ചേകാടി: പുൽപ്പള്ളി ചേകാടിയിലെത്തിയാൽ ഇപ്പോഴും കേൾക്കാം, കാടിന്റെ സംഗീതത്തോട് ചേർന്ന് അറപ്പകളുടെ താളം. കാട്ടിൽ മേയുന്ന കന്നുകാലികൾ നീങ്ങുന്നതിനനുസരിച്ച് അറപ്പകൾ താളമിടുകയാണ്.
ചേകാടിയുടെ ഒരു വശത്തുകൂടി കബനി നദിയൊഴുകുമ്പോൾ മറ്റു മൂന്നു ഭാഗത്തും നിബിഡവനമാണ്. കാലികളുടെ കഴുത്തിൽ തൂങ്ങുന്ന അറപ്പയുടെ താളം മുഴങ്ങുമ്പോൾ, ഇടയർക്ക് എളുപ്പത്തിൽ അവയുടെ സ്ഥാനം മനസ്സിലാക്കാനാവും. ഉൾക്കാട്ടിലേക്ക് നീങ്ങിയാൽ പോലും അറപ്പയുടെ താളം ഉയരുന്നതു കണക്കാക്കിയാണ് കാലികളുടെ സ്ഥാനം നിർണയിക്കുക.
പരമ്പരാഗതമായി വയനാട്ടിൽ കാട്ടുനായ്ക്കരാണ് ഒന്നകിൽ മരത്തിലോ അതല്ലെങ്കിൽ മുളയിലോ അറപ്പ നിർമ്മിക്കുന്നത്. മരമെങ്കിൽ കുമിഴ് തന്നെയാണ് ഉപയോഗിക്കുക. തടി ചതുരാകൃതിയിൽ വെട്ടിയെടുത്ത്, ഉളി കൊണ്ട് അകം തുരന്നെടുക്കുന്നു. അതിനുള്ളിൽ മുന്നോ നാലോ കോൽക്കഷ്ണങ്ങൾ മുറിച്ച് കയറിൽ കെട്ടി തൂക്കിയിട്ടാൽ അറപ്പ തയ്യാർ. കൈയ്യൂരി മരത്തിന്റെ നാര് മെടഞ്ഞുണ്ടാക്കുന്ന കയറായിരുന്നു നേരത്തെ ഇതിനായി ഉപയോഗിച്ചിരുന്നത്.
പശുക്കൾ പുല്ല് തിന്നുമ്പോൾ കഴുത്തിൽ തൂക്കിയ അറപ്പ താളത്തിൽ ഇളകി ശബ്ദമുണ്ടാക്കും. ഏത് ദിശയിലാണ് ഇവയെന്നും എത്ര ദൂരത്തിലാണെന്നും വരെ താളസന്ദേശം കിട്ടുകയാണ് ഇടയർക്ക്. കാടിന്റെ പാട്ടിനോപ്പം ചേർന്നായിരിക്കും അറപ്പയുടെ താളവും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |