കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒയായി മുരളി രാമകൃഷ്‌ണനെ നിയമിച്ചു. ഒക്‌ടോബർ ഒന്നു മുതൽ മൂന്നുവർഷത്തേക്കാണ് നിയമനം. ഇതിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു. നിലവിലെ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ വി.ജി. മാത്യു വിരമിക്കുന്ന ഒഴിവിലാണ് നിയമനം.
ഐ.സി.ഐ.സി.ഐ ബാങ്കിൽ നിന്ന് സീനിയർ ജനറൽ മാനേജരായി ഈവർഷം മേയ് 30ന് വിരമിച്ച മുരളി രാമകൃഷ്‌ണൻ, ജൂലായ് ഒന്നുമുതൽ ബാങ്കിന്റെ ഉപദേശകനായി പ്രവർത്തിക്കുകയായിരുന്നു. ഐ.സി.ഐ.സി.ഐ ബാങ്കിൽ ഹോങ്കോംഗ് ചീഫ് എക്‌സിക്യൂട്ടീവ്, നോർത്ത് ഏഷ്യ, ശ്രീലങ്ക, മിഡിൽ ഈസ്‌റ്റ്, ആഫ്രിക്ക റീജിയണൽ ഹെഡ് പദവികളും വഹിച്ചിട്ടുണ്ട്. വിദേശത്ത്, വിവിധ മേഖലകളിലായി 2,000 കോടി ഡോളറിന്റെ ബാങ്കിംഗ് പ്രവർത്തനങ്ങൾ അദ്ദേഹം കൈകാര്യം ചെയ്‌തിരുന്നു.
ദേശീയ-അന്താരാഷ്‌ട്ര ബാങ്കിംഗ് രംഗത്ത് 34 വർഷത്തെ പരിചയസമ്പത്തുള്ള മുരളി റീട്ടെയിൽ, എസ്.എം.ഇ., കോർപ്പറേറ്റ്, പ്രൊജക്‌ട് ഫിനാൻസ്, അന്താരാഷ്‌ട്ര ബിസിനസ്, റിസ്‌ക്, പോളിസി ആൻഡ് ബി.ഐ.യു വിഭാഗങ്ങൾ കൈകാര്യം ചെയ്‌തിട്ടുണ്ട്. കെമിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ് മുരളി. ഐ.ഐ.എം ബംഗളുരുവിൽ നിന്ന് ഫിനാൻസ് ആൻഡ് മാർക്കറ്റിംഗിൽ ബിരുദാനന്തര ഡിപ്ളോമയും സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |