കൊച്ചി: രാജ്യത്ത് ആത്മഹത്യചെയ്യുന്നവരിൽ ഏറെയും പുരുഷന്മാരാണെന്ന് ദേശീയ ക്രൈം റെക്കാഡ്സ് ബ്യൂറോയുടെ റിപ്പോർട്ട്. കേരളത്തിലെ സ്ഥിതിയും മറിച്ചല്ല. 2019ൽ രാജ്യത്ത് ആത്മഹത്യചെയ്ത 1,39,123 പേരിൽ 97,613 പേരും ആണുങ്ങളാണ് (70.2%). മുൻവർഷത്തെതേക്കാൾ 1.7 % വർദ്ധന. സ്ത്രീകളുടെ ആത്മഹത്യ 1.7 % കുറഞ്ഞു.
തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, ഒറ്റപ്പെടൽ, പരീക്ഷാതോൽവി തുടങ്ങി കാരണങ്ങൾ പലതുണ്ടെങ്കിലും കുടുംബപ്രശ്നങ്ങൾ തന്നെയാണ് പ്രധാന കാരണം. 32. 4% ആത്മഹത്യയും ദാമ്പത്യ പ്രശ്നങ്ങൾ കാരണമാണ്. രണ്ടാംസ്ഥാനത്ത് രോഗങ്ങളാണ് - 17.11%. ഉറ്റവരുടെ വേർപാട് - 0.09 %, ദാരിദ്ര്യം- 0.08%, സ്ത്രീധനം, മറ്റ് വൈവാഹികപ്രശ്നങ്ങൾ- 5.5 %, പ്രേമനൈരാശ്യം- 4.5% തുടങ്ങിയവയാണ് മറ്റു കാരണങ്ങൾ.
കർഷക ആത്മഹത്യയിലും പുരുഷന്മാരാണ് മുന്നിൽ. 2019 ൽ ജീവനൊടുക്കിയ 10,281 കർഷക, കർഷകത്തൊഴിലാളികളിൽ 9,312 പേരും പുരുഷന്മാരാണ്.
41,493 സ്ത്രീകളാണ് ഈ കാലത്ത് രാജ്യത്ത് ജീവനൊടുക്കിയത്. 17 ട്രാൻസ്ജെൻഡറുകളും ആത്മഹത്യ ചെയ്‌തു. ലക്ഷദ്വീപിൽ ഒരാൾപോലും ആത്മഹത്യ ചെയ്തിട്ടില്ല.
കേരളം ആറാമത്
മഹാരാഷ്ട്രയാണ് ആത്മഹത്യയിൽ മുന്നിൽ - 13.6%. തൊട്ടുപിന്നിൽ തമിഴ്നാട് -9.7, പശ്ചിമബംഗാൾ -9.1, മദ്ധ്യപ്രദേശ്- 9.0, കർണാടക - 8.1. കേരളം ആറാം സ്ഥാനത്ത് - 6.1%.
രാജ്യത്തെ ആത്മഹത്യാപ്പട്ടിക (പുരുഷൻ- സ്ത്രീ)
വിവാഹിതർ (66,815 - 25,941)
അവിവാഹിതർ (21,638 - 11,202)
ഭർത്താവ് / ഭാര്യ മരിച്ചവർ (1,378 - 1,094)
വിവാഹ മോചിതർ (595 - 402)
പിരിഞ്ഞുകഴിയുന്ന ദമ്പതികൾ (672 - 290)
മറ്റുകാരണങ്ങൾ (1,918 - 700)
അജ്ഞാത കാരണങ്ങൾ (4597 - 1864 )
കേരളത്തിൽ
2019 ൽ ആകെ ആത്മഹത്യ- 8556
പുരുഷൻ -6668
സ്ത്രീ -1888
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |