പേരൂർക്കട: അശ്ലീല സൈറ്റുകളിലേക്ക് സിനിമാ - സീരിയൽ താരങ്ങളുടെ വീഡിയോയും ഓഡിയോയും മോർഫ് ചെയ്‌ത ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവ് വട്ടിയൂർക്കാവ് പൊലീസിന്റെ പിടിയിലായി. നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനിൽ സൂരജ് ദിനേഷാണ് (25) ഇന്നലെ പിടിയിലായത്. തിരുവനന്തപുരത്തെ ഒരു പ്രമുഖ സീരിയൽ നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സിറ്റി സൈബർ സെല്ലും റൂറൽ സൈബർ സെല്ലും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് ഇയാൾ അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്:
തെന്നിന്ത്യൻ നടിമാരുടെയും അവതാരകരുടെയും ദൃശ്യങ്ങൾ ഇന്റർനെറ്റിൽ നിന്ന് തിരഞ്ഞെടുത്തശേഷം അശ്ലീല വീഡിയോയും ഫോട്ടോയും ഓഡിയോയും എഡിറ്റ് ചെയ്‌ത് ചേർക്കും. തുടർന്ന് ഈ നടിമാരുടെ ഫോൺ നമ്പരുകൾ സംഘിടിപ്പിച്ചും അവർക്ക് സന്ദേശങ്ങൾ അയച്ചും ഭീഷണിപ്പെടുത്തി പണം തട്ടുന്നതാണ് ഇയാളുടെ രീതി. ഇത്തരത്തിൽ ലക്ഷക്കണക്കിന് രൂപ ഇയാൾ കൈക്കലാക്കിയിട്ടുണ്ടെന്നാണ് സൂചന. 7-ാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള സൂരജ് ഇന്റർനെറ്റിലൂടെ ഇംഗ്ലീഷ് ഭാഷ നന്നായി കൈകാര്യം ചെയ്യാൻ പഠിച്ചിട്ടുണ്ട്. വീഡിയോ എഡിറ്റിംഗ് ചെയ്യുന്നതും സൂരജ് തന്നെയാണ്. നിരവധിപേർ അപമാനം ഭയന്ന് പണം നൽകിയിട്ടുണ്ട്. 35ഓളം സിനിമാ, സീരിയൽ താരങ്ങൾ പ്രതിയുടെ വലയിൽ കുരുങ്ങിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കന്റോൺമെന്റ് എ.സിയുടെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണ സംഘത്തിൽ വട്ടിയൂർക്കാവ് സി.ഐ എ.എസ്. ശാന്തകുമാർ, എ.എസ്.ഐ കെ. ശ്രീകുമാർ, എസ്.സി.പി.ഒ സന്ദീപ് ചന്ദ്രൻ, സി.പി.ഒ പി.എസ്. രവി എന്നിവർ ഉണ്ടായിരുന്നു. കൂടുതൽ കാര്യങ്ങൾക്കായി സൂരജിനെ ചോദ്യം ചെയ്യുന്നുണ്ട്. പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |