കോഴിക്കോട് : അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ ജില്ലയിൽ സെപ്തംബർ 11വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 64.5 മില്ലീ മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാദ്ധ്യതയുള്ള മലയോര പ്രദേശങ്ങൾ എന്നീ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. 2018, 2019 വർഷങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ മേഖലകളിൽ കഴിയുന്നവരും അപകടസാദ്ധ്യതാ മേഖലകൾ അഥവാ വാസയോഗ്യമല്ലാത്ത പ്രദേശങ്ങൾ എന്ന് കണ്ടെത്തിയ സ്ഥലങ്ങളിൽ താമസിക്കുന്നവരും ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. അവിടങ്ങളിലെ തദ്ദേശ സ്ഥാപനങ്ങൾ അപകട സാദ്ധ്യത മുന്നിൽ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
പൊതുജനങ്ങൾക്ക്
പ്രത്യേക നിർദേശം
അതിശക്തമായ മഴയ്ക്ക് സാദ്ധ്യതയുള്ള സാഹചര്യത്തിൽ മാറിത്താമസിക്കേണ്ട ഇടങ്ങളിലുള്ളവർ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് സഹകരിക്കണം. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറേണ്ടി വരുമ്പോൾ കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കണം.
ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണമുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകട സാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെ നാലായി തിരിച്ച് ക്യാമ്പുകൾ ഒരുക്കാനാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം. ഇതിനോട് പൂർണമായി സഹകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |