തിരുവനന്തപുരം: മുന്നണി മര്യാദയുടെ സ്പിരിറ്റ് ഉൾക്കൊള്ളാതെ വിശ്വാസവഞ്ചന കാട്ടി മുന്നോട്ട് നീങ്ങുന്ന കേരള കോൺഗ്രസ്-എം- ജോസ് കെ.മാണി വിഭാഗവുമായി ഇനി അനുരഞ്ജന ചർച്ച വേണ്ടെന്ന് യു.ഡി.എഫ് യോഗം തീരുമാനിച്ചു. അവർക്ക് താല്പര്യമുണ്ടെങ്കിൽ ആലോചിക്കാമെന്നതാണ് നിലപാട്. ജോസ് കെ.മാണിയുടെ വഴി യു.ഡി.എഫിന് പുറത്തേക്കെന്ന് ഇതോടെ വ്യക്തമായി.
യു.ഡി.എഫിൽ നിന്ന് അവരെ പുറത്താക്കിയിട്ടില്ലെന്നും, എന്നാൽ മുന്നണി യോഗങ്ങൾക്ക് ഇനി വിളിക്കേണ്ടെന്ന് തീരുമാനിച്ചതായും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജോസ് കെ.മാണിയും കൂട്ടരും യു.ഡി.എഫ് വിടുന്ന പക്ഷം യു.ഡി.എഫിന്റെ ചെലവിൽ നേടിയ രാജ്യസഭാ, ലോക് സഭാ എം.പി സ്ഥാനങ്ങളും നിയമസഭാംഗത്വങ്ങളും രാജിവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർ മുന്നണിയുടെ ഭാഗമായി തുടരാനാഗ്രഹിക്കുന്നെങ്കിൽ സംരക്ഷണം നൽകും.
കോൺഗ്രസിൽ തന്നെ വലിയ തർക്കങ്ങൾക്ക് വഴിയൊരുക്കിയാണ് രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകിയത്. ആ സ്ഥാനത്തിരുന്നാണ്, മുന്നണിയെ വിമർശിക്കുന്നത്. കെ.എം. മാണിയുടെ പാരമ്പര്യം ഉൾക്കൊണ്ട് പി.ജെ. ജോസഫും സി.എഫ്. തോമസും അടക്കമുള്ള മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ കേരള കോൺഗ്രസ് ഇപ്പോഴും യു.ഡി.എഫിന്റെ ഭാഗമായി തുടരുകയാണ്.
കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ല
യു.ഡി.എഫിന്റെ എക്കാലത്തെയും മഹാന്മാരായ നേതാക്കളിലൊരാളായിരുന്ന കെ.എം. മാണി. യു.ഡി.എഫിന്റെ ഭാഗമായി തുടരാനാണ് എന്നും ആഗ്രഹിച്ചതെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ വേർപാടിന് ശേഷം ആ പാർട്ടി തകർക്കപ്പെടരുതെന്നതിനാൽ അവരുടെ പ്രശ്നം പരിഹരിച്ചുപോകാനാണ് യു.ഡി.എഫ് ശ്രമിച്ചത്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യത്തെ എട്ട് മാസം ജോസ് വിഭാഗത്തിനും പിന്നത്തെ ആറുമാസം ജോസഫ് വിഭാത്തിനും നൽകണമെന്ന ധാരണ ലംഘിച്ചത് മുന്നണിനേതൃത്വത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതായി. മുന്നണി നേതൃയോഗത്തിൽ നിന്ന് മാറ്റിനിറുത്താൻ തീരുമാനിച്ചതും യു.ഡി.എഫിനെ വഞ്ചിക്കാൻ കിട്ടിയ അവസരമാക്കി.
നിയമസഭയിൽ അവിശ്വാസപ്രമേയ ചർച്ചയിൽ പങ്കെടുക്കാതെയും രാജ്യസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാതെയും യു.ഡി.എഫ് വിപ്പ് ലംഘിച്ചു. ഈ വിശ്വാസവഞ്ചന കെ.എം. മാണിയുടെ ആത്മാവ് പൊറുക്കില്ല. സർക്കാരിനെതിരെ ജനാധിപത്യ, മതേതര, ഈശ്വര വിശ്വാസികളാകെ ഒറ്റക്കെട്ടായി പ്രതിഷേധവുമായി അണിനിരക്കുമ്പോൾ, അതിനുള്ള അവസരം പാഴാക്കിക്കളയുന്നവരോട് ജനങ്ങൾക്കാകെ പ്രതിഷേധമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |