ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ കാര്യക്ഷമത കൂട്ടുന്നതിനടക്കമുള്ള പരിശീലനത്തിനായി 'ഇന്റഗ്രേറ്റഡ് ഗവൺമെന്റ് ഓൺലൈൻ ട്രെയിനിംഗ് - ഐഗോട്ട് മിഷൻ കർമ്മ യോഗി പ്ലാറ്റ്ഫോം" എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി. താഴെത്തട്ടു മുതൽ ഓഫീസർ തസ്‌തിക വരെ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും തുടർച്ചയായി വിദഗ്‌ദ്ധ പരിശീലനം നൽകുകയാണ് ലക്ഷ്യം.
ചട്ടങ്ങളുടെ കെട്ടുപാട് നീക്കി ജീവനക്കാരുടെ കാര്യക്ഷമത വർദ്ധിപ്പിക്കലാണ് ലക്ഷ്യമെന്ന് മന്ത്രിസഭായോഗ തീരുമാനം അറിയിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. സർക്കാർ ജോലികൾക്ക് പൊതുപരീക്ഷ നടത്താനുള്ള തീരുമാനത്തിന്റെ തുടർച്ചയാണ് പദ്ധതി. സ്ഥിരപ്പെടുത്തൽ, ഒഴിവ് റിപ്പോർട്ട് ചെയ്യൽ, ജോലിച്ചുമതല നൽകൽ തുടങ്ങിയവയും പദ്ധതിയിലുണ്ടാകും.
പ്രധാന ലക്ഷ്യങ്ങൾ
ജീവനക്കാർക്ക് ക്രിയാത്മക, പ്രൊഫഷണൽ, സാങ്കേതിക കഴിവുകൾ, സുതാര്യത, വിശ്വാസ്യത, പ്രവർത്തന മികവ് എന്നിവ ഉറപ്പാക്കൽ
ലക്ഷ്യങ്ങൾ നേടാനുള്ള കഴിവും വ്യക്തിഗത മികവും ഉറപ്പാക്കും
വകുപ്പുകൾക്കുള്ള പരിശീലനം മൊത്തമായും വ്യക്തിഗതമായും
ദേശീയ-അന്താരാഷ്‌ട്ര തലത്തിൽ ലഭ്യമായ വിദഗ്‌ദ്ധ പരിശീലനം
ജീവനക്കാരുടെ ചുമതലകൾക്ക് ചട്ടക്കൂട് തയ്യാറാക്കി കാര്യക്ഷമത ഉറപ്പാക്കും.
പ്രൊബേഷനു ശേഷമുള്ള സ്ഥിരപ്പെടുത്തൽ, വർക്ക് അസൈൻമെന്റ്, ഒഴിവ് റിപ്പോർട്ട് ചെയ്യൽ തുടങ്ങിയവയും പദ്ധതിയുമായി ബന്ധിപ്പിക്കും.
ആവശ്യങ്ങൾക്കനുസരിച്ച് ഇന്ത്യൻ സംസ്‌കാരത്തെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ തനതായ പരിശീലന പദ്ധതി ഒരുക്കും.
സിവിൽ സർവീസ് ലീഡേഴ്സിനെ രൂപീകരിക്കൽ.
46 ലക്ഷം ജീവനക്കാരെ പരിശീലിപ്പിക്കാൻ 2020 മുതൽ 25 വരെ 510 കോടി ചെലവിടും
'മിഷൻ കർമ്മയോഗി"യുടെ പ്രധാന ഘടകങ്ങൾ
1. പ്രധാനമന്ത്രി അദ്ധ്യക്ഷനായുള്ള എച്ച്.ആർ കൗൺസിലിൽ മുഖ്യമന്ത്രിമാർ, കേന്ദ്ര മന്ത്രിമാർ, അന്താരാഷ്‌ട്ര, ദേശീയ വിദഗ്‌ദ്ധർ, സെക്രട്ടറിമാർ തുടങ്ങിയവർ അംഗങ്ങൾ
2. പരിശീലന പദ്ധതി രൂപീകരിക്കാനും പരിശീലന സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാനും പ്രത്യേക കപ്പാസിറ്റി ബിൽഡിംഗ് കമ്മിഷൻ.
3. ഡിജിറ്റൽ സംവിധാനങ്ങൾ ഒരുക്കാനും ഉള്ളടക്കം തയ്യാറാക്കൽ, സർട്ടിഫിക്കേഷൻ നൽകൽ, തുടർച്ചയായ അപ്രൈസൽ നൽകൽ തുടങ്ങിയവയ്‌ക്കായി പ്രത്യേക കമ്പനി. കമ്പനിയുടെ ഉടമസ്ഥാവകാശം ഐഗോട്ട് മിഷൻ കർമ്മ യോഗി പ്ലാറ്റ്ഫോമിന്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |