സ്‌റ്റാർട്ടപ്പുകളും ഇനി മുൻഗണനാ പട്ടികയിൽ
മുംബയ്: ചെറുകിട-ഇടത്തരം കർഷകർക്കുള്ള വായ്‌പാവിഹിതം വർദ്ധിപ്പിച്ച് റിസർവ് ബാങ്ക്. ബാങ്കുകളുടെ മൊത്തം വായ്‌പാമൂല്യത്തിന്റെ എട്ടു ശതമാനത്തിൽ നിന്ന് 10 ശതമാനത്തിലേക്കാണ് വിഹിതം ഉയർത്തിയത്. കർഷകർക്ക് വായ്‌പ നൽകാൻ കൂടുതൽ തുക വകയിരുത്താൻ ഇതോടെ ബാങ്കുകൾക്ക് കഴിയും. ഇതു വായ്‌പാ ലഭ്യത ഉയർത്തും.
റിന്യൂവബിൾ എനർജി, ആരോഗ്യമേഖല എന്നീ മേഖലകൾക്കുള്ള വായ്‌പാ പരിഗണന ഉയർത്തണമെന്നും ബാങ്കുകളോട് റിസർവ് ബാങ്ക് നിർദേശിച്ചിട്ടുണ്ട്. സ്‌റ്റാർട്ടപ്പുകളെയും റിന്യൂവബിൾ എനർജി മേഖലയെയും മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി പുതിയ ചട്ടവും റിസർവ് ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. വായ്‌പാ മുൻഗണനാ പട്ടികയിൽ ഇവയെ ഉൾപ്പെടുത്തുമെന്ന് ആഗസ്‌റ്റിലെ ധനനയ നിർണയ യോഗത്തിൽ റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു.
50 കോടി രൂപവരെയുള്ള സ്‌റ്റാർട്ടപ്പ് വായ്‌പകളെയാണ് മുൻഗണനാ പട്ടികയിൽ (പ്രയോറിട്ടി സെക്‌ടർ ലെൻഡിംഗ്) ഉൾപ്പെടുത്തുക. കേന്ദ്രസർക്കാരിന്റെ 'ആയുഷ്‌മാൻ ഭാരത്" സ്‌കീമിൽ ഉൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ പദ്ധതികൾക്കുള്ള വായ്‌പാ പരിധി 10 കോടി രൂപയിലേക്കും ഉയർത്തി. 30 കോടി രൂപയിലേക്ക് റിന്യൂവബിൾ എനർജി മേഖലയുടെ വായ്‌പാപരിധിയും ഉയർത്തിയിട്ടുണ്ട്.
ദുർബലവിഭാഗങ്ങൾക്കുള്ള വായ്‌പാ വിഹിതം 12 ശതമാനമായും റിസർവ് ബാങ്ക് വർദ്ധിപ്പിച്ചു. 20 ശാഖയിൽ താഴെ മാത്രമുള്ള വിദേശ ബാങ്കുകൾ ഒഴികെയുള്ളവ ഇതു നടപ്പാക്കണം. റീജിയണൽ റൂറൽ ബാങ്കുകൾ നിലവിൽത്തന്നെ 15 ശതമാനം വിഹിതം മാറ്റിവച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |