മാള: പരിഭവങ്ങളൊന്നുമില്ല ഡോ.ടി.വി റോഷിന്. 24 മണിക്കൂറും സർക്കാർ ആശുപത്രിയിലെ സേവനം ആസ്വദിച്ചാണ് ചെയ്യുക. കൊവിഡ് കാലത്ത് കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്കൊപ്പം രാത്രി പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിലും സേവനം. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയെ ജനകീയവത്കരിച്ചതോടെ ജനമനസ് കീഴടക്കിയ റോഷിന്റെ സ്ഥലംമാറ്റം പോലും വിവാദമാകുന്നത് അതിനാലാണ്.
ആരോഗ്യവകുപ്പിനും നഗരസഭയ്ക്കും ഒപ്പം ടി.വി റോഷിന്റെ നിർവഹണശേഷിയുമാണ് സ്വകാര്യ ആശുപത്രിയെ വെല്ലുന്ന തരത്തിലുള്ള നിലവാരത്തിലേക്ക് താലൂക്ക് ആശുപത്രിയെ മാറ്റിയത്. രോഗികളോടും ബന്ധുക്കളോടും ജനപ്രതിനിധികളോടും ഒരു സർക്കാർ ജീവനക്കാരൻ ഇടപെടേണ്ടത് ഏത് വിധത്തിലായിരിക്കണമെന്നതിന് നല്ല മാതൃകയാണ് ഈ ഡോക്ടർ.
കൊവിഡ് രോഗികൾ നിറഞ്ഞപ്പോൾ താലൂക്ക് ആശുപത്രിയിൽ സൗകര്യമില്ലാത്തതിനാൽ പൊയ്യ കുടുംബാരോഗ്യ കേന്ദ്രത്തിലും അവിടെ നിന്നുള്ളവരുടെ കിടത്തി ചികിത്സ തുടങ്ങിയിട്ടുണ്ട്. ജൂൺ 15 മുതൽ ഡോ. റോഷ് പൊയ്യയിലും രാത്രി സേവനം ചെയ്യും. വൈകീട്ട് കൊടുങ്ങല്ലൂരിൽ നിന്ന് രാത്രിയിലേക്കുള്ള ഭക്ഷണവുമായി പൊയ്യയിലേക്ക് വരുന്ന ഡോക്ടർ രാവിലെ വീണ്ടും താലൂക്ക് ആശുപത്രിയിലേക്ക് തിരിച്ചുപോകും. രണ്ടാഴ്ചയിലൊരിക്കൽ വലപ്പാടുള്ള വീട്ടിൽ പോയി കുടുംബത്തോടൊപ്പം ഒരു നേരത്തെ ഭക്ഷണം കഴിച്ച് മടങ്ങും.
പഴുവിൽ സെന്റ് ആന്റണീസ് സ്‌കൂൾ, നാട്ടിക എസ്.എൻ കോളേജ് എന്നിവിടങ്ങളിലായിരുന്നു റോഷിന്റെ പഠനം. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് 1994 ൽ പഠനം പൂർത്തിയാക്കിയ ടി.വി റോഷ് എളവള്ളി, കയ്പ്പമംഗലം, വലപ്പാട് എന്നിവിടങ്ങളിൽ സേവനം ചെയ്ത ശേഷമാണ് 2014 സെപ്തംബറിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെത്തുന്നത്. ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള വിഭവശേഖരണത്തിന് ജനകീയ മാതൃകകൾ സൃഷ്ടിക്കുകയായിരുന്നു ഈ ഡോകർ. അതിന്റെ പ്രതിഫലനമാണ് അവിടെ ഒരുങ്ങിയ സംവിധാനങ്ങൾ.
താലൂക്ക് ആശുപത്രിയിൽ ഒരുങ്ങിയ സംവിധാനങ്ങൾ
ഹീമോ ഡയാലിസിസ് യൂണിറ്റ്
അൾട്രാ സൗണ്ട് യൂണിറ്റ്
ഫിസിയോ തെറാപ്പി യൂണിറ്റ്
സ്പീച്ച് തെറാപ്പി യൂണിറ്റ്
കീമോ തെറാപ്പി
ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി യൂണിറ്റ്
മാമോഗ്രാം യൂണിറ്റ്
വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റ്
രക്ത സംഭരണ യൂണിറ്റ്
പി.ഒ.പി വാർഡുകൾ
ഓപറേഷൻ തിയേറ്റർ
ഇൻസുലേറ്റർ
മോഡുലാർ ഫാർമസി
ഇ.എൻ.ടി ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്
ഹെമറ്റോളജി അനലൈസർ
പവർ ലോൺട്രി
"
നഗരസഭയുടെയും ആരോഗ്യ വകുപ്പിന്റെയും പദ്ധതികൾ കൃത്യമായി നടപ്പാക്കാനായി. കൊവിഡ് രോഗികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ആശങ്കകളില്ലാതെ ജീവനക്കാരെ ഒരുക്കാൻ കഴിഞ്ഞത് കൃത്യമായ പരിശീലനത്തിലൂടെയാണ്. എല്ലാവരും സഹകരിച്ച് കൈകോർത്തതോടെയാണ് പരാതികളില്ലാതെ സുതാര്യമായി ആശുപത്രിയുടെ വികസനം നടപ്പാക്കാനായത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവർക്കൊപ്പം നിന്നിട്ടുണ്ട്. എല്ലാ ജോലിയും ആസ്വദിച്ച് ചെയ്യുന്നതിനാൽ ഭാരമായി അനുഭവപ്പെടാറില്ല.
ഡോ. ടി.വി. റോഷ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |