ന്യൂഡൽഹി: അടിമുടി മാറ്റം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തെഴുതിയവരിൽ പ്രമുഖനായ ഗുലാം നബി ആസാദിനെ ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് നീക്കിയും ഹൈക്കമാൻഡിന്റെ വിശ്വസ്‌തരെ, പ്രത്യേകിച്ച് രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായികളെ ഉൾക്കൊള്ളിച്ചുമാണ് വെള്ളിയാഴ്ച കോൺഗ്രസ് പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചത്. പാർട്ടിയുടെ ഉന്നതാധികാര സമിതിയായ പ്രവർത്തക സമിതിയിൽ നോമിനേറ്റ് ചെയ്യുന്ന പതിവ് നിറുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടില്ല.
പ്രവർത്തക സമിതിയിലെ 22 അംഗ സ്ഥിരാംഗമായി നിലനിറുത്തിയെങ്കിലും ജനറൽ സെക്രട്ടറി പദത്തിൽ നിന്ന് ഗുലാം നബി ആസാദിനെ നീക്കം ചെയ്‌ത് വിമർശകർക്കുള്ള താക്കീതാണ്.
ഹൈക്കമാൻഡിന്റെ വിശ്വസ്‌തരായ മോത്തിലാൽ വോറ, അംബികാ സോണി, കഴിഞ്ഞ ലോക്‌സഭയിലെ നേതാവായിരുന്ന മല്ലികാർജ്ജുന ഖാർഗെ എന്നിവർക്കും ജനറൽ സെക്രട്ടറി പദം നഷ്‌ടമായി. രാജ്യസഭാ പ്രതിപക്ഷ നേതാവായ ഗുലാം നബി ആസാദിനോടുള്ള നിലപാടുകൾ നാളെ തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തോടെ കൂടുതൽ വ്യക്തമാകും.
നേതൃത്വത്തിന്റെ വിശ്വസ്‌തനും മോദി സർക്കാരിനെ സ്ഥിരം ആക്രമിക്കുന്ന നേതാവുമായ പി. ചിദംബരം, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ജിതേന്ദ്രസിംഗ എന്നിവർ പ്രവർത്തക സമിതിയിൽ സ്ഥിരാംഗങ്ങളായി. കെ.സി. വേണുഗോപാലിനൊപ്പം രാഹുൽ ഗാന്ധിയുടെ വിശ്വസ്‌തനായി പാർട്ടിയിൽ സ്ഥാനമുറപ്പിച്ച ഹരിയാനയിൽ നിന്നുള്ള നേതാവ് രൺദീപ് സുർജെവാലെയാണ് അഴിച്ചുപണിയിൽ വലിയ നേട്ടമുണ്ടാക്കിയത്. അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സഹായിക്കാൻ രൂപീകരിച്ച സമിതിയിലുമുണ്ട് അദ്ദേഹം. എ.കെ.ആന്റണി, കെ.സി. വേണുഗോപാൽ, അഹമ്മദ് പട്ടേൽ, അംബികാ സോണി, മുകുൾ വാസ്‌നിക് എന്നിവരാണ് മറ്റ് അംഗങ്ങൾ.
യൂത്ത്കോൺഗ്രസിലൂടെ ഉയർന്നു വന്ന സുർജെവാല ഹരിയാനയിൽ 2005ൽ ഭൂപേന്ദർ സിംഗ് ഹൂഡ മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായിരുന്നു. അടുത്ത കാലത്ത് പ്രധാനപ്പെട്ട വിഷയങ്ങളിൽ കോൺഗ്രസിന്റെ നിലപാടുകൾ പറയുന്ന വക്താവായി ശ്രദ്ധിക്കപ്പെട്ടു.
കേരളത്തിന്റെ ചുമതല വഹിച്ചിരുന്ന മുകുൾ വാസ്‌നിക്കിന് അഴിച്ചുപണിയിൽ മദ്ധ്യപ്രദേശാണ് നൽകിയത്. പകരം താരിഖ് അൻവറിന് കേരളത്തിന്റെയും ലക്ഷദ്വീപിന്റെയും ചുമതല നൽകി.
മധുസൂതനൻ മിസ‌്‌ട്രി അദ്ധ്യക്ഷനും രാജേഷ് മിശ്ര, കൃഷ്‌ണ ബയിരെ ഗൗഡ, ജോതിമണി, അരവിന്ദർ സിംഗ് ലവ്‌ലി എന്നിവർ അംഗങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടിയും പുനഃസംഘടിപ്പിച്ചു.
പ്രവർത്തക സമിതിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത് എ.കെ.ആന്റണി, കെ.സി. വേണുഗോപാൽ, ഉമ്മൻചാണ്ടി എന്നിവരാണ്. കെ.സി. വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും ഉമ്മൻചാണ്ടി ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായും തുടരും. ഡൽഹിയുടെ ചുമതലയുണ്ടായിരുന്ന പി.സി. ചാക്കോ മുമ്പ് പ്രവർത്തക സമിതിയിൽ ക്ഷണിതാവായിരുന്നു. ഇപ്പോൾ ശക്തിസിംഗ് ഗോഹിലിനാണ് ഡൽഹിയുടെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |