SignIn
Kerala Kaumudi Online
Thursday, 25 February 2021 7.49 AM IST

ഗുരു ഒരു സർവകലാശാലയാവുമ്പോൾ

guru

ഗുരുക്കന്മാരാൽ സമൃദ്ധമാണ് നമ്മുടെ സർവകലാശാലകൾ. എന്നാൽ ഏതു ഗുരുവിനെയും ലഘുവാക്കുന്ന ഒരു നിർമ്മിതി - വെല്ലുവിളിയാണ് ,​ ഗുരുവിനെ ഒരു സർവകലാശാലയാക്കൽ. ആ വെല്ലുവിളി കേരളം ഏറ്റെടുക്കുകയാണ്.

പുതിയ 'വിദൂര പഠന" സർവകലാശാല ഗുരുദർശനത്തിലും പ്രയോഗത്തിലും ഊന്നാതെ തരമില്ല. ദർശനം കൂടി അഭ്യസിക്കാതെ അതിലെ യോഗ്യതകൾ നൽകുന്നതിൽ അർത്ഥമില്ല. ഒരു സ്ഥാപനമെന്ന നിലയിൽ അത് ഗുരുധർമ്മത്തെ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. കൊല്ലം നഗരത്തിനും ജില്ലയ്‌ക്കും നാളിതുവരെയില്ലാത്ത ഒരു സൗഭാഗ്യമാണ് പുതിയ സർവകലാശാല.

കേരളത്തിലെ നാലു സർവകലാശാലകളിലെ രണ്ട് ലക്ഷത്തോളം വിദൂര പഠനാർത്ഥികൾ, സ്വകാര്യ രജിസ്ട്രേഷൻ വിദ്യാർത്ഥികൾ എന്നിവരുടെ തുടർപഠനം അസാദ്ധ്യമാക്കുന്ന ഒരു ചട്ട ഭേദഗതി 2018ൽ യു.ജി.സി നടപ്പാക്കുകയുണ്ടായി. കുറഞ്ഞ നാക് (NAAC) എ ഗ്രേഡ് സ്കോറായ 3.26 കൈവരിക്കാത്ത സർവകലാശാലകൾ പ്രാപ്തിക്കുറവു മൂലം വിദൂര പഠന ബിരുദങ്ങൾ നൽകേണ്ടതില്ല എന്നതായിരുന്നു ആ ഉത്തരവ്. പുതുതായി രൂപീകരിക്കുന്ന ഒരു സർവകലാശാലയ്ക്ക് നാക് ഗ്രേഡിന് വിധേയമാകാൻ അഞ്ച് വർഷത്തെ അവധിയുണ്ട്. നിലവിലെ ചട്ടക്കൂടിൽ വിദൂര - സ്വകാര്യ രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ അനിശ്ചിതത്വം മാറ്റാൻ പുതിയ സർവകലാശാലയുടെ രൂപീകരണം ഉപകരിക്കുമെന്നാണ് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ റിപ്പോർട്ടിൽ കണ്ടത്. നിലവിലുള്ള പ്രാദേശിക കേന്ദ്രങ്ങൾ, പഠനകേന്ദ്രങ്ങൾ എന്നിവ പുതിയ സർവകലാശാലയുടെ ഭാഗമാകും. ഇവ കേന്ദ്രീകൃത ഭരണ - ഐ.ടി, ഉള്ളടക്ക - പരീക്ഷാ സംവിധാന നിർമ്മിതി വഴി ഒന്നിച്ചാക്കുന്നതാണ് പുതിയ സർവകലാശാലയുടെ നിർമ്മിതി സൂത്രവാക്യം. ഗുരുദേവൻ ഉന്നത വിദ്യാഭ്യാസത്തിന് ഉചിതമായി കണ്ട കൊല്ലം പട്ടണത്തിൽ കാലൂന്നുക വഴി ഇതൊക്കെ ക്ഷിപ്രസാദ്ധ്യമാകും എന്നതിൽ സംശയമില്ല.

എന്നാൽ 'ഇഗ്‌നോ" 1985ൽ രൂപീകരിച്ചപ്പോഴും തമിഴ്‌നാട് - കർണാടക ഓപ്പൺ സർവകലാശാലകൾ വന്നപ്പോഴും ഉള്ള പശ്ചാത്തലമല്ല ഇന്ന് 'വിദൂര" വിദ്യാഭ്യാസത്തിന്റേത്. 2020ലെ പുതിയ വിദ്യാഭ്യാസ നയരേഖയുടെ 12, 24 ഖണ്ഡങ്ങളിൽ ഓപ്പൺ - ഡിസ്റ്റൻസ് ലേണിംഗ്, ഡിജിറ്റൈസ്‌ഡ് ലേണിംഗ് എന്നീ തലക്കെട്ടുകളിൽ ഈ മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഇതിന്റെ മർമ്മം, കൊവിഡ് 19 പോലുള്ളവയുടെ പശ്ചാത്തലത്തിൽ എല്ലാ സ്ഥാപന വിദ്യാഭ്യാസവും ഇനി സങ്കര മാതൃകയിലേ സാദ്ധ്യമാവൂ എന്ന ഉൾക്കാഴ്ചയാണ്. മുൻപന്തിയിലുള്ള വിദേശ സർവകലാശാലകളാകെ മുന്നേ പരമ്പരാഗത മുഖാമുഖ പരിപാടികൾ കംപ്യൂട്ടർ, റേഡിയോ, പ്രിന്റ്, മൊബൈൽ സങ്കേതങ്ങളിലൂടെ സ്വീകരിക്കാവുന്ന മാതൃകകൾ രൂപപ്പെടുത്തിയിട്ടുണ്ട്. മാദ്ധ്യമ വ്യതിയാനം പഠനത്തിന് ഭംഗമാകരുത് എന്നതാണ് ഇതിന്റെ മർമ്മം. ക്രെഡിറ്റ് സെമസ്റ്റർ സംവിധാനത്തിൽ കംപ്യൂട്ടർ സാങ്കേതികവിദ്യയിലെ 'ബൈറ്റു"കളായി​ താരതമ്യം ചെയ്ത് ഏറ്റവും ചെറി​യ അദ്ധ്യയന യൂണി​റ്റുകളായി​ കരി​ക്കുലം ക്രമീകരി​ച്ച് ലോകമെങ്ങും എളുപ്പം വി​നി​മയം ചെയ്യാവുന്ന ഒരു വക അക്കാഡമി​ക് കറൻസി​ രൂപീകരി​ക്കുകയാണ് സർവകലാശാലകൾ ചെയ്തി​ട്ടുള്ളത്. പലവട്ടം പ്രവേശിക്കാവുന്നതും വി​ട്ടുനി​ൽക്കാവുന്നതും വീണ്ടും ചേരാവുന്നതുമായി​ ജീവി​തകാലം മുഴുവൻ പങ്കുചേരാവുന്ന ഒരു മാദ്ധ്യമ അനുഭവമാക്കി​ അദ്ധ്യയനത്തെ മാറ്റുക എന്നതാണ് ഇതി​ന്റെ മർമ്മം. ബി​രുദശേഷം തൊഴി​ൽ ചെയ്യുന്നയാൾ അസംഖ്യം സി​നി​മകളും നാടകങ്ങളും ആസ്വദി​ക്കുന്നതുപോലെ അദ്ധ്യയനവും ചെറു ഇടവേളകളാക്കി​ ജീവി​തകാലമാകെ പങ്കെടുക്കാനുള്ള അവസരം ഒരുക്കുക.. ഒരി​ക്കൽ മാത്രം കടന്നുപോകുന്ന ഒരു തുരങ്കം എന്നതു മാറി​ ഇടയ്ക്കി​ടെ യാത്രയ്ക്കി​ടയി​ൽ ആസ്വദി​ക്കാവുന്ന കോഫീ ഷോപ്പാക്കുക ,​ സർവകലാശാലകൾ. ഒഴി​വാക്കാൻ പ്രയാസമുള്ള വാണി​ജ്യവത്കരണത്തെ ഈ വേളയി​ൽ നി​യന്ത്രി​ക്കുക. ഇങ്ങനെയൊക്കെ തുടർ വി​ദ്യാഭ്യാസത്തെ ഡി​ജി​റ്റൽ സാങ്കേതി​ക വി​ദ്യകളുപയോഗി​ച്ച് വളരെ പഴക്കമുള്ള പാശ്ചാത്യ സർവകലാശാലകൾ വി​ജയകരമായി​ പുനരാവി​ഷ്കരി​ക്കുകയാണ് ഇതി​ന്റെ അർത്ഥം.

മൾട്ടിമീഡിയ സ്റ്റുഡിയോയിലെ അദ്ധ്യാപകർ എന്ന സങ്കല്പം നമുക്ക് തന്നെ സ്വീകാര്യമായി വരികയാണ്. ഗായകനെപ്പോലെ ഒരു സ്റ്റുഡിയോയിൽ വേണ്ട സങ്കേതങ്ങളുമായി ബോധനം നടത്താനുള്ള സിദ്ധികൾ അദ്ധ്യാപകർ സ്വാംശീകരിക്കേണ്ടിയിരിക്കുന്നു. ചോക്കു പൊടിയും ബോർഡും ഇല്ലാത്ത സ്മാർട്ട് ക്ളാസ് റൂം നമ്മുടെ സർവകലാശാലകൾ പരിചയിച്ചു തുടങ്ങുന്നേയുള്ളൂ. വിദ്യാർത്ഥി ഒരിക്കൽ മാത്രം കാമ്പസിൽ അഥവാ സ്റ്റഡി സെന്ററിൽ വരേണ്ട എന്റർപ്രൈസസ് - അക്കാഡമിക് മാനേജ്‌‌‌മെന്റ് സങ്കേതങ്ങൾ മിക്ക വിദേശ സർവകലാശാലകളിലും എത്രയോ മുൻപേ സാർവത്രികമാണ്. വിദ്യാർത്ഥികളുടെയും ഡിഗ്രി വിവരങ്ങളും മാർക്ക് ലിസ്റ്റുമൊക്കെ ഇലക്ട്രോണിക്കായി കൈകാര്യം ചെയ്യുന്ന, 10 - 20 ജീവനക്കാരും ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരും അനലിസ്റ്റുകളും മാത്രം വേണ്ട ഭരണസംവിധാനങ്ങൾ ലഭ്യമാണ്.

അദ്ധ്യാപനത്തിന്റെ പരമ്പരാഗത യോഗ്യതാ സങ്കല്പങ്ങളും പുതിയ സർവകലാശാലയ്ക്ക് മറികടക്കേണ്ടിവരും. ബോധനകലയ്ക്ക് ഇന്ന് അതിർവരമ്പുകളില്ല. യൂ ട്യൂബിലും മറ്റും സാർവത്രിക അദ്ധ്യാപകരാവുന്ന പലരും കേവല ബിരുദധാരികളോ സ്കൂൾ ഡ്രോപൗട്ടുകളോ ആണെന്നതു യാദൃച്ഛികമല്ല. ഒരുതരം സ്ഥാപന - ഔപചാരിക വിദ്യാഭ്യാസവും ഇല്ലാത്ത കാലത്തെ ഗുരുവിന്റെ നാമധേയധാരിയായ സർവകലാശാല ഉന്നത ബോധന ശൈലികൾക്കും വാതിൽ തുറന്നിടേണ്ടിവരും. അഭിനന്ദനാർഹമാണ് ഈ ഉദ്യമം, വെല്ലുവിളികൾ നിറഞ്ഞതും.

(അഭിപ്രായം വ്യക്തിപരം)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SREENARAYAN GURU UNIVERSITY
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.