തിരുവനന്തപുരം: ടൂറിസം രംഗത്തെ പിന്നോട്ടുവലിക്കാൻ പലരും അനാവശ്യവിവാദങ്ങൾ സൃഷ്ടിക്കുന്നുവെന്നും ഇവയിൽ തട്ടി വീഴാതെ മുന്നോട്ടുപോകുമെന്നും മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ജെൻഡർ ഇൻക്ലൂസീവ് ആൻഡ് വിമൻ ഫ്രണ്ട്ലി ടൂറിസം പോളിസി എന്ന വിഷയത്തിൽ തിരുവനന്തപുരത്ത് നടന്ന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൂറിസം വകുപ്പ്, കേരള ഉത്തരവാദിത്വ ടൂറിസം മിഷൻ സൊസൈറ്റി, യു.എൻ വിമൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ഉത്തരവാദിത്ത ടൂറിസത്തിന് വേണ്ടിയുള്ള സമൂഹമാദ്ധ്യമ പോസ്റ്റുകൾ ചിലർ തെറ്റായി വ്യാഖ്യാനിക്കുന്നു. ടൂറിസം രംഗത്തേക്ക് കടന്നുവരുന്നവരെ പ്രോത്സാഹിപ്പിച്ച് കർമ്മപദ്ധതി തയാറാക്കും. ടൂറിസം രംഗത്ത് ജെൻഡർ ഓഡിറ്റ് ആദ്യം നടപ്പാക്കിയത് കേരളമാണ്. നിലവിൽ ആറ് വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജെൻഡർ ഓഡിറ്റ് നടത്തി. ഈ വർഷം 14 കേന്ദ്രങ്ങളിൽ കൂടി നടക്കും.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ചെയർമാൻ എസ്.കെ.സജീഷ് അദ്ധ്യക്ഷത വഹിച്ചു .യു.എൻ വിമൻ കൺട്രി റെപ്രസന്റേറ്റീവ് കാന്താ സിംഗ്,ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗം മിനി സുകുമാർ, ഉത്തരവാദിത്ത ടൂറിസം മിഷൻ സൊസൈറ്റി സി.ഇ.ഒ കെ.രൂപേഷ് കുമാർ,കേരള ട്രാവൽ മാർട്ട് സൊസൈറ്റി സെക്രട്ടറി എസ്.സ്വാമിനാഥൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |