ഇന്ന് ആത്മഹത്യാ പ്രതിരോധദിനം
കൊച്ചി: രൂക്ഷമാകുന്ന കൊവിഡ് വ്യാപനം അത്മഹത്യാ പ്രവണതയും വർദ്ധിപ്പിക്കുന്നു. തൊഴിൽ നഷ്ടവും സാമ്പത്തികകുരുക്കുകളുമാണ് ആത്മഹത്യാചിന്തക്ക് പിന്നിൽ. കൗൺസിലർമാരുടെ സമയോചിതമായ ഇടപെടൽ വഴി ആത്മഹത്യയെ അതിജീവിച്ചവർ നിരവധി. ആത്മഹത്യ ഒന്നിനും പരിഹാരമാകില്ലെന്ന ഓർമ്മപ്പെടുത്തലുമായി ഇന്ന് ആത്മഹത്യാ പ്രതിരോധദിനം. മാനസികാരോഗ്യപ്രശ്നങ്ങൾ, വിഷാദം, സമ്മർദ്ദം, ക്രൂരതയ്ക്കിരയാകൽ, ലഹരിയ്ക്കടിമയാകുന്നവർ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്ന് കൗൺസിലിംഗ് വിദഗ്ദ്ധർ പറയുന്നു. ആത്മഹത്യ ചെയ്യുന്നവരിൽ കുട്ടികളെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ല. കൊവിഡ് വ്യാപനത്തിന്റെ ആദ്യനാളുകളിൽ ആത്മഹത്യാ കേസുകൾ നിരവധി റിപ്പോർട്ട് ചെയ്തിരുന്നു. വ്യാപനം രൂക്ഷമാക്കുന്നതനുസരിച്ച് ആത്മഹത്യ കേസുകളും വർദ്ധിച്ചു വരുന്നുണ്ടെന്നാണ് ആത്മഹത്യാ പ്രതിരോധ കേന്ദ്രമായ മൈത്രിയുടെ റിപ്പോർട്ട്.
# കൊവിഡ് വില്ലനാകുന്നു
തൊഴിലില്ലായ്മയും സാമ്പത്തിക ബുദ്ധിമുട്ടും ആളുകളെ വലിയ മാനസിക പിരിമുറുക്കത്തിലേക്കാണ് എത്തിക്കുന്നത്. വീടുകളിൽ ജീവിതം ഒതുങ്ങുമ്പോൾ അതുണ്ടാക്കുന്ന വിഷാദവും ചില്ലറയല്ല. വിഷാദരോഗം മൂലം വൈദ്യസഹായം തേടുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. ഭൂരിഭാഗം പേരും അതിനു മുമ്പേ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കുന്നു. ഈ പ്രവണതയാണ് മാറേണ്ടത്. കൃത്യമായ മാർഗനിർദേശം നൽകിയില്ലെങ്കിൽ ആത്മഹത്യാനിരക്ക് വർദ്ധിക്കുമെന്നാണ് അധികൃതരുടെ നിഗമനം.
മൈത്രി സേവനം
ആത്മഹത്യാപ്രവണത തടയാനും മാനസികാരോഗ്യം വർദ്ധിപ്പിക്കാനും അവധിയില്ലാതെ എല്ലാ ദിവസവും പ്രവർത്തിപ്പിക്കുന്ന ആത്മഹത്യാ പ്രതിരോധ കേന്ദ്രമാണ് മൈത്രി.നിരവധി ആത്മഹത്യാ ശ്രമങ്ങൾ മൈത്രി പ്രവർത്തകരുടെ ഇടപെടൽ മൂലം ഒഴിവായിട്ടുണ്ട്. 25 വർഷമായി മൈത്രിയുടെ പ്രവർത്തനം തുടങ്ങിയിട്ട്. 8500 ഓളം പേർക്ക് മൈത്രിയുടെ സേവനം ലഭ്യമാക്കി. 'ആത്മഹത്യ തടയാവുന്നതാണ്' എന്ന സന്ദേശം പ്രചരിപ്പിക്കാനും പൊതുജനങ്ങളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനും മൈത്രി നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൗൺസലിംഗും മാനസികാരോഗ്യ പരിശീലനപരിപാടികളും നടത്താറുണ്ട്.കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള കൗൺസിലിംഗ് ഒഴിവാക്കി ഇ മെയിൽ വഴിയും ഫോൺ കോൾ വഴിയും സേവനം ലഭിക്കും. ഫോൺ: 0484-2540530
വിളികൾ പെരുകി
" ദിവസവും നിരവധി ഫോൾ കോളുകളാണ് വരുന്നത്. കൊവിഡ് കാലത്ത് എണ്ണം വർദ്ധിച്ചു. വരുന്ന കോളുകൾക്കെല്ലാം ശാശ്വതമായ പരിഹാരം നൽകാൻ സാധിക്കുന്നുണ്ട്."
തമ്പി മത്തായി
ഡയറക്ടർ, മൈത്രി
കൊവിഡ് കാലത്ത് ആത്മഹത്യ കേസുകൾ വർദ്ധിച്ചിട്ടുണ്ട്. സമൂഹത്തിൽ അടിച്ചേൽപ്പിക്കപ്പെട്ട ചിന്താഗതിയാണ് അതിന് കാരണം. പ്രതിരോധിക്കാൻ കഴിയില്ല എന്ന തോന്നലാണ് പലരെയും ആത്മഹത്യയിലേക്കെത്തിക്കുന്നത്. കൃത്യമായ ഗൈഡിംഗ് ആവശ്യമാണ്.
ഡോ. എൽസി ഉമ്മൻ
മനോരോഗ വിദഗ്ദ്ധ
മെഡിക്കൽ ട്രസ്റ്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |