ആറന്മുള : സൂചികുത്താനിടമില്ലാത്ത അഷ്ടമിരോഹിണി നാളിലെ ആറന്മുള ഇന്നലെ വിജനമായിരുന്നു. വള്ളസദ്യയ്ക്കായി എത്തിയ ഒരു പള്ളിയോടത്തെ സ്വീകരിക്കാൻ ഏതാനും പേർ ഒത്തുകൂടിയപ്പോഴാണ് ക്ഷേത്ര പരിസരത്ത് ആളനക്കമായത്. പിന്നെ നിയന്ത്രണങ്ങളോടെ പരിമിതമായ ആളുകൾക്ക് മാത്രം പ്രവേശനം നൽകി, പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പള്ളിയോടക്കരക്കാർ വിഭവങ്ങൾ പാടിച്ചോദിച്ചു.
ഓണക്കാലത്ത് ആറന്മുളയിൽ സ്ഥിരമായി കേട്ടിരുന്ന വിഭവങ്ങളുടെ നീട്ടിയുള്ള പാട്ടുകൾ വീണ്ടും മുഴങ്ങി. 64 വിഭവങ്ങളുമായി ആചാരവും നാട്ടറിവുമെല്ലാം സമ്മേളിക്കുന്ന നാക്കിലയിൽ പേരിന് മാത്രമുള്ള വിഭവങ്ങൾ.
ഭദ്രദീപം തെളിച്ച് വിളക്കത്ത് വിളമ്പണമെന്ന് പാട്ടുകാരൻ പാടിയപ്പോൾ പള്ളിയോട സേവാസംഘം പ്രസിഡന്റ് ബി. കൃഷ്ണകുമാർ കൃഷ്ണവേണി, സെക്രട്ടറി പി.ആർ രാധാകൃഷ്ണൻ, ട്രഷറർ സഞ്ജീവ് കുമാർ, വൈസ് പ്രസിഡന്റ് സുരേഷ് ജി. വെൺപാല എന്നിവരുടെ നേതൃത്വത്തിൽ വിളമ്പാനാരംഭിച്ചു. ഭക്തിയോടെ പാടിച്ചോദിച്ച വിഭവങ്ങൾ എല്ലാം പകർന്ന് നൽകിയശേഷം പലരും വീട്ടിലേക്ക് മടങ്ങി.
കൊവിഡ് നിയന്ത്രണങ്ങൾ ലംഘിക്കാൻ കഴിയാത്തതിനാൽ എത്തിയവർക്കെല്ലാം വള്ളസദ്യയിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല. പാർത്ഥസാരഥി ക്ഷേത്ര പരിസരത്തോ ഊട്ടുപുരയിലോ വള്ളസദ്യനടത്താനാവില്ലെന്ന് ദേവസ്വം ബോർഡ്, ജില്ലാ കളക്ടറുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിൽ അറിയിച്ചിരുന്നു.
വീടുകൾ അമ്പാടിയായി
പത്തനംതിട്ട: ശ്രീകൃഷ്ണജയന്തി ഗോകുല ലീലകളോടെ വീടുകളിൽ ആഘോഷിച്ചു. കൃഷ്ണകുടീരമൊരുക്കിയും കൃഷ്ണനൂട്ടും ഉറിയടിയും കളികളുമായി കുട്ടികൾ ആഘോഷങ്ങളിൽ പങ്കാളികളായി. ജില്ലയിലെ ഇരുപതിനായിരം വീടുകളിൽ മുപ്പതിനായിരം കുട്ടികൾ കൃഷ്ണനും രാധയുമായി വേഷമിട്ടെന്ന് ബാലഗോകുലം ജില്ലാ പ്രസിഡന്റ് രവീന്ദ്രവർമ്മ അംബാനിലയം അറിയിച്ചു. 300 കേന്ദ്രങ്ങളിൽ ഗോപൂജയും ഗോപാലവന്ദനവും നടന്നു. ആയിരം വീടുകളിൽ തുളസി തൈ നട്ട് പ്രകൃതി വന്ദനം നടത്തി. വീടുകളിൽ വിഭവസമൃദ്ധമായി സദ്യകൾ നടത്തി. കൃഷ്ണ വേഷങ്ങളണിഞ്ഞ കുട്ടികൾക്ക് അമ്മമാർ കൃഷ്ണനൂട്ട് നടത്തി. തുടർന്ന് ഒാൺലൈനിൽ കലാപരിപാടികൾ അരങ്ങേറി. അലങ്കരിച്ച കൃഷ്ണകുടീരങ്ങളിൽ വൈകിട്ട് ദീപം തെളിയിച്ച് പ്രാർത്ഥനകൾ നടത്തി. വീടുകളിൽ ജൻമാഷ്ടമി ദീപക്കാഴ്ചയും പ്രസാദ വിതരണവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |