ആമസോണിന് $2,000 കോടിയുടെ ഓഹരികൾ റിലയൻസ് വിറ്റഴിച്ചേക്കുമെന്ന് സൂചന
മുംബയ്: ശതകോടീശ്വരൻ മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ഉപസ്ഥാപനമായ റിലയൻസ് റീട്ടെയിലിന്റെ 40 ശതമാനം ഓഹരികൾ പ്രമുഖ അമേരിക്കൻ ഇ-കൊമേഴ്‌സ് സ്ഥാപനമായ ആമസോൺ വാങ്ങിയേക്കും. 2,000 കോടി ഡോളറിന്റേതാകും (ഏകദേശം 1.46 ലക്ഷം കോടി രൂപ) ഇടപാട്. എന്നാൽ, ഇക്കാര്യത്തിൽ ഇരു സ്ഥാപനങ്ങളും അന്തിമതീരുമാനം എടുത്തിട്ടില്ല.
റിലയൻസ് റീട്ടെയിലിന്റെ 1.75 ശതമാനം ഓഹരികൾ കഴിഞ്ഞദിവസം അമേരിക്കൻ നിക്ഷേപക സ്ഥാപനമായ സിൽവർലേക്ക് 7,500 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ജിയോ മാതൃകയിൽ റിലയൻസ് റീട്ടെയിലിന്റെ ഓഹരികളും വിൽക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം.
ജിയോയിൽ നിക്ഷേപം നടത്തിയ സൗദിയിലെ പബ്ളിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (പി.ഐ.എഫ്), അബുദാബിയിലെ മുബദല, ആദിയ, എൽ കാട്ടർട്ടൺ, കെ.കെ.ആർ എന്നിവ റിലയൻസ് റീട്ടെയിലിലെ ഓഹരികളും വാങ്ങിയേക്കും. വാൾമാർട്ടുമായും ചർച്ചകൾ നടക്കുന്നുണ്ടെന്നാണ്സൂചന.
റിലയൻസിന്റെ മൂല്യം
₹15 ലക്ഷം കോടിയിലേക്ക്
കഴിഞ്ഞ ഫെബ്രുവരിയിൽ റിലയൻസ് ഇൻഡസ്‌ട്രീസ് ഓഹരിവില 800 രൂപയോളമായിരുന്നെങ്കിൽ ഇന്നലെ വ്യാപാരം നടന്നത് റെക്കാഡ് ഉയരമായ 2,343.90 രൂപയിലാണ്. ജിയോ, റിലയൻസ് റീട്ടെയിൽ എന്നിവയിലേക്കുള്ള നിക്ഷേപമൊഴുക്കാണ് കരുത്താകുന്നത്.
റിലയൻസിന്റെ ഓഹരിമൂല്യം ഇന്നലെ 19,285 കോടി ഡോളറിലെത്തി; അതായത് 14.14 ലക്ഷം കോടി രൂപ. ഭാഗികവില്പന നടത്തിയ ഓഹരികൾ കൂടി കണക്കാക്കിയാൽ മൊത്തം മൂല്യം 20,068 കോടി ഡോളറാണ്; 14.73 ലക്ഷം കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |