തിരുവനന്തപുരം: പത്ത് പുതിയ ജനറൽസെക്രട്ടറിമാരെ ഉൾപ്പെടുത്താനും തൊണ്ണൂറോളം സെക്രട്ടറിമാരെ നിയമിക്കാനും നിർദേശിക്കുന്ന കരട് പട്ടിക കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന്റെ പരിഗണനയ്ക്കയച്ചു. 61 അംഗ എക്സിക്യൂട്ടീവിനെയും നിർദ്ദേശിച്ചിട്ടുണ്ട്. മുൻ എം.എൽ.എമാരായ പി.എ. മാധവൻ, ബി. ബാബുപ്രസാദ്, വി.ജെ. പൗലോസ്, മുൻ കെ.ടി.ഡി.സി ചെയർമാൻ വിജയൻ തോമസ്, മുൻമന്ത്രി പി.കെ. ജയലക്ഷ്മി, ദീപ്തി മേരി വർഗീസ്, മുഹമ്മദ് കുഞ്ഞി, മാർട്ടിൻ ആന്റണി, സോണി, പി.എസ്. ജോയ് എന്നിവരെയാണ് ജനറൽസെക്രട്ടറിമാരായി നിർദ്ദേശിച്ചിരിക്കുന്നത്. കണ്ണൂരിലെ കെ. സുരേന്ദ്രൻ അന്തരിച്ച ഒഴിവിലേക്ക് പകരക്കാരനായാണ് മാർട്ടിനെ പരിഗണിച്ചത്.
നേരത്തേ 87 സെക്രട്ടറിമാരുടെ പാനൽ സമർപ്പിച്ചിരുന്നെങ്കിലും പരാതികൾ ഉയർന്നതോടെ മരവിപ്പിച്ചു. യൂത്ത് കോൺഗ്രസ് മുൻ ഭാരവാഹികളിൽ പലരും ലിസ്റ്റിലുണ്ടെന്നാണ് നേതൃത്വം പറയുന്നത്.
സെക്രട്ടറിമാർ എക്സിക്യൂട്ടീവിൽ അംഗങ്ങളായിരിക്കില്ല. ജനറൽ സെക്രട്ടറിമാർ മുതൽ മുകളിലോട്ടുള്ള ഭാരവാഹികളും എക്സിക്യൂട്ടീവിന്റെ ഭാഗമാകും.
കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കൂടിയാലോചിച്ചാണ് അന്തിമധാരണയിലെത്തിയത്. മുകുൾ വാസ്നികിന് പകരം താരിഖ് അൻവറാണ് കേരളത്തിന്റെ ചുമതലയുള്ള ജനറൽസെക്രട്ടറി. എ.ഐ.സി.സി അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നലെ പുലർച്ചെ ചികിത്സാർത്ഥം വിദേശത്തേക്ക് പോയി. കേരളത്തിന്റെ പട്ടിക അവർ കണ്ടതായാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |