെയിമായ പബ്‌ജിയുൾപ്പെടെ ചൈനയുടെ 118 മൊബൈൽ ആപ്പുകൾ കൂടി ഐ.ടി മന്ത്രാലയം നിരോധിച്ചു. രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായതിനാൽ നിരോധിക്കുന്നെന്നാണ് വിശദീകരണമെങ്കിലും ആവർത്തിക്കുന്ന പ്രകോപനത്തിനുള്ള ശക്തമായ മറുപടിയാണ് നിരോധനമെന്ന് വ്യക്തം. ലോകത്ത് ഏറ്റവും പ്രചാരത്തിലുള്ള അഞ്ച് ഗെയിമുകളിലൊന്നാണ് പബ്‌ജി. ഇന്ത്യയിൽ മാത്രം 3.3 കോടിയിലധികം പേർ ഉപയോഗിക്കുന്നു.
വിദേശത്ത് സെർവറുള്ള ആപ്പുകൾ ഉപയോക്താക്കളുടെ വിവരങ്ങൾ ചോർത്തുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണിയാവുന്ന നടപടികളുടെ പേരിൽ ഐ.ടി നിയമത്തിലെ 69 എ പ്രകാരമാണ് നിരോധനം. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോ- ഓർഡിനേഷൻ സെന്ററിന്റെ ശുപാർശയിലാണ് നടപടി.
അതിർത്തിയിൽ ചൈനീസ് സേനയുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെ ജൂലായിൽ ടിക് ടോക് ഉൾപ്പെടെ 58 ആപ്പുകൾ ഇന്ത്യ നിരോധിച്ചിരുന്നു. ഇവയുടെ വ്യാജ പതിപ്പുകളെയും പിന്നീട് നിരോധിച്ചു. വി ചാറ്റ്, ആലിബാബ, ഷിയോമി അനുബന്ധ ആപ്പുകളും ഇന്നലത്തെ പട്ടികയിലുണ്ട്.
നിരോധിച്ചവയിൽ പ്രധാനപ്പെട്ടവ
പബ്‌ജി മൊബൈൽ നോർദിക്, പബ്‌ജി മൊബൈൽ ലൈറ്റ്, ആപ്പ് ലോക്ക്, അലി പേ, ബൈദു, ആപൂസ്, ഫേസ് യു, കാം കാർഡ്, ഷെയർ സേവ്- ഷിയോമി, ഇൻ നോട്ട്, വൂ വീ മീറ്റിംഗ്, വി ചാറ്റ് റീഡിംഗ്, സൂപ്പർ ക്ളീൻ, സൈബർ ഹണ്ടർ, ലൂഡോ വേൾഡ്, റൈസ് ഒഫ് കിംഗ്ഡം, ഗെയിം ഒഫ് സുൽത്താൻ, ഡുവൽ സ്‌പേസ്, സക്‌സക്, മ്യൂസിക് പ്ളെയർ, എച്ച്.ഡി കാമറ, ഫോട്ടോ ഗാലറി, വെബ് ബ്രൗസർ, ലാമർ ലൗ, കാരം ഫ്രണ്ട്‌സ്, ബൈക്ക് റേസിംഗ്, റേഞ്ചേഴ്സ് ഒഫ് ഒബ്ളിവിയൻ, ഇസഡ് കാമറ, മിക്കോ ചാറ്റ്, യൗക്കു, പെൻഗ്വിൻ എഫ്.എം, മർഡറസ് പെർസ്യൂട്ട്, ടെൻസെന്റ് വാച്ച് ലിസ്‌റ്റ്, ഹുവാ ലൈവ്, വി.പി.എൻ ഫോർ ടിക് ടോക്, റൂൾസ് ഒഫ് സർവൈവൽ.
സംഘർഷത്തിൽ ഒരു മരണം?
ന്യൂഡൽഹി: ചുഷൂലിൽ ചൈനീസ് കടന്നുകയറ്റം തടയുന്നതിനിടെ ഒരു ഇന്ത്യൻ സൈനികൻ വീരമൃത്യു വരിച്ചതായി വിദേശ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ ഇന്ത്യ സ്ഥിരീകരിച്ചിട്ടില്ല. ചൈനീസ് വിദേശകാര്യ മന്ത്രാലയവും ഇക്കാര്യം നിഷേധിച്ചു.
ഇക്കഴിഞ്ഞ 29, 30 തീയതികളിൽ രാത്രിയുടെ മറവിവുള്ള കടന്നുകയറ്റനീക്കം മലനിരകളിൽ നിലയുറപ്പിച്ച ഇന്ത്യൻ സേന തടയുകയായിരുന്നു. ഇതിനിടെ ഇന്ത്യൻ ഭാഗത്ത് ആൾനാശമുണ്ടായെന്ന് ടിബറ്റൻ പാർലമെന്റ് അംഗത്തെ ഉദ്ധരിച്ചാണ് വിദേശ വാർത്താ ഏജൻസിയുടെ റിപ്പോർട്ട്.
സംഘർഷാവസ്ഥ തുടരുന്നു
ചുഷൂൽ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ച് ഇന്ത്യ
പ്രകോപനമുണ്ടായാൽ ശക്തമായി തിരിച്ചടിക്കാൻ നിർദ്ദേശം
ഒന്നിലധികം മേഖലകളിൽ ചൈന കടന്നുകയറ്റത്തിന് പദ്ധതിയിട്ടതായി സൂചന
ഇരു ഭാഗത്തെയും ബ്രിഗേഡിയർ കമാൻഡർമാരുടെ യോഗത്തിൽ തീരുമാനങ്ങളില്ല
പുതിയ സംഭവവികാസങ്ങൾ ചൈനയുടെ ഗൂഢാലോചനയുടെ ഭാഗമെന്ന് യു.എസ്
റഷ്യയിൽ പ്രതിരോധ മന്ത്രിമാരുടെ ഷാങ്ഹായി സമ്മേളനത്തിൽ ഇന്ത്യ- ചൈന ചർച്ചയില്ല
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |