പത്തനംതിട്ട : കൊവിഡ് മൂലം ജില്ലയിൽ മരണമടയുന്നവരിൽ ഭൂരിഭാഗം പേരും മുതിർന്ന പൗരന്മാരാണ്. കുടുംബാംഗങ്ങളിൽ നിന്നും പരിചരിക്കുന്ന വ്യക്തികളിൽ നിന്നുമാണ് കൂടുതൽ പേർക്കും രോഗം പകർന്നിട്ടുള്ളത്. റിവേഴ്സ് ക്വാറന്റൈൻ നടപ്പാക്കുന്നതിലുള്ള ശ്രദ്ധക്കുറവിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ജില്ലയിൽ രണ്ടു ലക്ഷത്തിൽ അധികം മുതിർന്ന പൗരന്മാരുണ്ട്. അവരെ രോഗത്തിൽ നിന്ന് സംരക്ഷിക്കേണ്ട ചുമതല കുടുംബാംഗങ്ങൾക്കുണ്ട്. യാത്ര ചെയ്യുകയും തിരക്കുള്ള സ്ഥലങ്ങളിൽ പോകുകയും ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്യുന്ന കുടുംബാംഗങ്ങൾ മുതിർന്ന പൗരന്മാരുമായും ഗുരുതരമായ രോഗങ്ങൾ ഉള്ളവരുമായും ചെറിയ കുട്ടികളുമായും സമ്പർക്കത്തിൽ വരാതെ ശ്രദ്ധിക്കണം. കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലും കെയർ സെന്ററുകളിലും ജോലി ചെയ്യുന്നവരും കുടുംബാംഗങ്ങളുമായി ഇടപഴകുമ്പോൾ നിയന്ത്രണങ്ങൾ പാലിക്കണം. പ്രായമായവരെയും കിടപ്പു രോഗികളേയും പരിചരിക്കുന്നവർ പ്രത്യേക ശ്രദ്ധ പുലർത്തണം.
മാർക്കറ്റുകൾ, മറ്റ് പൊതുഇടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മുതിർന്ന പൗരന്മാർക്ക് രോഗം ബാധിക്കുന്നതിനുള്ള സാദ്ധ്യത മറ്റുള്ളവരെ അപേക്ഷിച്ച് പതിന്മടങ്ങ് കൂടുതലാണ്. അതിനാൽ അടിയന്തിര സാഹചര്യങ്ങളിലൊഴികെ മുതിർന്ന പൗരന്മാർ പുറത്തു പോകാൻ പാടില്ല. സന്ദർശകരുമായി ഇടപഴകുന്നതിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. സാധാരണ ചികിത്സാ നിർദേശങ്ങൾക്ക് ഇ സഞ്ജീവനി പോലെയുള്ള മാർഗങ്ങൾ അവലംബിക്കണം.
റിവേഴ്സ് ക്വാറന്റൈൻ പൂർണമായി നടപ്പാക്കണം. ഇതിൽ ഉദാസീനത കാട്ടിയാൽ ജില്ലയിൽ മരണ നിരക്ക് കുത്തനെ ഉയരും.
ഡോ. എ.എൽ. ഷീജ,
ജില്ലാ മെഡിക്കൽ ഓഫീസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |