ഡോ. പി. രാജേന്ദ്രൻ
ചെയർമാൻ, കർഷക ക്ഷേമനിധി ബോർഡ്
കാർഷികവൃത്തി ഉപജീവന മാർഗമാക്കിയ കർഷകരുടെ ക്ഷേമത്തിനായി പെൻഷൻ ഉൾപ്പെടെയുള്ള അനുകൂല്യങ്ങൾ നൽകുന്നതിനും യുവതലമുറയെ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുമായി ആരംഭിച്ചതാണ് കേരള കർഷക ക്ഷേമ നിധി ബോർഡ്. രാജ്യത്താദ്യമായി സംസ്ഥാനത്ത് വിഭാവനം ചെയ്ത കർഷക ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ ഡോ. പി. രാജേന്ദ്രൻ 'കേരളകൗമുദി"യുമായി സംസാരിക്കുന്നു .
? കർഷക ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനങ്ങൾ.
വിളപരിപാലനം, മൃഗസംരക്ഷണം, മത്സ്യക്കൃഷി എന്നീ മുഖ്യ കാർഷിക മേഖലകളും ബന്ധപ്പെട്ട ഉപമേഖലകളും അടങ്ങുന്നതാണ് നമ്മുടെ കാർഷിക മേഖല. ചെറുകിട നാമമാത്ര കർഷകരും മറ്റ് ഭൂഉടമകളുമടക്കം 35 ലക്ഷം കർഷകർ കൃഷി കൊണ്ട് ഉപജീവനം കഴിക്കുന്നു. ഇതിൽ 95 ശതമാനം ചെറുകിട - നാമമാത്ര കർഷകരാണ്. കേരളത്തെ അന്നമൂട്ടുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കർഷകനെ ഈ മേഖലയിൽ പിടിച്ചുനിറുത്താനും കൂടുതൽ യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുവാനും ഉദ്ദേശിച്ചാണ് കർഷക ക്ഷേമനിധി ബോർഡ് രൂപീകരിച്ചത്. അഞ്ചുവർഷം കൊണ്ട് 20 ലക്ഷം കർഷകരെ ബോർഡിൽ അംഗങ്ങളാക്കാനാണ് ഉദ്ദേശ്യം.
18 വയസ് കഴിഞ്ഞ കർഷകന് ബോർഡിൽ അംഗമാകാം. 60 വയസ് കഴിയുമ്പോൾ പെൻഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും . 15 ഏക്കർ വരെ കൃഷിഭൂമിയിൽ ഏഴര ഏക്കർ തോട്ടവിള വരെയാകാം . മൃഗപരിപാലനം, മത്സ്യക്കൃഷി, കോഴി വളർത്തൽ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് പരിധിയില്ല. 2019 ഡിസംബർ 20-ന് കേരള കർഷക ക്ഷേമനിധി ആക്ട് നിലവിൽ വന്നു. 2020 ഒക്ടോബറിൽ ചെയർമാനും അംഗങ്ങളും സ്ഥാനമേറ്റു.
? ബോർഡിന്റെ ഘടനയും പ്രവർത്തനരീതിയും...
തൃശ്ശൂരിലാണ് ആസ്ഥാനം . തൃശ്ശൂർ, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ മേഖല ഓഫീസുകളുമുണ്ട്. ചീഫ് എക്സിക്യുട്ടീവ് ഓഫീസറും മേഖലാ ഓഫീസുകളിൽ അസിസ്റ്റന്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസറുമുണ്ട്. ചെയർമാൻ ഉൾപ്പെടെ 14 അനൗദ്യോഗിക ഡയറക്ടർമാരും മറ്റ് ഔദ്യോഗിക അംഗങ്ങളും ഉൾപ്പെടെ 23 ഡയറക്ടർമാർ. കാർഷിക വൃത്തിയിലൂടെ ഉപജീവനം സാദ്ധ്യമായ ചെറുകിട- നാമമാത്ര കർഷകർക്ക് ഓൺലൈനായി അംഗത്വം നേടാം .
? അംഗമാകുന്നവരുടെ ആനുകൂല്യങ്ങൾ.
അഞ്ചു വർഷം തുടർച്ചയായി ക്ഷേമനിധിയിൽ അംശദായം അടച്ച ഗുണഭോക്താക്കൾക്ക് കുടുംബ പെൻഷനു പുറമെ അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ ധനസഹായം, പ്രസവാനുകൂല്യം, വിദ്യാഭ്യാസ ധനസഹായം, ഒറ്റത്തവണ ആനുകൂല്യം, മരണാനന്തര ആനുകൂല്യം, ഇൻഷ്വറൻസ് പരിരക്ഷ തുടങ്ങിയവയ്ക്ക് അർഹതയുണ്ട് . കുറഞ്ഞ പ്രതിമാസ അംശദായം 100 രൂപയാണ്. അംഗങ്ങൾക്ക് ഇഷ്ടപ്രകാരം പ്രതിമാസ അംശദായം ഉയർന്ന നിരക്കിൽ അടക്കാം. അംശദായമായി അടയ്ക്കുന്ന തുകയ്ക്കു തുല്യമായ തുക, പരമാവധി 250 രൂപ എന്ന നിരക്കിൽ സർക്കാർ നൽകും. 60 വയസ് കഴിയുമ്പോൾ പരമാവധി 5,000 രൂപ പെൻഷനായി കിട്ടും. സംസ്ഥാനത്തെ മറ്റു ക്ഷേമനിധി ബോർഡുകളേക്കാൾ ഏറ്റവും ഉയർന്ന പെൻഷൻ തുകയാണ് കർഷക ക്ഷേമ നിധി ബോർഡ് നൽകുക.
? ഇതുവരെയുള്ള പ്രവർത്തനങ്ങൾ.
2021 ഫെബ്രുവരി 19 ന് ആസ്ഥാന മന്ദിരം തൃശ്ശൂർ ചെമ്പുക്കാവ് അഗ്രികൾച്ചറൽ ഓഫീസ് കോംപ്ലക്സിൽ പ്രവർത്തനമാരംഭിച്ചു. 2021 ഫെബ്രുവരി 21 ന് അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. 2021 ഡിസംബർ ഒന്നിന് കർഷക രജിസ്ട്രേഷനായുള്ള ഓൺലൈൻ പോർട്ടൽ കൃഷിമന്ത്രി പി. പ്രസാദ് തുറന്നുനൽകി .ഇതുവരെ 18,578 പേർ രജിസ്റ്റർ ചെയ്തു . 11,894 കർഷകർക്ക് ക്ഷേമ നിധി അംഗത്വ കാർഡ് വിതരണം ചെയ്തു.
2021 മാർച്ചിൽ ചട്ടങ്ങളും പദ്ധതികളും സർക്കാരിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു. ചട്ടങ്ങൾ അംഗീകരിച്ചു ,എന്നാൽ പദ്ധതിക്ക് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചിട്ടില്ല. അതിനാൽ കാബിനറ്റ് അംഗീകാരം ലഭിക്കാത്തതിനാൽ ഭരണ കാര്യങ്ങൾക്ക് പരിമിതിയുണ്ട്. ക്യാബിനറ്റ് അംഗീകാരം ലഭിക്കുന്നതോടെ മുഴുവൻ കർഷകരെയും അംഗങ്ങളാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
? ബോർഡിന്റെ വരുമാനമാർഗങ്ങൾ എന്തൊക്കെ.
രജിസ്ട്രേഷൻ ഫീസും പലിശയും, അംശദായവും പലിശയും, സർക്കാർ വിഹിതം, കാർഷിക ഇൻസെന്റീവ്, കർഷക ക്ഷേമ നിധി സ്റ്റാമ്പ്, സി.എസ്.ആർ ഫണ്ടുകൾ, സംസ്ഥാന- കേന്ദ്ര സർക്കാരുകളുടെ വിവിധ പദ്ധതികളിൽ നിന്ന് ലഭ്യമാക്കാവുന്ന ഗ്രാന്റുകൾ , കർഷക ലോട്ടറി, കാർഷികേതര ആവശ്യത്തിനായി മാറ്റുന്ന ഭൂമിക്കു മേൽ ഈടാക്കുന്ന പിഴത്തുകയുടെ നിശ്ചിത ശതമാനം, സർക്കാർ അനുമതിയോടു കൂടിയുള്ള സംഭാവനകൾ, നിലവിലെ കിസാൻ അഭിമാൻ പദ്ധതിയിൽ നിന്ന് ബോർഡിലേക്ക് കൈമാറ്റം ചെയ്യപ്പെടേണ്ട തുക തുടങ്ങിയവയിലൂടെ ബോർഡിന്റെ വരുമാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ നടത്തിവരുന്നു.
? ബോർഡ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ.
കർഷക ക്ഷേമനിധി ആരംഭിച്ചിട്ട് അഞ്ചു വർഷമായിട്ടും പദ്ധതികൾ അംഗീകരിച്ചു കിട്ടാത്തതിനാൽ ബോർഡിന്റെ പ്രവർത്തനങ്ങൾ ഇഴയുകയാണ്. ഇതു സംബന്ധിച്ച പ്രതികൂല പത്രവാർത്തകൾ കാരണം പദ്ധതിയിൽ ചേരുന്ന കർഷകരുടെ എണ്ണം കുറയുന്നു. കൂടാതെ പദ്ധതിക്ക് അംഗീകാരം ലഭിക്കാനുള്ള കാലതാമസം കാരണം വരുമാന മാർഗങ്ങൾ പ്രാവർത്തികമാക്കാൻ വ്യവസായം, രജിസ്ട്രേഷൻ, തദ്ദേശ സ്വയംഭരണം, ധനകാര്യം, റവന്യു ,കൃഷി, മൃഗ സംരക്ഷണം, ഫിഷറീസ് വകുപ്പുകളുടെ സഹകരണത്തോടെ ഉത്തരവുകൾ പുറപ്പെടുവിക്കാനും കഴിഞ്ഞിട്ടില്ല. ക്ഷേമ പദ്ധതിയുടെ പെൻഷൻ ആനുകൂല്യങ്ങൾ, മറ്റ് സഹായങ്ങൾ എന്നിവ സംബന്ധിച്ച് കർഷകർ ആവശ്യപ്പെടുന്ന വിവരങ്ങൾക്ക് കൃത്യമായ മറുപടി നൽകാനും സാധിക്കുന്നില്ല.
? പ്രശ്ന പരിഹാരത്തിന് എന്തൊക്കെ ചെയ്‌തു.
പദ്ധതി അംഗീകാരം സംബന്ധിച്ച് മുഖ്യമന്ത്രി തലത്തിൽ 2022 ഡിസംബറിൽ കൃഷി, ധനകാര്യ വകുപ്പു മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടന്നിരുന്നു. യോഗ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് മാറ്റം വരുത്തിയ പദ്ധതി രേഖ ക്യാബിനറ്റ് അംഗീകാരത്തിനു സമർപ്പിച്ചിട്ടുണ്ട്. ഇതിന് ധനകാര്യ വകുപ്പ് അംഗീകാരം നൽകിയാൽ ബോർഡ് പ്രവർത്തനം സാദ്ധ്യമാകും. ഇതുമായി ബന്ധപ്പെട്ട് ബോർഡ് അംഗങ്ങളും ചെയർമാനും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും നേരിൽക്കണ്ട് ചർച്ച നടത്തിയിട്ടുണ്ട് . അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |