അമ്പലപ്പുഴ: ഡോക്ടർമാർ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് ബാധിച്ചതോടെ ആലപ്പുഴ മെഡി. ആശുപത്രിയിൽ, ഒ.പി ചികിത്സ മുടങ്ങിയതിനു പിന്നാലെ വിവിധ ഐ.സി.യുകളും അടച്ചുപൂട്ടി.
കഴിഞ്ഞ ദിവസങ്ങളിലായി ഡോക്ടർമാർ, നഴ്സുമാർ തുടങ്ങി അറുപതോളം പേർക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി തടസപ്പെട്ടിരുന്നു. ദിവസം കഴിയുംതോറും നിരവധി ജീവനക്കാർക്ക് കൊവിഡ് പിടിപെട്ടതോടെ ഓരോ വിഭാഗങ്ങളായി അടച്ചു പൂട്ടുകയായിരുന്നു. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടി ആശുപത്രിയിലെത്തുന്നവർക്കും കൊവിഡ് പടരുകയാണ്. ഇതോടെ കഴിഞ്ഞ ദിവസം മുതൽ ഒ.പികളുടെ പ്രവർത്തനം താത്കാലികമായി നിറുത്തി. തുടർന്നാണ് വിവിധ ഐ.സി.യുകളുടെ പ്രവർത്തനവും അവസാനിപ്പിച്ചത്.നിലവിൽ ട്രോമാ, കാർഡിയോളജി, കൊവിഡ് ഐ.സി.യുകൾ മാത്രമാണ് പ്രവർത്തിക്കുന്നത്.സർജറി ഐ.സി.യു, എസ്.ഐ.സി.യു, എം.ഐ.സി. യു, സ്റ്റെപ്പ് ഡൗൺ ഐ.സി.യു, സ്ട്രോക്ക് ഐ.സി.യു, ശിശുരോഗ വിഭാഗം ഐ.സി.യു, എച്ച്.ഡി.ഐ.സി.യു, കീമോ തുടങ്ങിയ വിഭാഗങ്ങൾ പൂർണമായി അടച്ചു.
ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനം ഭാഗികമായി പുന:സ്ഥാപിച്ചിട്ടുണ്ട്.നിലവിൽ അത്യാഹിത വിഭാഗത്തിലെ അടിയന്തിര ചികിത്സ മാത്രമാണ് മെഡി. ആശുപത്രിയിൽ ലഭ്യമാകുന്നത്. കൂടാതെ വാർഡുകളിലും ചികിത്സ നടക്കുന്നുണ്ട്. പ്രതിദിനം ആയിരക്കണക്കിനു പേരാണ് ഒ.പിയിൽ ചികിത്സ തേടിയെത്തിയിരുന്നത്. അടിയന്തിര ചികിത്സ മുടങ്ങില്ലെന്ന് അധികൃതർ പറയുമ്പോഴും ചികിത്സയ്ക്കായി സാധാരണക്കാർ വലിയ തുക ചെലവഴിച്ച് സ്വകാര്യ ആശുപത്രികളിലെത്തുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |