തിരുവനന്തപുരം: കെ.പി.സി.സി അംഗവും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറിയുമായ ലീനയുടെ മുട്ടത്തറയിലെ വീട് ആക്രമിച്ച സംഭവത്തിൽ ലീനയുടെ മകൻ ലിഖിൻ കൃഷ്ണയെ (21) പൂന്തുറ പൊലീസ് അറസ്റ്റുചെയ്‌തു ജാമ്യത്തിൽ വിട്ടു. വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക പശ്ചാത്തലത്തിൽ രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അയ്യങ്കാളി ജയന്തിയിൽ നടന്ന കിറ്റ് വിതരണവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.പി.എം പ്രവർത്തകരുമായി വാക്കുതർക്കമുണ്ടായിരുന്നു. ഇൗ പശ്ചാത്തലത്തിൽ സി.പി.എം പ്രവർത്തകരെ കേസിൽ കുടുക്കാനുള്ള ശ്രമമായിരുന്നു ആസൂത്രിത ആക്രമണം. ലിഖിൻ കൃഷ്ണയെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്‌തതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തറിഞ്ഞത്. ആക്രമണം നടക്കുന്ന തലേന്ന് രാത്രി ലിഖിൻ സുഹൃത്തിനെ വിളിച്ച് പിറ്റേന്ന് ഫോൺ വിളിക്കുമ്പോൾ വീട്ടിലെത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ലീനയുടെ അറിവോടെയായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. ലിഖിനിന്റെയും സുഹൃത്തുക്കളുടെയും പരസ്‌പര വിരുദ്ധമായ മൊഴികളാണ് പൊലീസിന് തുമ്പായത്. പിന്നീട് ഇവരെ വെവ്വേറെ ചോദ്യം ചെയ്‌തതോടെ സംഭവം ആസൂത്രിതമാണെന്ന് ഇവർ സമ്മതിക്കുകയായിരുന്നു. പൊലീസ് ഇവരുടെ ഫോൺ വിളികളും പരിശോധിച്ചു. ഇരട്ടക്കൊലപാതകത്തിനു പിന്നാലെ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി വീട് ആക്രമിച്ചെന്നായിരുന്നു ലീനയുടെ ആരോപണം. സംഭവത്തിൽ ഇവർ പൊലീസിനു പരാതി നൽകുകയും ചെയ്‌തു. സംഭവത്തിന് ശേഷം ലീനയുടെ വീട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും സന്ദർശിച്ചിരുന്നു. ബുധനാഴ്ച പുലർച്ചെ രണ്ടോടെയായിരുന്നു സംഭവം. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു. ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നും അക്രമികൾ രക്ഷപ്പെട്ടെന്നുമായിരുന്നു വിശദീകരണം. ഉറങ്ങുകയായിരുന്ന തനിക്കും മകനും സാരമായ പരിക്കേറ്റെന്നും ലീന പറഞ്ഞു. ആക്രമണത്തിന് പിന്നിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നായിരുന്നു ലീനയുടെ ആരോപണം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും നടത്തിയിരുന്നു. എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ലിഖിൽ ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |