ഹൈദരാബാദ്: അമാനുഷികരായ പൊലീസ് ഓഫീസർമാരെ നായികന്മാരായി ചിത്രീകരിക്കുന്ന 'സിങ്കം" പോലുള്ള സിനിമകൾ പുതിയ പൊലീസ് ഓഫീസർമാർ പ്രചോദനമായി സ്വീകരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിലെ സർദാർ വല്ലഭായ് പട്ടേൽ നാഷണൽ പൊലീസ് അക്കാഡമിയിൽ നിന്ന് പരിശീലനം കഴിഞ്ഞ് പുറത്തിറങ്ങുന്ന ഐ.പി.എസ് പ്രൊബേഷണറി ഉദ്യോഗസ്ഥരെ വീഡിയോ കോൺഫറൻസിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കാക്കി യൂണിഫോമിന്റെ പേരിൽ അഭിമാനിക്കാനും അത് നൽകുന്ന അധികാരം ദുരുപയോഗം ചെയ്യാതിരിക്കാനും പ്രധാനമന്ത്രി പൊലീസ് ഉദ്യോഗസ്ഥരെ ഉപദേശിച്ചു. ഒരിക്കലും കാക്കി യൂണിഫോമിന് ലഭിക്കുന്ന ബഹുമാനം നഷ്ടപ്പെടുത്തരുത്. 'സിങ്കം' പോലുള്ള സിനിമകൾ കണ്ട് ചില പൊലീസ് ഉദ്യോഗസ്ഥർ സ്വയം വലിയവരാണെന്ന് വിചാരിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. അവർ ചെയ്യുന്ന നല്ല കാര്യങ്ങൾ പോലും പരിഗണിക്കപ്പെടാതെ പോകാൻ ഇത് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
സമ്മർദ്ദം ഒഴിവാക്കാൻ യോഗയും പ്രാണായാമവും പുതിയ ഓഫിസർമാർക്ക് നിർദ്ദേശിക്കാനും അദ്ദേഹം മറന്നില്ല.
അതീവ സമ്മർദം അനുഭവിച്ചുകൊണ്ട് ജോലി ചെയ്യുമ്പോൾ യോഗയും പ്രാണായാമവും വളരെ പ്രധാനമാണ്. എത്ര കഠിനമായ ജോലി ചെയ്താലും യോഗയും പ്രാണായാമവും ചെയ്യുന്നവർക്ക് സമ്മർദ്ദം അനുഭവപ്പെടില്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് കാലത്ത് പൊലീസ് നടത്തിയ സേവങ്ങളെ അദ്ദേഹം പ്രശംസിച്ചു. ലോക്ക്ഡൗണിൽ നടത്തിയ സേവനങ്ങൾ പൊലീസിന്റെ മാനുഷിക മുഖം ജനങ്ങളുടെ മനസിൽ എക്കാലവും പതിയാൻ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിത ഏറ്റുമുട്ടലുകൾ ഏതു സമയത്തും ഉണ്ടാകാൻ വളരെയധികം സാദ്ധ്യതയുള്ള ജോലിയാണ് പോലീസിന്റേത്. അതുകൊണ്ടുതന്നെ ഏതു സമയത്തും അതീവ ജാഗ്രതയുള്ളവരായിരിക്കണമെന്നും മോദി കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |