പാലോട്: ഗ്രാമീണ മേഖലയിലെ കായിക പ്രേമികളുടെ സ്വപനം യാഥാർത്ഥ്യമായി. ജില്ലാ പഞ്ചായത്ത് നാല് കോടി രൂപ ചെലവിട്ട് പെരിങ്ങമ്മലയിൽ സജ്ജമാക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ളതും പതിനായിരം ചതുരശ്ര അടി വിസ്തീർണവുമുള്ള മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെയും ഹബിന്റെയും നിർമ്മാണം പൂർത്തിയായി. ജില്ലാ പഞ്ചായത്ത് നിർമ്മിച്ചിരിക്കുന്ന നാല് സ്പോർട്സ് ഹബുകളിൽ അത്യാധുനിക രീതിയിൽ നിർമ്മാണം പൂർത്തിയായ സ്റ്റേഡിയമാണ് പെരിങ്ങമ്മലയിലേത്. ഈ സ്റ്റേഡിയത്തിൽ പി.വി.സി ഫ്ലോറിംഗ് ചെയ്ത ബാഡ്മിന്റൺ കോർട്ട്, ടെന്നീസ് കോർട്ട്, തടി പാകിയ വോളിബോൾ കോർട്ട്, ബാസ്കറ്റ് ബോൾ, മിനി ജിംനേഷ്യം തുടങ്ങിയവയ്ക്കുള്ള കോർട്ടുകൾ കൂടാതെ ക്രിക്കറ്റ് പ്രാക്ടീസിനുള്ള പിച്ചും അന്താരാഷ്ട്ര നിലവാരത്തിൽ ഒരുക്കിയിട്ടുണ്ട്. വീഡിയോ കോൺഫറൻസ് ഹാളും പരിശീലനത്തിനുള്ള സൗകര്യങ്ങളും ഇവിടെ സജ്ജമാണ്. പെരിങ്ങമ്മല പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മാർക്കറ്റിനോട് ചേർന്നുള്ള അമ്പത് സെന്റ് സ്ഥലത്താണ് സ്റ്റേഡിയം നിർമ്മിച്ചത്. കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉടൻ നിർവഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |