ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് തൊണ്ണൂറുകാരിയെ ക്രൂര ബലാത്സംഗത്തിനിരയാക്കിയെന്ന് റിപ്പോർട്ട്. ഡൽഹി നഫ്ർജംഗിലെ ചാവല മേഖലയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.
കേസിൽ ഡൽഹി രേവ്ലാ ഖാൻപൂർ സ്വദേശി സോനുവിനെ (37) കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മലേവാളാണ് ബലാത്സംഗ വാർത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ഏഴിന് വൈകിട്ട് അഞ്ച് മണിയോടെ വീടിന് മുന്നിൽ പാൽക്കാരനെ കാത്തുനിൽക്കുകയായിരുന്നു വൃദ്ധ. ഈ സമയം അടുത്തെത്തിയ സോനു പാൽക്കാരൻ വരില്ലെന്നും തൊട്ടടുത്ത മറ്റൊരു കടയിൽ പാൽ ഏൽപ്പിച്ച് പോയെന്നും വൃദ്ധയെ തെറ്റിദ്ധരിപ്പിച്ചു. ബൈക്കിൽ ലിഫ്റ്റ് തരാമെന്നും ഇയാൾ അറിയിച്ചു. ചെറുമകന്റെ പ്രായമുള്ള സോനുവിനെ വിശ്വസിച്ച് ബൈക്കിൽ കയറിയ വൃദ്ധയെ തട്ടിക്കൊണ്ടു പോയി ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് ക്രൂര പീഡനത്തിനിരയാക്കുകയായിരുന്നു.
'ഉപദ്രവിക്കരുതെന്ന്"നിലവിളിച്ച വൃദ്ധയെ പ്രതി പൊതിരെ തല്ലുകയും പലപ്രാവശ്യം പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. രാത്രിയിൽ നിലവിളികേട്ടെത്തിയ വഴിയാത്രക്കാരാണ് രക്തത്തിൽ കുളിച്ച് കിടന്ന വൃദ്ധയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. വൃദ്ധയ്‌ക്ക് ശരീരമാസകലം മുറിവേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മൃഗത്തിനോട് പോലും ചെയ്യാത്ത ക്രൂരതയാണ് വൃദ്ധയോട് പ്രതി കാണിച്ചിരിക്കുന്നത്. ആറ് മാസം പ്രായമുള്ള കുഞ്ഞുമുതൽ വൃദ്ധയ്ക്ക് വരെ പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ് ഡൽഹിയിൽ.
-സ്വാതി മലേവാൾ
ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |