പത്തനംതിട്ട : കാടിന്റെ മക്കൾക്ക് തണലായ ഒരു അദ്ധ്യാപകൻ മൂഴിയാറിലുണ്ട്. പതിനെട്ട് വർഷമായി ആദിവാസി കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടവനാണിദ്ദേഹം. 2002ൽ കൊച്ചുപമ്പ സർക്കാർ സ്കൂളിൽ എത്തിയ സുനിൽ കുമാർ എന്ന സണ്ണി സാർ പിന്നീട് മൂഴിയാർ ട്രൈബൽ യു.പി സ്കൂളിലും കുടമുരുട്ടി ഗവ.യു.പി സ്കൂളിലും എത്തി. മൂഴിയാറിലെ കെ.എസ്.ഇ.ബി ജീവനക്കാരുടെ മക്കൾക്കും ആദിവാസി കുട്ടികൾക്കും വേണ്ടിയാരംഭിച്ചതാണ് മൂഴിയാർ സ്കൂൾ. ഇവിടുത്തെ അദ്ധ്യാപനം ജീവിതം മാറ്റിമറിച്ചെന്ന് സുനിൽ പറയുന്നു. പാലാ സ്വദേശിയാണ് സുനിൽ. അദ്ധ്യാപനത്തിന് പുറമേ ആദിവാസി കുട്ടികൾക്ക് ഒഴിവ് ദിനങ്ങളിൽ കരിയർ ഗൈഡൻസും യോഗാ ക്ലാസുകളും സ്പോക്കൺ ഇംഗ്ലിഷ് ക്ലാസുകളും കരാട്ടെ ക്ലാസുകളും നൽകുന്നു. ഹിന്ദി ആണ് പഠിപ്പിക്കുന്ന വിഷയം. കാട് കയറി ആദിവാസി കുട്ടികളെ കുടിലിൽ നിന്ന് സ്കൂളിൽ എത്തിച്ച് പഠിപ്പിക്കുന്ന സാറിനോട് വലിയ ഇഷ്ടമാണ് നാട്ടുകാർക്കും. ഓൺ ലൈൻ ക്ലാസുകൾ തുടങ്ങിയപ്പോഴും കുട്ടികളുടെ അടുത്തെത്തി പഠനസൗകര്യമൊരുക്കി. പ്രൊജക്ടറിന്റെ സഹായത്തോടെയാണ് പഠനം. നാൽപത്തിയാറുകാരനായ ഇൗ അദ്ധ്യാപകൻ അത്തിക്കയത്ത് വാടകയ്ക്ക് താമസിക്കുകയാണ്.
------ " ഇപ്പോൾ കൊവിഡ് കാലമായതിനാൽ കാട്ടിൽ പോകാൻ കഴിയുന്നില്ല. അത് കൊണ്ട് ക്ലാസും നടക്കുന്നില്ല. ആദിവാസി, കരാർ തൊഴിലാളികൾ എന്നിവരുടെ കുട്ടികളാണ് മൂഴിയാറിൽ പഠിക്കുന്നവർ. കൊവിഡ് പ്രതിസന്ധിയ്ക്ക് ശേഷം സ്കൂളിലെത്തും"
സുനിൽ കുമാർ, അദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |