തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിന് കളം ഒരുക്കാൻ മുന്നണികൾ താഴേത്തട്ടിലേക്ക്. കൊവിഡ് പശ്ചാത്തലത്തിൽ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാൻ സാദ്ധ്യതയേറെയാണെങ്കിലും അണിയറയിൽ ഒരുക്കങ്ങൾ സജീവം. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികളെല്ലാം വാർഡ്തല പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്. അതോടൊപ്പെം നിലവിലെ ഭരണസമിതികൾക്കെതിരെയുള്ള പ്രതിഷേധങ്ങളും നടക്കുന്നു.
ഒക്ടോബർ അവസാന വാരമോ നവംബർ ആദ്യവാരമോ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുമെന്ന ധാരണയിലാണ് മുന്നണികളുടെ പ്രവർത്തനം. സ്ഥാനാർത്ഥി ചർച്ചകൾ ആരംഭിച്ചിട്ടില്ലെങ്കിലും മത്സരിക്കാൻ സാദ്ധ്യതയുള്ളവർ ഇതിനകം രംഗത്ത് സജീവമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ നേട്ടം ആവർത്തിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസം എൽ.ഡി.എഫ് പ്രകടമാക്കുമ്പോൾ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കൈവരിച്ച നേട്ടത്തിൽ കണ്ണുനട്ടാണ് യു.ഡി.എഫിന്റെയും എൻ.ഡി.എയുടെയും കാത്തിരിപ്പ്.
ജില്ലയിലെ മുഴുവൻ ലോക്‌സഭ സീറ്റുകളും നേടിയ യു.ഡി.എഫിന് ആ നേട്ടം ലഭിക്കുമെന്നാണ് യു.ഡി.എഫ് വൃത്തങ്ങൾ പറയുന്നത്. എൽ.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ച രണ്ട് പഞ്ചായത്തുകൾ യു.ഡി.എഫിന് അടിയറ വയ്ക്കേണ്ടി വന്നു. മുൻ തിരഞ്ഞെടുപ്പുകളെ പോലെ കാടിളക്കിയുള്ള പ്രചരണം കൊവിഡ് പശ്ചാത്തലത്തിൽ സാധിക്കില്ലായെന്നത് രാഷ്ട്രീയ പാർട്ടികളെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. അത് മറികടക്കാനുള്ള പ്രചരണ തന്ത്രം ആവിഷ്‌കരിക്കാനുള്ള തയ്യാറെടുപ്പും നടക്കുന്നു.
ജില്ലയിൽ കഴിഞ്ഞ തവണ എൽ.ഡി.എഫ് വ്യക്തമായ മേധാവിത്വം പുലർത്തിയിരുന്നു. കോർപറേഷൻ, ജില്ലാ പഞ്ചായത്ത് ഭരണത്തിനൊപ്പം ഭൂരിഭാഗം നഗരസഭകളും ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ഭരണങ്ങളും എൽ.ഡി.എഫിനൊപ്പമായിരുന്നു.
പേരുചേർക്കൽ തകൃതി
പുതിയ വോട്ടർമാരെ ചേർക്കൽ മൂന്നു മുന്നണികളും തകൃതിയായി നടത്തിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ പുതിയ വോട്ടർമാരെ നേരിട്ട് ഹാജരാക്കേണ്ടതില്ലായെന്നതിനാൽ നേതാക്കൾ തന്നെയാണ് രേഖകൾ ഹാജരാക്കുന്നത്. അതിനാൽ പുതിയ വോട്ടർമാരുടെ എണ്ണം ഇത്തവണ വർദ്ധിച്ചേക്കും. പലപ്പോഴും രജിസ്റ്റർ ചെയുമെങ്കിലും ഹിയറിംഗിന് ഹാജരാകുന്നത് കുറവാണ്.
കഴിഞ്ഞ വർഷത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ കണക്ക്
കോർപറേഷൻ - എൽ.ഡി.എഫ്
ജില്ലാ പഞ്ചായത്ത്- എൽ.ഡി.എഫ്
നഗരസഭ -7
എൽ.ഡി.എഫ്- 6
യു.ഡി.എഫ്- 1
ബ്ലോക്ക് പഞ്ചായത്ത്- 16
എൽ.ഡി.എഫ്- 13
യു.ഡി.എഫ്- 3
ഗ്രാമപഞ്ചായത്ത്- 86
എൽ.ഡി.എഫ് - 67
യു.ഡി.എഫ് - 18
ബി.ജെ.പി- 1
വികസന രേഖ ജനങ്ങളിലെത്തിക്കും
കഴിഞ്ഞ അഞ്ച് വർഷത്തെ എൽ.ഡി.എഫ് ഭരണ സമിതികളുടെ പ്രവർത്തനം മികച്ചതായിരുന്നു. പ്രവർത്തനങ്ങളുടെ വികസന രേഖ എല്ലാ വീടുകളിലും എത്തിക്കുന്ന പ്രവർത്തനം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നു വരികയാണ്. റേഷൻ വിതരണം, പെൻഷനുകൾ എന്നിവ കൃത്യമായി നൽകിവരുന്നത് ജനം വിലയിരുത്തും.
- എം.എം. വർഗീസ്, സി.പി.എം ജില്ലാ സെക്രട്ടറി
എല്ലായിടത്തും അഴിമതിയാണ് നടക്കുന്നത്. വിജയ സാദ്ധ്യത ഉള്ളവരെ മാത്രമാണ് സ്ഥാനാർത്ഥിയാക്കുകയുള്ളു. പദ്ധതികളെല്ലാം തന്നെ പ്രഖ്യാപനത്തിൽ ഒതുങ്ങി.
- എം.പി.വിൻസെന്റ്, ഡി.സി.സി പ്രസിഡന്റ്
കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി മികച്ച നേട്ടമാണ് കൈവരിച്ചത്. അത് ആവർത്തിക്കുകയും കൂടുതൽ വിജയങ്ങൾ നേടുന്നതിനുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നടത്തുന്നത്.എൻ.ഡി.എ മികച്ച വിജയം കരസ്ഥമാക്കും.
- അഡ്വ. കെ.കെ. അനീഷ് കുമാർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |