തിരുവനന്തപുരം: കൊച്ചിയിൽ മെട്രോ വന്നപ്പോൾ തലസ്ഥാനവാസികൾ ലൈറ്റ് മെട്രോ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ലൈറ്റ് മെട്രോയെക്കുറിച്ച് ചോദിച്ചാൽ ശ്രീകാര്യത്തെയും ഉള്ളൂരിലെയും പട്ടത്തെയും ഫ്ലൈ ഓവറിനെക്കുറിച്ചാണ് അധികൃതർ മറുപടി നൽകുക. ലൈറ്റ് മെട്രോ ഉപേക്ഷിച്ചോ എന്നു ചോദിച്ചാൽ ഇല്ലെന്നാണ് ഉത്തരം. എന്നാൽ എന്നുവരുമെന്ന് ചോദിച്ചാൽ കൃത്യമായ മറുപടി ഇല്ല. കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡിനാണ് (കെ.ആർ.ടി.എൽ) നിലവിൽ ലൈറ്റ് മെട്രോ സംബന്ധിച്ച പ്രവർത്തനത്തിന്റെ ചുമതല. ലൈറ്റ് മെട്രോയ്ക്ക് മുന്നോടിയായുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ് വീതികൂട്ടൽ, മൂന്ന് ഫ്ലൈ ഓവറുകൾ നിർമ്മാണം എന്നിവയാണ് വേണ്ടത്. ഇതിൽ ശ്രീകാര്യം ഫ്ലൈ ഓവറിന്റെ പണി ഉടൻ തുടങ്ങാൻ കഴിയും. സ്ഥലമെടുപ്പ് എതാണ്ട് പൂർത്തിയായിക്കഴിഞ്ഞു.
മെട്രോയുടെ ഒറിജിനൽ അലൈൻമെന്റ് പ്രകാരമുള്ള ഫ്ലൈ ഓവറുകളാണ് ശ്രീകാര്യത്തും പട്ടത്തും നിർമ്മിക്കുന്നത്.
റിപ്പോർട്ട് റെഡി, പക്ഷേ
ലൈറ്റ് മെട്രോ ടെക്നോപാർക്ക് വരെ നീട്ടാമോ എന്നതിനെക്കുറിച്ച് വിശദമായി പഠിക്കാൻ ചുമതലപ്പെടുത്തിയ നാട്പാക് പഠനറിപ്പോർട്ട് തയ്യാറാക്കിയെന്നാണ് സൂചന. ഇന്നോ നാളെയോ അവർ റിപ്പോർട്ട് കൈമാറും.
ലൈറ്റ് മെട്രോയ്ക്കായി ഡി.എം.ആർ.സി തയ്യാറാക്കിയ റിപ്പോർട്ടിൽ ടെക്നോപാർക്കിൽ സ്റ്റോപ് ഉണ്ടായിരുന്നില്ല. എന്നാൽ കൊച്ചി മെട്രോയിൽ പ്രതീക്ഷിച്ച വരുമാനമില്ലെന്ന് മനസിലാക്കിയതോടെയാണ് ലൈറ്റ് മെട്രോയിൽ ടെക്നോപാർക്കിനെക്കൂടി ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. റിപ്പോർട്ട് ലഭിച്ചാൽ സംസ്ഥാന സർക്കാരിന് വേണമെങ്കിൽ പദ്ധതി അംഗീകരിച്ച് കേന്ദ്ര അംഗീകാരത്തിനായി സമർപ്പിക്കാം. അല്ലെങ്കിൽ പ്രായോഗികമല്ലെന്ന് പറഞ്ഞ് ഉപേക്ഷിക്കാം. അതേസമയം ദേശീയപാത ബൈപാസ് നിർമ്മാണത്തിന് മുമ്പ് തന്നെ ടെക്നോപാർക്കിനെ കൂടി സ്റ്റേഷനിൽ ഉൾപ്പെടുത്തുകയായിരുന്നെങ്കിൽ അധിക ചെലവ് ഒഴിവാക്കാമായിരുന്നുവെന്ന് വാദിക്കുന്നവരുണ്ട്. എന്നാൽ ഡി.എം.ആർ.സി തയ്യാറാക്കിയ അലൈൻമെന്റിലും ടെക്നോപാർക്ക് ഇല്ലായിരുന്നെന്നും പുതിയ ആലോചനകളുടെ ഭാഗമായാണ് പഠനമെന്നും അധികൃതർ വിശദീകരിക്കുന്നു.
വിവാദം മാത്രം ബാക്കി
തുടക്കം മുതൽ ലൈറ്ര് മെട്രോയെച്ചൊല്ലി വിവാദമുണ്ടായിരുന്നു. ഡൽഹി മെട്രോയ്ക്ക് നേതൃത്വം നൽകിയ മെട്രോമാൻ ഇ. ശ്രീധരനാണ് ലൈറ്റ് മെട്രോ രൂപകല്പന ചെയ്‌തത്. കൊച്ചി മെട്രോ പൂർത്തിയാക്കിയ ഉടൻ ശ്രീധരൻ തിരുവനന്തപുരത്തിന്റെ കാര്യത്തിൽ ശ്രദ്ധ കൊടുക്കുമെന്നാണ് കരുതിയത്. ഡി.എം.ആർ.സിക്ക് ഉത്തരവ് നൽകി 15 മാസമായിട്ടും കരാറുണ്ടാക്കിയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ കുറ്റപ്പെടുത്തൽ തിരുവനന്തപുരത്തും കോഴിക്കോടും രണ്ട് ഓഫീസുകൾ വെറുതെ പ്രവർത്തിക്കേണ്ടി വന്നു. മുഖ്യമന്ത്രിയെയും പൊതുമരാമത്ത് മന്ത്രിയെയും പല തവണ കാണാൻ ശ്രമിച്ചിട്ടും നടന്നില്ലെന്നും വേറെ കമ്പനിയെ നിർമ്മാണം ഏല്പിക്കാൻ പോകുകയാണെന്ന ധാരണയിൽ ലൈറ്റ് മെട്രോയിൽ നിന്ന് പിന്മാറുകയാണെന്നും ഡി.എം.ആർ.സി അറിയിച്ചു. സംസ്ഥാന സർക്കാരിന് താത്പര്യമുള്ള തലശേരി - മൈസൂർ റെയിൽവേ അപ്രായോഗികമാണെന്ന് പറഞ്ഞതാണ് ഡി.എം.ആർ.സിയെ മാറ്റാൻ കാരണമെന്നായിരുന്നു മറ്റൊരു ആരോപണം.
പണം റെഡി
സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെ 135 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ശ്രീകാര്യം ഫ്ലൈവർ പദ്ധതി കിഫ്ബി അംഗീകരിച്ചു. നാലുവരി ഫ്ളൈ ഓവറാണ് വരിക. സ്ഥലം ഏറ്റെടുപ്പിനുള്ള ആദ്യ ഗഡുവായി 35 കോടി രൂപ നൽകി. 535 മീറ്റർ നീളത്തിൽ ഇരുവശത്തും 7.5 മീറ്റർ വീതം ആകെ 15 മീറ്ററാണ് വീതി. ഇരുവശങ്ങളിലും 5.5 മീറ്റർ വീതിയിൽ സർവീസ് റോഡുകളും ഉണ്ടാകും. ലൈറ്റ് മെട്രോയുടെ സാങ്കേതിക ആവശ്യകതകൾ ഉൾക്കൊള്ളിച്ചാണ് ഫ്ലൈ ഓവറിന്റെ രൂപകല്പന. 1.34 ഹെക്ടർ ഭൂമി ഇതിനായി വേണം. ഉള്ളൂരിൽ 54.28 കോടി രൂപയുടെ കിഫ്ബി അനുമതിയായി. പട്ടം, ഉള്ളൂർ എന്നിവിടങ്ങളിൽ പ്രാരംഭ നടപടികൾ തുടങ്ങിയിട്ടുണ്ട്.
തീരാതെ തർക്കം
----------------------------
കൊച്ചി മെട്രോ തുടക്കത്തിൽ നഷ്ടമായതോടെ ലാഭത്തിന്റെ കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ടായി. എന്നാൽ മെട്രോ ലാഭത്തിനല്ലെന്നും സർവീസ് ആണെന്നുമാണ് ഇ. ശ്രീധരൻ പറയുന്നത്.
േകന്ദ്രസർക്കാർ മെട്രോയെക്കുറിച്ചുള്ള നയത്തിൽ വരുത്തിയ മാറ്റവും അംഗീകാരം തരാത്തതുമാണ് പദ്ധതി വൈകിച്ചതെന്ന് സംസ്ഥാന സർക്കാർ കേന്ദ്രങ്ങൾ പറയുന്നു
19 സ്‌റ്റേഷനുകൾ
1. ടെക്നോസിറ്റി, 2. പള്ളിപ്പുറം, 3. കണിയാപുരം, 4. കഴക്കൂട്ടം, 5. കഴക്കൂട്ടം ജംഗ്ഷൻ, 6. കാര്യവട്ടം, 7. ഗുരുമന്ദിരം 8. പാങ്ങപ്പാറ, 9. ശ്രീകാര്യം, 10. പോങ്ങുംമൂട് 11.ഉള്ളൂർ, 12. കേശവദാസപുരം, 13. പട്ടം, 14. പ്ലാമൂട്, 15. പാളയം, 16. സെക്രട്ടേറിയറ്റ്, 17. തമ്പാനൂർ, 18. കിള്ളിപ്പാലം, 19. കരമന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |