മലയാള ചലച്ചിത്രഗാനങ്ങൾക്ക് സുവർണ ഗാനങ്ങൾ സമ്മാനിച്ച എം.ബി.എസിന്റെ 95-ാം പിറന്നാളാണ് സെപ്തംബർ 19, അദ്ദേഹത്തിന്റെ മധുരഗാനങ്ങളിലൂടെ ഒരുയാത്ര...
മലയാള സിനിമാഗാനങ്ങളുടെ സുവർണകാലഘട്ടം അറുപതുകളിൽ തുടങ്ങുന്നു. 60 - 70 - 80 കാലയളവിൽ ദക്ഷിണേന്ത്യയിലെമറ്റേതൊരുഭാഷാചിത്രങ്ങളോടും കിടപിടിക്കുന്ന മികച്ച സിനിമാഗാനങ്ങൾ ഗാനശാഖയിൽ സുഗന്ധം പരത്തിയിരുന്നു. സംഗീത സംവിധായകരായ ദക്ഷണമൂർത്തി, ദേവരാജൻ, ബാബുരാജ്, കെ.രാഘവൻ, എം.കെ. അർജുനൻ തുടങ്ങിയവരാണ് പുതിയ ഭാവുകത്വം സമ്മാനിച്ചത്. ഇവരോടൊപ്പം ഗാനശാഖയ്ക്ക് പുതിയ ദിശാബോധം നൽകിയ സംഗീതസംവിധായകനാണ് എം.ബി. ശ്രീനിവാസൻ. 1962 ൽ 'കാൽപ്പാടുകൾ" എന്ന ചിത്രത്തിലൂടെയാണ് ഒരു സംഗീത സംവിധായകനായി അദ്ദേഹം ഇൗ രംഗത്തേക്ക് കടന്നുവന്നത്. തുടർന്ന് ഇരുപതോളം ചിത്രങ്ങളിലൂടെ നൂറിൽപ്പരം നിത്യഹരിതഗാനങ്ങൾ അദ്ദേഹം സൃഷ്ടിച്ചു. അമ്പതിലേറെയും ഹിറ്റുകൾ. എന്നാൽ അദ്ദേഹം ഗാനശാഖയ്ക്ക് നൽകിയ സംഭാവനകൾ അതർഹിക്കുന്ന വിധത്തിൽ വിലയിരുത്തപ്പെടാതെ പോയി. അതെ, പുതുതലമുറയിലെ ശ്രോതാക്കൾപോലും അദ്ദേഹത്തിന്റെ ഗാനങ്ങളെ നെഞ്ചേറ്റുന്നു.
സാക്ഷ്യപത്രങ്ങളായി ആ വാടാമലരുകൾ: -
താമരതുമ്പി വാവാ.... (പുതിയ ആകാശം പുതിയ ഭൂമി)
ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ .... (കടൽ)
പാതിരാചന്ദ്രന് കൺതുറക്കാൻ...
(അൾത്താര)
വിശ്വമഹാക്ഷേത്രസന്നിധിയിൽ...
(ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച)
ഒരുവട്ടം കൂടിയെൻ ഓർമ്മകൾ... (ചില്ല്)
എന്റെ കടിഞ്ഞൂർ പ്രണയകഥ.....
(ഉൾക്കടൽ)
ശരദിന്ദു മലർദീപം...
(ഉൾക്കടൽ)
ചെമ്പക പുഷ്പസുവാസിതയാമം ...
(യവനിക)
ഭരതമുനിയൊരു കളം വരച്ചു...
(യവനിക)
കൗമാരസ്വപ്നങ്ങൾ....
(ആരതി) അങ്ങനെ എത്രയെത്ര നിത്യഹരിതങ്ങൾ, ഒപ്പം ഹിറ്റുകളും. 1925 സെപ്തംബർ 19 ന് ആന്ധ്രയിലെ ചിറ്റൂരിൽ ജനനം. മാതാപിതാക്കൾ അദ്ദേഹത്തിന് ചെറുപ്പത്തിലേ സംഗീതം അഭ്യസിക്കാനുള്ള അവസരം നൽകി. ബിരുദ പഠനം മദ്രാസ് പ്രസിഡൻസി കോളേജിൽ. മദ്രാസിലെ വളക്കൂറുള്ള മണ്ണിൽ സംഗീതാഭ്യാസവും നല്ലതുപോലെ തളിരിട്ടു. യേശുദാസ് ഒരു പിന്നണിഗായകനായി അരങ്ങേറ്റം കുറിച്ചത് 'കാൽപ്പാടുകൾ" എന്ന ചിത്രത്തിലൂടെയാണ്. ശ്രീനാരായണഗുരു രചിച്ച ജാതിഭേദം മതദ്വേഷം എന്നുതുടങ്ങുന്ന ഒരു ശ്ളോകം പാടികൊണ്ടാണ് അദ്ദേഹം കാലെടുത്തുവച്ചത്. ഇൗ ചിത്രത്തിന് ഇൗണം പകർന്നത് എം.ബി. ശ്രീനിവാസനായിരുന്നു. ഗുരുവിന് പ്രണാമം അർപ്പിച്ചുകൊണ്ട് കെ.പി. ഉദയഭാനുവും കമലാ കൈലാസും സംഘവും ചേർന്ന് പാടിയ ഗാനമാകട്ടെ ഗുരുവിനെക്കുറിച്ച് രചിച്ച ഏറ്റവും മികച്ച ഗാനങ്ങളിൽ ഉൾപ്പെടുന്നു.
എഴുപതുകളിൽ തന്നെ യേശുദാസിന്റെ ആലാപന പാടവത്തെ അതിന്റെ എല്ലാ വൈവിദ്ധ്യത്തോടെയും, ആഴത്തിൽ ഖനനം ചെയ്തെടുക്കുവാൻ എം.ബി.എസിന് കഴിഞ്ഞിരുന്നു. അതിന്റെ സാക്ഷ്യപത്രങ്ങളാണ് മൗനങ്ങൾ പാടുകയായിരുന്നു (പ്രയാണം) നളന്ദ, തക്ഷശില... (വിദ്യാർത്ഥികളെ ഇതിലേ), കാട്ടുപൂവിൻ കല്യാണത്തിന് (പുത്രി) തുടങ്ങിയ പാട്ടുകൾ. ആദ്യകാലത്തുതന്നെ യേശുദാസിന്റെയും ജാനകിയുടെയും അസാധാരണമായ റേഞ്ചും ശബ്ദനിയന്ത്രണപാടവും അതിന്റെ എല്ലാ ഭാവതീവ്രതയോടും കൂടി ഇൗ സംഗീത സംവിധായകൻ ഖനനം ചെയ്തെടുത്തു. ഞാനൊരു വീണാധാരി (ശിവതാണ്ഡവം), വിവാഹനാളിൽ... (ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച), വരും ഒരുനാൾ സുഖം... (അൾത്താര), ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (കടൽ) തുടങ്ങിയ അനശ്വര ഗാനങ്ങൾ സാക്ഷ്യപത്രങ്ങൾ. ഇക്കാര്യത്തിൽ 60 കളിലെ പ്രമുഖ സംഗീത സംവിധായകരായ ദക്ഷിണമൂർത്തി, ബാബുരാജ്, കെ. രാഘവൻ തുടങ്ങിയവരോടൊപ്പം എം.ബി. ശ്രീനിവാസനും ഒരു പ്രമുഖ സ്ഥാനമുണ്ട്. മലയാള സിനിമയിൽ മുഴങ്ങിക്കേട്ട പ്രണയഗാനങ്ങളിൽ അനശ്വരതയെ പുൽകിയ ഗാനങ്ങളാണ് ചന്ദ്രന്റെ പ്രഭയിൽ (സ്നേഹദീപം), പാതിരപൂവന്നു കൺ തുറക്കാറായ് (അൾത്താര), താമരതുമ്പിവാവാ (പുതിയ ആകാശം പുതിയ ഭൂമി), എന്റെ കടിഞ്ഞൂൽ പ്രണയകഥയിലെ (ഉൾക്കടൽ), ഒരുവട്ടം കൂടിയെൻ (ചില്ല്), ശരദിന്ദു മലർദീപം (ഉൾക്കടൽ), ചെമ്പക പുഷ്പസുവാസിതയാമം (യവനിക), വിശ്വമഹാക്ഷേത്രസന്നിധിയിൽ (ഇടവഴിയിലെ പൂച്ച മുണ്ടാപൂച്ച)... തുടങ്ങിയവ. ജാനകി ആലപിച്ച കൗമാരസ്വപ്നങ്ങൾ (ആരതി), വരും ഒരു നാൾ സുഖം (അൾത്താര), നിറങ്ങൾ തൻ.... തുടങ്ങിയ ഗാനങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക പ്രപഞ്ചത്തെ വാക്കുകളിൽ തളച്ചിടാനാവില്ല. ശ്രോതാക്കളുടെ ആത്മാവിൽ പ്രകമ്പനം സൃഷ്ടിക്കുന്ന ഇൗണങ്ങളാണ് എം.ബി.എസ് അവയ്ക്ക് പകർന്നത്. ജാനകി പാടിയ ഏറ്റുമാനൂർ അമ്പലത്തിൽ... (ഓപ്പോൾ) എന്ന ഗാനത്തിന് ദേശീയപുരസ്കാരവും ലഭിച്ചു.
സംഘഗാനങ്ങൾക്ക് ഇൗണം പകരുമ്പോൾ അസാധാരണമായ സംഗീതബോധം അദ്ദേഹം പ്രകടിപ്പിക്കുന്നു. അറുപതുകളിൽ അദ്ദേഹം ഇൗ പകർന്ന പുതിയ ആകാശം പുതിയ ഭൂമി, സ്നേഹദീപം തുടങ്ങിയ ചിത്രങ്ങളിലെ ഗാനങ്ങൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നു. ഗുരുവിന് പ്രണാമം അർപ്പിച്ചുകൊണ്ടുള്ള കരുണാസാഗരമേ (കാൽപ്പാടുകൾ) എന്ന ഗാനം ആ സർഗാത്മകതയുടെ മറ്റൊരു തലം സാക്ഷ്യപ്പെടുത്തുന്നു. ഒപ്പം യവനികയിലെ ഭരതമുനിയൊരു .... എന്ന സംഘഗാനവും. ഇതാകട്ടേ ഒരു ക്ളാസിക്കും! ഒരു ജനതയുടെ ഹൃദയസ്പന്ദനങ്ങളും നാടകവും ഇൗണങ്ങളും ഫോക് ശൈലിയിൽ അവയുടെ വൈകാരിക അനുഭൂതി ചോർന്നുപോകാതെ അദ്ദേഹം സംഘഗാനങ്ങളിൽ തളച്ചിടുന്നു. ഏലേലം... (കടൽ), തക്കിനം താരോ (പുതിയ ആകാശം പുതിയ ഭൂമി) തുടങ്ങിയ ഗാനങ്ങൾ സാക്ഷ്യപത്രങ്ങൾ. സഞ്ചിത സംസ്കാരത്തിന്റെ അക്ഷയ ഖനിയായിരുന്നു ആ പ്രതിഭ. എം.ബി.എസ്. സൃഷ്ടിച്ച സെമിക്ളാസിക്കൽ ഗാനങ്ങളാകട്ടെ ദക്ഷിണമൂർത്തി, ദേവരാജൻ, അർജുനൻ തുടങ്ങിയവർ സൃഷ്ടിച്ച ഗാനങ്ങളോടൊപ്പം നിലവാരം പുലർത്തുന്നു. ചൈത്രം ചായം ചാലിച്ചു (ചില്ല്), എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ (ഉൾക്കടൽ), നളന്ദതക്ഷശില.... (വിദ്യാർത്ഥികളിലെ ഇതിലേ) തുടങ്ങിയവ. സ്വയംവരം, കൊടിയേറ്റം, മതിലുകൾ തുടങ്ങിയ ആർട്ട് ചിത്രങ്ങൾക്ക് പശ്ചാത്തല സംഗീതം നൽകിയതും എം.ബി.എസ്. ആണ്. കഥാപാത്രങ്ങൾ സൃഷ്ടിക്കുന്ന വൈകാരിക മുഹൂർത്തങ്ങൾക്ക് കൂടുതൽ ആഴം നൽകാൻ, പുതിയ മാനം നൽകാനുമൊക്കെ ആ പശ്ചാത്തല സംഗീതം ഉപകരിക്കും. 1988 ൽ ആ അനശ്വര പ്രതിഭ വിട പറഞ്ഞു. എങ്കിലും അദ്ദേഹം സൃഷ്ടിച്ച ഗാനങ്ങൾ അനശ്വരതയെ പുൽകുന്നു.
(ലേഖകന്റെ
ഫോൺ: 9387215244)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |