വാഷിംഗ്ടൺ: അമേരിക്കയിലെ ഇന്റ്യാനോപോളിസിൽ അമ്മൂമ്മയെ രക്ഷിക്കാനായി പന്ത്രണ്ടുകാരൻ നടത്തിയ അതിസാഹസിക ശ്രമമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പി.ജെ ബ്രൂവർ ലായെ എന്ന പന്ത്രണ്ടുകാരൻ തന്റെ മുത്തശ്ശി ഏയ്ഞ്ചലയ്ക്കൊപ്പം പ്രഭാതസവാരിക്കിറങ്ങിയതായിരുന്നു. കഥ പറഞ്ഞ് മുന്നോട്ടു പോകവേ വീട്ടിൽ നിന്ന് കഷ്ടിച്ച് ഒന്നര മൈൽ അകലെ വച്ച് മുത്തശ്ശിക്ക് ഒരു ക്ഷീണം വന്നു. വീണുപോകാതിരിക്കാനായി അവർ അടുത്തുള്ള കമ്പിയിൽ പിടിക്കാൻ ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. സഹായിക്കാനായി ചുറ്റും ആരെയും കാണാത്തതിനാൽ ലായെ തന്നെ ഒരു പോംവഴി കണ്ടെത്തി. അടുത്തുകണ്ട മെഴ്സിഡസ് ബെൻസ് എടുത്ത് ഡ്രൈവ് ചെയ്ത് അവൻ മുത്തശ്ശിയെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ചു. അതിനുശേഷം വീട്ടിൽ വിവരം അറിയിച്ചു. കാറിന്റെ നമ്പറും കൈമാറി. വീട്ടുകാർ കാറുടമയെയും കൂട്ടി ആശുപത്രിയിൽ ഓടിയെത്തി. കൃത്യസമയത്ത് എത്തിച്ചതുകൊണ്ടാണ് ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ പറഞ്ഞതോടെ ലായെയെ ആശംസകൾ കൊണ്ട് മൂടുകയായിരുന്നു വീട്ടുകാർ.
ഒരു കുഞ്ഞ് തന്റെ കാറെടുത്തതറിഞ്ഞ് ഉടമ അൽപ്പം അങ്കലാപ്പിലായെങ്കിലും അതിനു പിന്നിലെ സംഭവമറിഞ്ഞപ്പോൾ ആൾക്ക് സന്തോഷമായി. ഒരു ജീവൻ രക്ഷിക്കാനായല്ലോ എന്നായിരുന്നു കാറുടമ പറഞ്ഞത്. വീട്ടിലെ ബൈക്കും കാറുമൊക്കെ തമാശയ്ക്കായി എടുത്തു നോക്കാറുണ്ടെങ്കിലും ലായെയിൽ ഇത്ര നല്ല ഡ്രൈവറുണ്ടെന്ന് കരുതിയില്ലെന്നാണ് വീട്ടുകാർ പറയുന്നത്. ജീവൻ രക്ഷിക്കാൻ വേണ്ടി നടത്തിയ ഈ സാഹസം ഇനി ആവർത്തിക്കരുതെന്ന് പൊലീസിന്റെ ഉപദേശവും ലായെയ്ക്ക് കിട്ടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |