തൃശൂർ: വടക്കാഞ്ചേരിയിലെ ഫ്‌ളാറ്റ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പുതിയ തലത്തിലേക്ക്. നിർമ്മാണവും കരാറും അഴിമതിയും പുകയുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബേബി ജോൺ, അഴിമതി ആരോപണം ഉയർത്തിയ അനിൽ അക്കര എം.എൽ.എയെ സാത്താന്റെ സന്തതി എന്ന് വിളിച്ചതാണ് പുതിയ വിവാദം.
കഴിഞ്ഞ ദിവസം വടക്കാഞ്ചേരിയിൽ സി.പി.എം സംഘടിപ്പിച്ച സത്യഗ്രഹ സമരത്തിനിടെയായിരുന്നു വ്യക്തിപരമായ അധിക്ഷേപം. പരാമർശത്തിനെതിരെ എം.എൽ.എയുടെ അമ്മ ലില്ലി തന്നെ രംഗത്തെത്തിയതോടെ വിവാദം കൊഴുക്കുകയാണ്. പഴയ സഖാവിനെയാണ് സി.പി.എം നേതാവ് സാത്താനെന്ന് വിളിച്ചതെന്ന് പറഞ്ഞ് പാർട്ടി അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനിൽ അക്കരയുടെ അമ്മ കത്തെഴുതി.
എം.എൽ.എക്കെതിരെ സി.പി.എം നേതാവ് നടത്തിയ പരാമർശത്തിനെതിരെ ജില്ലയിലെ കോൺഗ്രസും രംഗത്ത് വന്നു. കഴിഞ്ഞ ദിവസം സാത്താൻ ആരാണെന്ന് കണ്ണാടി നോക്കിയാൽ മനസിലാകുമെന്ന് അനിൽ അക്കര തിരിച്ചടിച്ചിരുന്നു. അതേ സമയം സംഭവത്തിൽ സി.പി.എം ജില്ലാ നേതൃത്വം പ്രതികരിച്ചിട്ടില്ല.
കണ്ണാടി സമരം
അനിൽ അക്കരയെ അധിക്ഷേപിച്ച സി.പി.എം നേതാവിന്റെ നടപടിയിൽ പ്രതിഷേധിച്ച് കണ്ണാടി അയച്ച് കൊടുത്താണ് കോൺഗ്രസ് സമര പരിപാടികൾക്ക് തുടക്കമിട്ടത്. സംസ്‌കാര സാഹിതിയും ബേബി ജോണിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |