സദാചാരം,ചാരിത്ര്യം, പാതിവ്രത്യം എന്നിവ കലത്തിലിട്ട് പുഴുങ്ങി തിന്നാൽ വിശപ്പടങ്ങുമോ? ജീവിതം ആസ്വദിക്കാനുള്ളതാണ്. അത് പാഴാക്കരുത്. ശാരിയുടെ വാദഗതികൾ കേട്ട് ഉറ്രസുഹൃത്തായ രമണി അതിശയിച്ചു. ശാരിയുടെ പത്താംക്ലാസിൽ പഠിക്കുന്ന മകൾ ഈയിടെ വിഷമത്തോടെ പറഞ്ഞതൊക്കെ ശരിയാകണം. പഠിക്കാൻ സമർത്ഥയായിരുന്നു. അച്ഛൻ തികഞ്ഞ മദ്യപാനി. അതിനാൽ പഠനം പൂർത്തിയാകുംമുമ്പേ ഒത്തുവന്ന ഒരു വിവാഹാലോചന ഉറപ്പിച്ചു. പത്തുപതിനഞ്ചു വയസിന്റെ വ്യത്യാസം. പഠിക്കുമ്പോൾ പ്രസംഗമത്സരത്തിൽ സമ്മാനങ്ങൾ വാരിക്കൂട്ടിയ ശാരിജീവിതത്തിൽ എന്തേ ഇങ്ങനെയായി എന്നത് യാദൃച്ഛികമാകാം. അമ്മയുടെ താളം തെറ്രൽ പത്താംക്ലാസുകാരിയായ മകൾക്ക് മനസിലാകണമെങ്കിൽ എങ്ങനെ ഉപദേശിക്കും. കയർത്താലോ, പിണങ്ങിയാലോ എന്നൊക്കെ രമണി സംശയിച്ചു. പണ്ട് മത്സരങ്ങളിൽ കിട്ടുന്ന സമ്മാനം പുസ്തകമാണെങ്കിൽ ശാരി, രമണിക്ക് നൽകും. അങ്ങനെ കുറേ പുസ്തകങ്ങൾ അലമാരയിലുണ്ട്. ശാരിയുടെ മകൾ അപേക്ഷിച്ച സ്ഥിതിക്ക് ഒന്ന് ഉപദേശിക്കണം. ഇല്ലെങ്കിൽ നാണക്കേടോർത്ത് ആ കൗമാരക്കാരിതന്നെ എന്തെങ്കിലും കടുംകൈ ചെയ്താലോ? അലമാര തുറന്നപ്പോൾ രമണിയുടെ കൈയിൽ തടഞ്ഞത് പുരാണത്തിലെ സുകന്യയുടെ കഥയും ഒറ്റയിരുപ്പിന് അതു വായിച്ചു കഴിഞ്ഞപ്പോൾ ഉപദേശിക്കാനുള്ള രൂപരേഖ കിട്ടി.
ച്യവനമഹർഷി കാട്ടിൽ കൊടും തപസിൽ. കുറേക്കാലമായപ്പോൾ മൺപുറ്റുകൊണ്ട് മൂടപ്പെട്ടു. ശര്യാതിയുടെ മകളായ സുകന്യ കാട്ടിൽ സുഖവാസത്തിന് വന്നവേള. തോഴിമാർക്കൊപ്പം നടക്കുമ്പോൾ ഒരു മൺപുറ്റ്. അനക്കമില്ല. ഒരു കമ്പെടുത്ത് പുറ്റിൽ കുത്തി. കൊണ്ടത് ച്യവനമഹർഷിയുടെ കണ്ണിലും. കാഴ്ച നഷ്ടപ്പെട്ട് ച്യവനമഹർഷി അന്ധനായി. സുകന്യ അച്ഛനോട് കുറ്റസമ്മതം നടത്തി. എന്തുപ്രായശ്ചിത്തം ചെയ്യണമെന്ന് ശര്യാതി മഹർഷിയോട് ചോദിച്ചു. ഇരുട്ടിലായ ജീവിതം തുടരാൻ സുകന്യ ഭാര്യയാകട്ടെ. ശര്യാതിക്ക് അതിഷ്ടമായില്ല. തന്റെ കുറ്റബോധം മറക്കാൻ സുകന്യ വിവാഹത്തിന് സമ്മതിച്ചു.
ഒരിക്കൽ അശ്വനീദേവകൾ കാട്ടിൽ മഹർഷിയെ പരിചരിക്കുന്ന സുകന്യയെകണ്ടു. അന്ധനെപരിചരിച്ച് യൗവനം പാഴാക്കരുത്. ഞങ്ങളിലൊരാളെ വരിച്ചാൽ രാജകീയമായി ജീവിക്കാം. അശ്വനീദേവകൾ പ്രലോഭനങ്ങൾ ചൊരിഞ്ഞു. പക്ഷേ, സുകന്യ വഴങ്ങിയില്ല. ഞാൻ തൃപ്തയാണ്. പുറമേ കാണുന്ന വസ്തുക്കളിലല്ല, ഐശ്വര്യവും ശാന്തിയും. സംതൃപ്തിയോടെ ചെയ്യുന്ന കർമ്മത്തിലാണ്. സുകന്യ കോപത്തോടെ പറഞ്ഞു. ഞങ്ങൾ പറയുന്നതുകേട്ടാൽ ഭർത്താവിന്റെ അന്ധത മാറ്റിത്തരാം. പക്ഷേ ഒരു വ്യവസ്ഥ. അപ്പോൾ മഹർഷി ഞങ്ങളെപ്പോലെയാരിക്കും. നിന്റെ പരിശുദ്ധിയിൽ അത്ര വിശ്വാസമുണ്ടെങ്കിൽ കണ്ടുപിടിക്കാൻ ശ്രമിക്കുക. സുകന്യനിസഹായയായി ഭർത്താവിനോട് കാര്യം പറഞ്ഞു. നിനക്ക് അത്ര ആത്മവിശ്വാസമുണ്ടെങ്കിൽ അവർ പറഞ്ഞത് കേൾക്കുക ച്യവനമഹർഷി മറുപടി പറഞ്ഞു.
സുകന്യ ചിന്താകുഴപ്പത്തിലായി. എങ്കിലും സ്വന്തം പാതിവ്രത്യത്തിൽ ഉറച്ചവിശ്വാസമായിരുന്നു. സുകന്യ നോക്കിനിൽക്കെ അശ്വനീദേവന്മാരായ രണ്ടുപേരും നദിയിലിറങ്ങി. അവർ മഹർഷിയെ മദ്ധ്യത്തിലാക്കി മുങ്ങി നിവർന്നപ്പോൾ മൂന്നുപേരും ഒരുപോലെ. സുകന്യ, ദേവിയെ പ്രാർത്ഥിച്ചു. പിന്നെ ആത്മവിശ്വാസത്തോടെ മൂവരിൽ ഒരാളെ തൊട്ടു.അത് യഥാർത്ഥ ച്യവനമഹർഷി. അന്ധത മാറി അദ്ദേഹം സുകന്യയുടെ സ്നേഹസൗന്ദര്യവും പരിശുദ്ധിയുടെ ലാവണ്യവും നോക്കിനിന്നു. അവർക്ക് ദീർഘദാമ്പത്യം നേർന്ന് അശ്വനീദേവകൾ മടങ്ങുകയും ചെയ്തു. പതിവ്രതയായ സ്ത്രീമരണശേഷവും ജീവിക്കുന്നു. തലമുറകളിലേക്ക് ആ സല്പേര് പരക്കുന്നു. മറിച്ച് എത്ര കോടികൾ വാരിക്കൂട്ടിയാലും ദുഷ്പ്പേരിന്റെ ദുർഗന്ധം തലമുറകൾ കഴിഞ്ഞാലും മാറില്ല. പണ്ട് പ്രസംഗമത്സരത്തിന് കിട്ടിയ സുകന്യയുടെ കഥാപുസ്തകവുമായി രമണി ശാരിയുടെ വീട്ടിലേക്ക് തിരിച്ചു. ശുഭപ്രതീക്ഷയോടെ.
(ഫോൺ : 9946108220)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |