കാസർകോട് : സംശയ സാഹചര്യത്തിൽ കണ്ട രണ്ടുകാറുകൾ പൊലീസ് പരിശോധിക്കുന്നതിനിടെ ഏഴുപേർ ഓടി രക്ഷപ്പെട്ടു. തുടർന്ന് കാറുകൾ പരിശോധിച്ചപ്പോൾ 17,89,000 രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ ഉപ്പള ടൗണിലാണ് ഹൈവേ പൊലീസിന്റെ പരിശോധനക്കിടെ ഒരു ഇന്നോവ കാറും രണ്ട് ആൾട്ടോകാറുകളും കണ്ടത്.
പൊലീസിനെ കണ്ടതോടെ ഇന്നോവ കാർ അമിത വേഗത്തിൽ ഓടിച്ചുപോയി. തുടർന്ന് മറ്റു രണ്ടുകാറുകൾക്കരികിൽ പൊലീസ് എത്തുമ്പോഴേക്കും ഏഴുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. കാറുകൾ പരിശോധിച്ചപ്പോഴാണ് നിരോധിച്ച 1000 രൂപയുടെ നോട്ടു കെട്ടുകൾ കണ്ടെത്തിയത്. ഒരു കാറിൽ 12,89,000 രൂപയും മറ്റേകാറിൽ അഞ്ച് ലക്ഷം രൂപയുമായിരുന്നു ഉണ്ടായിരുന്നത്. പണം ശേഖരിക്കാനെത്തിയവരാണ് ഇന്നോവ കാറിൽ കടന്നുകളഞ്ഞതെന്ന് സംശയിക്കുന്നു. പഴയ നോട്ടുകൾ ഏറ്റെടുക്കുന്ന വലിയൊരു സംഘം തന്നെ ജില്ലയിൽ പ്രവർത്തിച്ചുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. നിരോധിച്ച നോട്ടുകൾ ഇപ്പോഴും ശേഖരിക്കുന്നുണ്ടെന്ന വിവരം പൊലീസിനെ ഞെട്ടിച്ചിരിക്കുകയാണ്. ഹൈവേ എസ്.ഐ കുമ്പള പൊലീസ് സ്റ്റേഷനിലെ കെ.പി.വി രാജീവൻ, സിവിൽ പൊലീസ് ഓഫീസർമാരായ സുനേഷ്, സജീഷ്, ഡ്രൈവർ ഹരീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാറുകളും പണവും മഞ്ചേശ്വരം പൊലീസിന് കൈമാറി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |