തിരുവനന്തപുരം: ശ്രീപദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ രാജഭരണകാലം മുതൽ ശംഖുംമുഖത്തേക്ക് പതിവുള്ള ചരിത്ര പ്രസിദ്ധമായ ആറാട്ടുഘോഷയാത്ര ഇത്തവണയുണ്ടാകില്ല. പകരം ക്ഷേത്രത്തിന് മുന്നിലെ പദ്‌മതീർഥക്കുളത്തിൽ ചെറിയ തോതിൽ ആറാട്ട് നടത്താനുള്ള ഒരുക്കങ്ങൾ നടത്താനാണ് തീരുമാനം. പള്ളിവേട്ട, ഉത്സവത്തോടനുബന്ധിച്ചുള്ള കലശങ്ങൾ എന്നിവയും ചെറിയ തോതിൽ നടത്തും.
ആറാട്ടിന് തലേന്ന് നടക്കാറുള്ള പള്ളിവേട്ടയും വേട്ടക്കളത്തിലേക്കുള്ള എഴുന്നള്ളത്തും ഒഴിവാക്കി ക്ഷേത്രത്തിന് സമീപത്ത് നടത്താനാണ് നിശ്‌ചയിച്ചിരിക്കുന്നത്. ഓരോ ഉത്സവത്തിനും ശ്രീപദ്മനാഭസ്വാമിക്കൊപ്പം സമീപത്തെ നാല് ദേവസ്വങ്ങളിലെ ആറാട്ടു കൂടി ശംഖുംമുഖത്ത് നടക്കാറുണ്ട്. പദ്മതീർത്ഥ കുളത്തിൽ ആറാട്ട് നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ശ്രീവരാഹം ഉൾപ്പടെ നാലു ക്ഷേത്രങ്ങളിലെ കൂടിയാറാട്ടും ശംഖുംമുഖത്തു നിന്ന് മാറ്റി പദ്മതീർഥത്തിൽ നടത്തും.
നിരവധി ഭക്തർ പങ്കെടുക്കുന്ന ഘോഷയാത്ര കടന്നുപോകാനായി തിരുവനന്തപുരം വിമാനത്താവളം തുറന്നു കൊടുക്കുന്ന അപൂർവതയും ക്ഷേത്രത്തിലെ ഉത്സവത്തിനുണ്ട്. ആറാട്ടിനു വേണ്ടി വിമാനങ്ങളുടെ സമയക്രമീകരണങ്ങളിൽ പോലും മാറ്റം അന്നേ ദിവസം മാറ്റങ്ങൾ വരുത്താറുണ്ട്. രണ്ട് ഉത്സവങ്ങളാണ് ക്ഷേത്രത്തിൽ പതിവായി നടത്താറുള്ളത്. ഇവയിൽ അൽപ്പശി ഉത്സവം ഒക്‌ടോബർ പതിനഞ്ചിന് ആരംഭിക്കേണ്ടതാണ്. അതിനു മുമ്പായി മാർച്ചിൽ മാറ്റിവച്ച പൈങ്കുനി ഉത്സവം ക്ഷേത്രത്തിൽ നടക്കേണ്ടതുണ്ട്. ഇതേ തുടർന്നാണ് ചടങ്ങുകൾ മാത്രമായി ഉത്സവം നടത്താൻ തീരുമാനിച്ചത്. ഒക്‌ടോബറിൽ നടക്കുന്ന അൽപ്പശി ഉത്സവം രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നീട്ടിവയ്‌ക്കാനാണ് തീരുമാനം.
കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് മുതൽ ഭക്തർക്ക് പ്രവേശനം തടഞ്ഞ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ ഒരാഴ്‌ച മുമ്പാണ് നിയന്ത്രണത്തോടെ പ്രവേശനം അനുവദിച്ച് തുടങ്ങിയത്. ഓൺലൈനായി ബുക്ക് ചെയ്യുന്ന 650 പേരെയാണ് ഒരു ദിവസം പ്രവേശനത്തിനായി ക്ഷേത്രത്തിലേക്ക് അനുവദിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |