തിരുവനന്തപുരം: കരമന കളിയിക്കാവിള ദേശീയ പാത എപ്പൊ ശരിയാകുമെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ഉത്തരം തരാൻ ആർക്കുമാവില്ല. അത്തരത്തിലാണ് അതിന്റെ പോക്ക്. ഒച്ചിന്റെ വേഗതയിലാണ് പാതയുടെ നിർമ്മാണം നടക്കുന്നത്. തൊട്ടപ്പുറത്ത് കഴക്കൂട്ടം - കാരോട് ദേശീയ പാത വികസനം മിന്നൽ വേഗതയിൽ നടക്കുമ്പോഴാണ് കരമന കളിയിക്കാവിള പാത നിർമ്മാണം ഇഴഞ്ഞു നീങ്ങുന്നത്. ഇപ്പോൾ വെടിവച്ചാൻ കോവിൽ മുതൽ കൊടിനട വരെയുള്ള ഭാഗം മാത്രമാണ് ടാർ ചെയ്തിട്ടുള്ളത്. ബാക്കി ഭാഗം മെറ്റൽ പാകിയ നിലയിലാണ്. ഇതിനിടെ പള്ളിച്ചൽ ഭാഗത്ത് കലുങ്ക് നിർമ്മാണം നടക്കുന്നതിനാൽ ഗതാഗത കുരുക്കും രൂക്ഷമാണ്. മെറ്റൽ പാകിയ ഭാഗം ടാർ ചെയ്തിരുന്നെങ്കിൽ അത്രയും ദൂരമെങ്കിലും യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാമായിരുന്നു. ഇപ്പോൾ മഴകൂടി കനത്തതോടെ മെറ്റിൽ പാകിയ ഭാഗത്തുകൂടെയുള്ള യാത്രയും ദുഷ്കരമായിരിക്കുകയാണ്.
2010ലാണ് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ കരമന-കളിയിക്കാവിള ദേശീയ പാത വികസന പ്രവർത്തനം ഉദ്ഘാടനം ചെയ്തത്. എന്നാൽ പണി തുടങ്ങാൻ അടുത്ത മന്ത്രിസഭ വരേണ്ടിവന്നു. ഉമ്മൻ ചാണ്ടിയുടെ കാലത്ത് കരമന മുതൽ പ്രാവച്ചമ്പലം വരെയുള്ള ഭാഗം വികസിപ്പിച്ചു. 2016ൽ പുതിയ സർക്കാർ വന്നു. അടുത്ത വർഷമാവുമ്പോഴേക്കും അഞ്ചര കിലോമീറ്റർ പൂർത്തിയാവുമെന്നാണ് പ്രതീക്ഷ. അവിടെ നിന്നങ്ങോട്ടുള്ള റോഡിന്റെ സ്ഥലമേറ്റെടുപ്പും ആയിട്ടില്ല.
എതിർപ്പ് ശക്തം
പാത നിർമ്മാണം വൈകുന്നതിന് പ്രധാന കാരണം നിക്ഷിപ്ത താത്പര്യക്കാരുടെ എതിർപ്പാണ്. മുഖ്യമന്ത്രി റോഡിന് തറക്കല്ലിട്ടപ്പോൾ ഒളിഞ്ഞും തെളിഞ്ഞും എതിർക്കുകയായിരുന്ന പലരും ചെയ്തത്. തറക്കല്ലിടലിന്റെ അടുത്ത ദിവസം ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യുകയുമുണ്ടായി. ഭൂമി,പാർപ്പിട സംരക്ഷണ സമിതിയെന്ന് പേരിലായിരുന്നു എതിർപ്പ്. സെന്റിന് 10 മുതൽ 14 ലക്ഷം രൂപവരെ നഷ്ടപരിഹാരം ലഭിച്ചപ്പോൾ പല എതിർപ്പുകളും ഇല്ലാതായി.
വീണ്ടും സജീവമായി
2012ലാണ് വീണ്ടും ദേശീയ പാത വികസനം സജീവമായത്. ആദ്യമുണ്ടായിരുന്നത് നീറമൺകര മുതൽ വഴിമുക്ക് വരെ ഒറ്റ റീച്ച് ആയിരുന്നു. പിന്നീടത് നീറമൺകര- പ്രാവച്ചമ്പലം, പ്രാവച്ചമ്പലം -വഴിമുക്ക് എന്നീ രണ്ട് റീച്ചായി തിരിച്ചു. 2016 മാർച്ച് ഒന്നിനാണ് കരമന- പ്രാവച്ചമ്പലം പാതയുടെ ഉദ്ഘാടനം നടന്നത്. പ്രാവച്ചമ്പലം മുതൽ വഴിമുക്ക് വരെയുള്ള അലൈൻമെന്റ തയ്യാറാക്കുകയും ബാലരാമപുരം ജംഗ്ഷൻ ഒഴിക കുറേ സ്ഥലത്ത് അതിരിട്ട് കല്ലിടുകയും ചിലർക്ക് നഷ്ടപരിഹാരം കൊടുക്കുകയും ചെയ്തിരുന്നു.
രണ്ടാമത്തെ റീച്ചിന്റെ നിർമ്മാണം ഊരാളുങ്കൽ സൊസൈറ്റിക്കാണ്. രണ്ടാമത്തെ റീച്ചിനെ വീണ്ടും പ്രാവച്ചമ്പലം കൊടി നടയെന്നും കൊടിനട വഴിമുക്കെന്നും രണ്ടായി തിരിച്ചു. പ്രാവച്ചമ്പലം മുതൽ കൊടിനട വരെയുള്ള പ്രവൃത്തി രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയാവുമെന്നാണ് പറഞ്ഞിരുന്നത്. ഈ വർഷം നവംബറിലായിരുന്നു ഇത് പൂർത്തിയാക്കേണ്ടത്. ലോക്ക് ഡൗൺ മൂലവുംമറ്റും പണി നീണ്ടു. ഇനി ഇത് പൂർത്തിയവാൻ അടുത്തവർഷമാവേണ്ടിവരും. പള്ളിച്ചലിൽ ബി.എസ്.എൻ.എല്ലിന്റെ സ്ഥലത്തിന്റെ പേരിൽ റവന്യൂ വകുപ്പുമായി അവർക്കുണ്ടായ തർക്കവും രാജപാതയിൽ ഉണ്ടായിരുന്ന പുറമ്പോക്കുകാരെ പുനരധിവസിപ്പിക്കുന്നതിലുള്ള പ്രശ്നവും സമയം കളഞ്ഞു.
കൺഫ്യൂഷനായല്ലോ...
പ്രാവച്ചമ്പലം - കൊടിനട റീച്ചിലെ പണി പൂർത്തിയായാലും പ്രശ്നങ്ങൾ തീരുന്നില്ല. നഗരത്തിൽ നിന്ന് നാഗർകോവിൽ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ എല്ലാ കൊടിനടയിലെത്തിയാൽ കുരുക്കിലാവും. അവിടെ നിന്നങ്ങോട്ട് ഭൂമിയേറ്റെടുക്കലും നടന്നിട്ടില്ല. ബാലരാമപുരത്താണെങ്കിൽ 200 മീറ്ററിൽ ഒരു ഭാഗത്ത് മാത്രമാണ് നിർമ്മാണം നടത്താൻ പോകുന്നത്. ബാലരാമപുരം ജംഗ്ഷനിൽ എന്തുവികസനമാണെന്ന് സർക്കാർ ഇപ്പോഴും തീരുമാനിച്ചിട്ടില്ല. ഓവർ ബ്രിഡ്ജ് വേണോ അണ്ടർ ബ്രിഡ്ജ് വേണോ, റോഡ് വീതികൂട്ടാനായി സ്ഥലമെടുക്കണമോ എന്ന കാര്യത്തിലൊന്നും തീരുമാനമായില്ല.
നിലവിലെ റീച്ചിന്റെ നിമ്മാണം ആരംഭിച്ചത് 2016ൽ
ബാലരാമപുരത്ത് ഭൂമിയേറ്രെടുക്കാൻ നടപടിയെടുക്കും. 200 മീറ്ററിൽ ഒരു ഭാഗത്ത് മാത്രം എന്നുള്ള വിമർശനത്തിൽ കാര്യമല്ല. അത് സർക്കാർ ഭൂമി ആയതുകൊണ്ടാണ്.ബാക്കി ഭൂമിക്ക് ഏറ്റെടുക്കൽ നടപടി തുടങ്ങുന്നതേയുള്ളൂ. വികസന സമിതിക്കാർ ഭൂമിയേറ്റെടുക്കാനും സഹായിക്കണം. തുടർന്നുള്ള ഭൂമി ഏറ്റെടുക്കാൻ നടപടിയെടുക്കും.
-പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസ്
ഈ സർക്കാരിന്റെ കാലത്ത് വഴിമുക്ക് വരെയുള്ള റോഡ് നിർമ്മാണം പൂർത്തിയാക്കണം. വഴിമുക്ക് -കളിയിക്കാവിള അലൈൻമെന്റിന്റെ പേരിൽ ആറ് വർഷങ്ങളായി ജനങ്ങളെ കബളിപ്പിക്കുകയാണ്. -എസ്. കെ.ജയകുമാർ, ജനറൽ സെക്രട്ടറി, കരമന-കളിയിക്കാവിള ദേശീയ പാത വികസന സമിതി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |