ന്യൂഡൽഹി: വേൾഡ് ഇന്റലക്‌ച്വൽ പ്രോപ്പർട്ടി ഓർഗനൈസേഷൻ (ഡബ്ള്യു.ഐ.പി.ഒ) തയ്യാറാക്കിയ ആഗോള ഇന്നൊവേഷൻ സൂചികയിൽ (ജി.ഐ.ഐ) ഇന്ത്യയ്ക്ക് റാങ്കിംഗ് മുന്നേറ്റം. ജി.ഐ.ഐ - 2020 പട്ടികയിൽ 2019ലേതിൽ നിന്ന് നാലുസ്ഥാനങ്ങൾ മെച്ചപ്പെടുത്തി 48-ാം റാങ്ക് ഇന്ത്യ സ്വന്തമാക്കി. 131 രാജ്യങ്ങളാണ് പട്ടികയിലുള്ളത്.
സ്വിറ്റ്‌സർലൻഡിനാണ് പട്ടികയിൽ ഒന്നാംസ്ഥാനം. സ്വീഡൻ, അമേരിക്ക, ബ്രിട്ടൻ, നെതർലൻഡ്‌സ് എന്നിവയാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. ലോവർ - മിഡിൽ ഇൻകം വിഭാഗങ്ങൾ നയിക്കുന്ന സമ്പദ്‌വ്യവസ്ഥകളുടെ പട്ടികയിൽ മൂന്നാംസ്ഥാനമാണ് ഇന്ത്യയ്ക്ക്. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ടെക്‌നോളജി സേവനങ്ങൾ, കയറ്റുമതി, സർക്കാർ ഓൺലൈൻ സേവനങ്ങൾ, സയൻസിലും എൻജിനിയറിംഗിലും ബിരുദധാരികളുടെ എണ്ണം, ഗവേഷണ-വികസനങ്ങളിൽ അധിഷ്‌ഠിതമായ ആഗോള കമ്പനികളുടെ സാന്നിദ്ധ്യം എന്നീ ഘടകങ്ങൾ പരിഗണിച്ചുള്ള റാങ്കിംഗിൽ ആദ്യ 15ൽ ഇടം നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
ഐ.ഐ.ടി ഡൽഹി, ബോംബെ, ഇന്ത്യൻ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് (ഐ.ഐ.എസ്) ബംഗളൂരു, സയന്റിഫിക് പ്രസിദ്ധീകരണങ്ങൾ എന്നിവയുടെ പ്രയത്നങ്ങളും ഇന്ത്യയ്ക്ക് കരുത്തായെന്ന് ഡബ്ള്യു.ഐ.പി.ഒ വ്യക്തമാക്കി. ഏറ്റവും ഉയർന്ന ഇന്നൊവേഷൻ വൈദഗ്ദ്ധ്യമുള്ള രാജ്യമായി ഇന്ത്യയെ മാറ്റിയതിൽ അവയുടെ പങ്ക് വലുതാണെന്നും ഡബ്ള്യു.ഐ.പി.ഒ ചൂണ്ടിക്കാട്ടി.
ചൈന, ഫിലിപ്പീൻസ്, വിയറ്റ്‌നാം എന്നിവയും പട്ടികയിൽ ആദ്യ 50നുള്ളിൽ ഇടം പിടിച്ചു. മിഡിൽ-ഇൻകം സമ്പദ്‌വ്യവസ്ഥകളിൽ 14-ാം സ്ഥാനമാണ് ചൈനയ്ക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |