ആറൻമുള: ആർപ്പുവിളികളില്ല, ആരവങ്ങളില്ല, തുഴത്താള പാട്ടുകളില്ല... ആറൻമുള ശാന്തമാണ്. പള്ളിയോടങ്ങൾ ആടയാഭരണങ്ങളണിഞ്ഞ് ഒഴുകിനീങ്ങേണ്ട പമ്പയാറിൽ വെള്ളമില്ല. കൈകൊട്ടി വഞ്ചിപ്പാട്ടുമായി ഭക്തർ നിറഞ്ഞുകവിയുന്ന ആറൻമുളേശന്റെ തിരുമുറ്റം ഒഴിഞ്ഞുകിടക്കുന്നു. വള്ളംകളിക്കും അഷ്ടമിരോഹിണിക്കും തകൃതിയായി കച്ചവടം നടക്കുന്ന കടകളിൽ ആളനക്കമില്ല. പൈതൃക സമ്പത്തായ ആറൻമുള കണ്ണാടികൾ ആവശ്യക്കാരില്ലാതെ അലമാരകളിൽ ഇരിക്കുന്നു. 2018ൽ മഹാ പ്രളയത്തെ തുടർന്ന് അതിജീവനത്തിന്റെ വഴിയിലായിരുന്ന ആറൻമുളക്കാർ വള്ളംകളി ഉപേക്ഷിച്ചിരുന്നു. ഇത്തവണ കൊവിഡ് മഹാമാരിയാണ് വള്ളംകളി മുടക്കിയത്. ഉതൃട്ടാതി ദിവസമായ നാളെ ഒരു പള്ളിയോടത്തിൽ ഇരുപതിൽ താഴെ തുഴച്ചിലുകാരുമായി പ്രതീകാത്മക വള്ളംകളി മാത്രം.
നിറങ്ങൾ നിറഞ്ഞ് ആർപ്പും കുരവയും പാട്ടും താളവുമായി ആഘോഷങ്ങളുടെ പൂരമാകേണ്ടിയിരുന്ന ആറൻമുള വള്ളംകളിയുടെ സ്റ്റാർട്ടിംഗ് പോയിന്റായ പരപ്പുഴക്കടവ് മുതൽ ഫിനിഷിംഗ് പോയിന്റായ സത്രക്കടവ് വരെ പമ്പയിലെ കാഴ്ച വേദനിപ്പിക്കും. അടിത്തട്ടിലെ മണൽ തെളിഞ്ഞ് നിളാ നദിയിയിലെ നേർത്ത വര പോലെയാണ് പമ്പയിലെ ഒഴുക്ക്.
പരപ്പുഴക്കടവിനോട് ചേർന്ന് നദിയുടെ പകുതി ഭാഗം വരെ ആൾപ്പൊക്കത്തോളം പുല്ല് വളർന്നു. ഇവിടെ പശുക്കൾ മേയുന്നു. മൺപുറ്റുകൾ ഉയർന്ന് ചെറുകുന്നുകളാകുന്നു. സമീപത്ത് മൈതാനം പോലെ മണൽ നിരന്നു. മറുപാതിയിലാണ് പമ്പ മെലിഞ്ഞൊഴുകുന്നത്. കാൽമുട്ടോളം മാത്രം വെള്ളം. മീനുകളെ കൊത്തിയെടുത്ത് വെള്ളമില്ലാത്ത ഭാഗത്തിടുന്ന നീർക്കാക്കളെ ഒാടിക്കുന്ന തെരുവ് നായകൾ. ആഗസ്റ്റിലെ പെരുമഴയിൽ പ്രളയം ഭയന്ന നാടാണിത്!. നിറഞ്ഞ പമ്പാ ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ വീട്ടുസാധനങ്ങൾ വാരിയെടുത്ത് ഒഴിഞ്ഞു പോയവർ മടങ്ങിയെത്തിപ്പോൾ നദി കണ്ട് അമ്പരന്നു. പമ്പ നിറഞ്ഞൊഴുകിയത് ഏതാനും ദിവസങ്ങൾ മാത്രം. മുൻ വർഷങ്ങളിൽ വള്ളംകളിയോട് അടുത്ത ദിവസങ്ങളിൽ ഇത്രയും വെള്ളം താഴ്ന്നിട്ടില്ലെന്നാണ് പ്രദേശവാസിയും െഎക്കര ജംഗ്ഷനിലെ വ്യപാരിയുമായ ഗോപൻ പറഞ്ഞത്. ഇപ്പോൾ ഏഴടിയോളം വെള്ളം ഉയർന്നു നിൽക്കേണ്ടതാണ്. കഴിഞ്ഞ ദിവസം നദിയുടെ നടുഭാഗത്ത് ചെളിയും മണലും തെളിഞ്ഞു. ഇങ്ങനെ പോയാൽ വരും ദിവസങ്ങളിൽ ഇത് മണൽപ്പുറവും മൺപുറ്റുമാകും. എല്ലാ വർഷവും വള്ളംകളിക്ക് തൊട്ടുമുൻപ് മൺപുറ്റുകൾ ജെ.സി.ബി ഉപയോഗിച്ച് നീക്കുന്നതാണ്. വള്ളംകളി ഉപേക്ഷിച്ചതിനാൽ ഇത്തവണ നടന്നില്ല. അടുത്ത വർഷമാകുമ്പോഴേക്കും നദിയിൽ വലിയ കുന്നുകൾ രൂപപ്പെട്ടേക്കുമെന്നാണ് പ്രദേശവാസിയായ മനോജ് പറയുന്നത്.
ക്ഷേത്രക്കടവിൽ മുങ്ങി നിവരാൻ വെള്ളമില്ല. തിരുവോണത്തോണി ചെളിയിലൂടെ വലിച്ചു കൊണ്ടുവരികയായിരുന്നു. സത്രക്കടവിലും സ്ഥിതി വ്യത്യസ്തമല്ല. നദി കുറുകെ നടന്നു വേണമെങ്കിലും മറുകരയിൽ തോട്ടപ്പുഴശേരി ഭാഗ
ത്ത് എത്താം.
ആറൻമുള പാർത്ഥസാരഥിയുടെ തിരുമുറ്റത്ത് ഇന്നും നാളെയും പൂരപ്പറമ്പു പോലെ ഭക്തർ നിറയേണ്ടതായിരുന്നു. വള്ളസദ്യയ്ക്കെത്തുന്നവരുടെ തിക്കിത്തിരക്കും കടകളിൽ ആറൻമുള കണ്ണാടികൾ നിറഞ്ഞിരിക്കുന്നതുമായിരുന്നു കാഴ്ച. ഉൗട്ടുപുരകളാകുന്ന ഒാഡിറ്റോറിയങ്ങൾ പൂട്ടിക്കിടക്കുന്നു. ഇന്നലെ കിഴക്കേ നടയിൽ തുറന്നത് ആറൻമുള കണ്ണാടിയുടെ ഒരു കട മാത്രം. വള്ളംകളി ദിവസം ആറൻമുള കണ്ണാടി വലിയ തോതിൽ വിറ്റുപോകുമായിരുന്നു. ഇത്തവണ കച്ചവടം നടക്കില്ലെന്ന് ആറൻമുള ഹാന്റിക്രാഫ്റ്റ് ഉടമ ആർ. മുരുകൻ പറഞ്ഞു.
ഇൗ വർഷം 400 വള്ളസദ്യകളാണ് മുടങ്ങിയത്. ആഗസ്റ്റ് നാലിനാണ് സദ്യ തുടങ്ങേണ്ടിയിരുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വള്ളസദ്യ അടുത്ത വർഷത്തേക്കു മാറ്റി. ഒരു ദിവസം 15വള്ളസദ്യകൾ വീതമാണ് നിശ്ചയിച്ചിരുന്നത്. വള്ളസദ്യകൾ മുടങ്ങിയത് കാരണം പാചകക്കാർക്ക് വലിയ നഷ്ടമുണ്ടായി. നൂറ് കണക്കിനാളുകളുടെ വരുമാനം ഇല്ലാതായി. ഒാട്ടോറിക്ഷക്കാർ, പൂവ്, മാല കച്ചവടക്കാർ, ലോഡ്ജുകാർ തുടങ്ങിയവരെയെല്ലാം ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |