കാസർകോട്: ആത്മാർത്ഥമായ ആഗ്രഹവും കഠിനാദ്ധ്വനവും ഉണ്ടെങ്കിൽ, അസാധ്യമായി ഒന്നുമില്ലായെന്നാണ് പുതുതായി ചുമതലയേറ്റ കാഞ്ഞങ്ങാട് സബ് കളക്ടർ ഡി.ആർ മേഘശ്രീ തന്റെ ജീവിതത്തിലൂടെ പറയുന്നത്. ഉയർന്ന ശമ്പളത്തിൽ സോഫ്റ്റ് വെയർ എൻജിനിയറായി സ്വകാര്യമേഖലയിൽ ജോലി ചെയ്യുകയായിരുന്ന ഇവർ, തന്റെ കർമ്മപഥം ഇതല്ലെന്ന്,തിരിച്ചറിഞ്ഞ് സിവിൽ സർവ്വീസിലേക്ക് തിരിയുകയായിരുന്നു. 'ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്ത്,കളക്ടറേറ്റിന് മുന്നിലൂടെയാണ് സ്‌കൂളിലേക്ക് പോയിരുന്നത്. ആ സമയത്താണ് ഞാൻ കാണുന്നത്, വിവിധ പരാതികൾ ബോധിപ്പിക്കാൻ കളക്ടറെ കാണാൻ കാത്തിരിക്കുന്ന ഒരുപാട് പേരെ. അന്നാണ് എനിക്ക് മനസ്സിലായത്, ഒരു പാട് ജിവിതങ്ങളെ സഹായിക്കാൻ കഴിയുന്ന ഒരു പദവിയാണ് കളക്ടറുടെതെന്ന്. അങ്ങനെ സമൂഹത്തിന് വേണ്ടി ക്രിയാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തിന്റെ വെളിച്ചത്തിലാണ് സിവിൽ സർവ്വീസ് മേഖലയിലേക്ക് ഇറങ്ങിത്തിരിച്ചതെന്ന്' കർണ്ണാടക ചിത്രദുർഗ്ഗ സ്വദേശിനിയായ സബ്കളക്ടർ പറയുന്നു.
അച്ഛൻ റോൾ മോഡൽ
എസ്.ബി.ഐയിൽ ചീഫ് മാനേജരായിരുന്ന അച്ഛൻ രുദ്രാമുനി തന്നെയാണ് എന്റെ റോൾ. അച്ഛൻ തന്റെ പദവിയിൽ ഇരുന്നുകൊണ്ട്, സാധാരണക്കാരെ എങ്ങനെ സഹായിക്കാമെന്നതിനാണ് പ്രാധാന്യം കൊടുത്തിരുന്നത്. കുടുംബ ജീവിതവും ജോലിയും വിജയകരമായി ബാലൻസ് ചെയ്തുപോയ അച്ഛന്റെ വൈദഗ്ധ്യം എന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയുണ്ട്.
രണ്ടാം ശ്രമത്തിൽ ഐ.എ.എസ്
ആദ്യശ്രമത്തിൽ സിവിൽ സർവ്വീസ് പ്രിലിമിനറി പോലും പാസാകാൻ കഴിഞ്ഞിരുന്നില്ല. പക്ഷേ തോൽക്കാൻ തയ്യാറായിരുന്നില്ല. രണ്ടാം ശ്രമത്തിൽ ഐ.എ.എസ് തന്നെ നേടി. ചിട്ടയായ പരിശീലനവും കൃത്യമായ സ്റ്റഡി പ്ലാനും തീവ്രമായി കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സുമുണ്ടെങ്കിൽ ആർക്കും നേടിയെടുക്കാവുന്നതാണ് സിവിൽ സർവ്വീസ്. രണ്ടര വയസുകാരി വിസ്മയയുടെയും ആറു മാസം മാത്രം പ്രായമുള്ള ദൃതിയുടെയും അമ്മ കൂടിയാണ് മേഘശ്രീ. ഭർത്താവ്: ഡോ വിക്രം സിൻഹ കർണ്ണാടകയിലെ കാർഷിക സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |